തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടത്തിന് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തയ്യാറായിക്കഴിഞ്ഞു. ശനിയാഴ്ച രാത്രി ഏഴു മണി മുതലാണ് കിവികളെ കൂട്ടിലാക്കാന്‍ സൂര്യകുമാര്‍ യാദവും സംഘവും കേരളാ മണ്ണില്‍ ഇറങ്ങുക.
ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തേക്കാള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് തങ്ങളുടെ പ്രിയതാരം സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനമാണ്. വലിയൊരു ഇന്നിങ്‌സുമായി കഴിഞ്ഞ നാലു കളിയിലെയും ഫ്‌ളോപ്പ് ഷോയ്ക്ക് അദ്ദേഹം പ്രായശ്ചിത്തം ചെയ്യുമെന്നും എല്ലാവരും ഉറച്ചു വിശ്വസിക്കുന്നു.

പരമ്പര ഇതിനകം സ്വന്തമാക്കിയതിനാല്‍ ഈ മല്‍സരം ഇന്ത്യയെ സംബന്ധിച്ച് അത്ര പ്രധാനമല്ലെങ്കിലും സഞ്ജുവിന് ഇതു ഡു ഓര്‍ ഡൈ പോരാട്ടമാണ്. കാരണം അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഇലവനില്‍ അദ്ദേഹത്തിനു ഇടമുണ്ടാവുമോയെന്ന തീരുമാനിക്കുക ഈ കളിയിലെ സ്‌കോറായിരിക്കും. അതിനായി 75-100 റണ്‍സെങ്കിലും സഞ്ജു നേടുകയും വേണം.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാട്ടുകാര്‍ക്കു മുന്നില്‍ സഞ്ജു ബാറ്റിങില്‍ മിന്നിക്കുമോ? അല്ലെങ്കില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ബാറ്റിങില്‍ നിരാശപ്പെടുത്തുമോ? ഈ മല്‍സര്ത്തില്‍ അദ്ദേഹം എത്ര റണ്ണായിരിക്കും നേടുകയെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ചറിയാം.
പരമ്പരയിലെ പ്രകടനം
ന്യൂസിലാന്‍ഡുമായായുള്ള ഈ ടി20 പരമ്പരയില്‍ ഓപ്പണിങ് റോളിലേക്കു തിരിച്ചെത്തിയ ശേഷം സഞ്ജു സാംസണിന്റെ പ്രകടനം ഒട്ടും ആശാവഹമല്ല. ബാറ്റിങില്‍ അദ്ദേഹത്തിന്റെ ഫ്‌ളോപ്പ് ഷോ തുടര്‍ക്കാഴ്ചയാവുകയാണ്. നാലിന്നിങ്‌സുകളില്‍ നിന്നും 10 എന്ന ദയനീയ ശരാശരിയില്‍ 142.85 സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജുവിനു നേടാനായത് വെറും 40 റണ്‍സ് മാത്രം.
25 റണ്‍സ് പോലും അദ്ദേഹം ഒരു കളിയിലും നേടിയിട്ടില്ലെന്നതാണ് നിരാശാജനമായ കാര്യം. നാലാം ടി20യില്‍ നേടിയ 24 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അതിനു മുമ്പുള്ള മല്‍രങ്ങളിലെ സ്‌കോറുകള്‍ 10, 6, 0 എന്നിങ്ങനെയാണ്. ബാറ്റിങിനായി ക്രീസിലെത്തിയാല്‍ വലിയ ആശയക്കുഴപ്പത്തിലും സമ്മര്‍ദ്ദത്തിലുമാണ് സഞ്ജു കാണപ്പെടുന്നത്.
ഇതു കാരണം ബാറ്റിങിലെ അടിസ്ഥാന പാഠം പോലും അദ്ദേഹം മറന്നു പോയ അവസ്ഥയാണ്. ആദ്യ രണ്ടു മല്‍സരങ്ങളിലും ഷോട്ടിനു ശ്രമിച്ച് സര്‍ക്കിളിനകത്തു തന്നെ ഫീല്‍ഡര്‍ക്കു ക്യാച്ച് സമ്മാനിച്ചാണ് സഞ്ജു ക്രീസ് വിട്ടത്. എന്നാല്‍ അതിനു ശേഷമുള്ള രണ്ടു കളിയിലാവട്ടെ ക്ലീന്‍ ബൗള്‍ഡാവുകയും ചെയ്തു.
ആ പുറത്താവല്‍ ദയനീയം
വിശാഖപട്ടണത്തു നടന്ന നാലാമത്തെ ടി20യില്‍ സഞ്ജു സാംസണിന്റെ പുറത്താവലാണ് ഏറ്റവും നിരാശാജനകം. കിവി നായകനും സ്പിന്നറുമായ മിച്ചെല്‍ സാന്റ്‌നര്‍ക്കെതിരേ യാതൊരു ഫുട്ട്‌വര്‍ക്കുമില്ലാതെ വിക്കറ്റ് പൂര്‍ണമായി ഓപ്പണാക്കിയ ശേഷം ബാക്ക്ഫൂട്ടില്‍ കളിക്കാനാണ് സഞ്ജു ശ്രമിച്ചത്.
പക്ഷെ പിച്ച് ചെയ്ത ശേഷം ബോള്‍ അല്‍പ്പമൊന്നു ടേണായപ്പോള്‍ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ പാടെ പിഴച്ചു. ബോള്‍ ബാറ്റില്‍ കണക്ടാവാതിരുന്നതോടെ അതു നേരെ വിക്കറ്റുകളിലും പതിക്കുകയായിരുന്നു.
ഈ പുറത്താവലിന്റെ പേരില്‍ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറടക്കം പലരും വളരെ രൂക്ഷമായി സഞ്ജുവിനെ വിമര്‍ശിക്കുകയും ചെയ്തു. സ്പിന്നര്‍മാര്‍ക്കെതിര ഇങ്ങനെ ബാക്ക്ഫൂട്ടില്‍ കളിച്ചാല്‍ ബൗള്‍ഡാവാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം മുന്നറിയിപ്പും നല്‍ികിയിരുന്നു.

പ്രവചനമറിയാം
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്നും മാജിക്കല്‍ പ്രകടനമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് എഐ പ്രവചനം നല്‍കുന്ന മുന്നറിയിപ്പ്. ഈ പരമ്പരയിലെ മുന്‍ മല്‍സരങ്ങളിലേതു പോലെ സഞ്ജു ഈ കളിയിലും പെട്ടെന്നു തന്നെ പുറത്താവും.
അഞ്ചു മുതല്‍ 15 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്യാന്‍ സാധ്യതയുള്ളൂ. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും സ്പിന്നറായിരിക്കും സഞ്ജുവിനെ പുറത്താക്കുകയെന്നും എഐ പ്രവചിക്കുന്നു.
നേരത്തേ നാലാം ടി20യിലും അദ്ദേഹത്തിന്റെ സ്‌കോറിനെക്കുറിച്ചുള്ള എഐയുടെ പ്രവചനം കിറുകൃത്യമായിരുന്നു. 10 മുതല്‍ 30 റണ്‍സ് മാത്രമേ സഞ്ജു നേടാനിടയുള്ളൂവെന്നായിരുന്നു പ്രവചനം. ഇതു തന്നെ സംഭവിക്കുകയും ചെയ്തു. 15 ബോളില്‍ 24 റണ്‍സെടുത്താണ് അദ്ദേഹം ക്രീസ് വിട്ടത്. ഇനി തിരുവനന്തപുരത്തും എഐ പ്രവചനം സത്യമാവുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.