പൂനെ: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കുമെതിരേ ആഞ്ഞടിച്ച് ഫാന്‍സ്. ന്യൂസിലാന്‍ഡുമായുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ ഫ്‌ളോപ്പ് ഷോയാണ് ഇരുവര്‍ക്കുമെതിരേ ആരാധകര്‍ തിരിയാനുള്ള പ്രധാന കാരണം. ഇരുവരും എത്രയും വേഗത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്.
നേരത്തേ ആദ്യദിനം അവസാനത്തെ സെഷനില്‍ രോഹിത് പൂജ്യത്തിനു പുറത്തായിരുന്നു. പിന്നാലെയാണ് കോലിയും രണ്ടാംദിനം ആദ്യ സെഷനില്‍ തന്നെ ബാറ്റിങില്‍ ദുരന്തമായി മാറിയത്. ഒമ്പതു ബോളില്‍ ഒരു റണ്‍സ് മാത്രമെടുത്ത അദ്ദേഹം മിച്ചെല്‍ സാന്‍റ്നറുടെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് രോഹിത്തിനെയും കോലിയെയും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചത്.

ദയനീയ ഫോം
ഈ വര്‍ത്തെ ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷമാണ് രോഹിത് ശര്‍മയും വിരാട് കോലിയും ഈ ഫോര്‍മറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതിനു ശേഷം കളിച്ചിട്ടുള്ള ടെസ്റ്റുകളില്‍ രണ്ടു പേരുടെയും ബാറ്റിങ് പ്രകടനം വളരെയധികം പരിതാപകരമാണെന്നു കാണാം. 10 ഇന്നിങ്‌സുകളിലാണ് രോഹിത്തും കോലിയും ഫൈനലിനു ശേഷം കളിച്ചിട്ടുള്ളത്. വെറും 25.3 മാത്രമാണ് ഇവയില്‍ നിന്നും ഇരുവരുടെയും ബാറ്റിങ് ശരാശരിയെന്നു കാണാം.
ഓസ്‌ട്രേലിയക്കെതിരേയുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര വരാനിരിക്കെ വിരാട് കോലിയുടെ ദയനീയ ഫോം ഇന്ത്യക്കു വലിയ തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 33ലേക്കു കൂപ്പൂകുത്തി. ഓസീസുമായി വരാനിരിക്കുന്ന പരമ്പരയിലും കോലി ഇതേ രീതിയില്‍ ഫ്‌ളോപ്പാവുകയാണെങ്കില്‍ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാവും ഏറ്റവും നല്ല ഓപ്‌ഷെന്ന കാര്യത്തില്‍ സംശയമില്ല.
ആഞ്ഞടിച്ച് ആരാധകര്‍
സ്വന്തം നാട്ടിലെ പിച്ചില്‍പ്പോലും റണ്ണെടുക്കാന്‍ പാടുപെടുന്ന രോഹിത് ശര്‍മയും വിരാട് കോലിയും എത്രയും വേഗത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ആവശ്യം.

രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനു വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. സ്വന്തം നാട്ടിലെ പരിചിതമായ പിച്ചുകളില്‍പ്പോലും റണ്ണെടുക്കാന്‍ ഇരുവര്‍ക്കും കഴിയുന്നില്ല. ടെസ്റ്റില്‍ നിന്നും രോഹിതും കോലിയും എത്രയും പെട്ടെന്നു വിരമിക്കണം. പകരം റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍ എന്നിവര്‍ക്കു അവസരം നല്‍കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
വിരാട് കോലിക്കു എന്താണ് സംഭവിച്ചത്? അദ്ദേഹത്തിന്റെ ബാറ്റിങ് ഫോമില്‍ ഈ രീതിയിലുള്ള ഇടിവ് സംഭവിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. രോഹിത് ശര്‍മയുടെ കാര്യവും വ്യത്യസ്തമല്ല. ബാറ്റിങില്‍ ശരിക്കും തപ്പിത്തടയുകയാണ് അദ്ദേഹം. ഈ രീതിയില്‍ ടീമില്‍ കടിച്ചുതൂങ്ങി അര്‍ഹതപ്പെട്ട യുവതാരങ്ങളുടെ അവസരം കൂടി നിഷേധിക്കുന്നത് രോഹിത്തും കോലിയും അവസാനിപ്പിക്കണം. ടീമില്‍ നിന്നും പുറത്താക്കപ്പെടുന്നതിനു മുമ്പ് വിരമിക്കുന്നതാവും ഏറ്റവും നല്ലതെന്നും ആരാധകര്‍ കുറിക്കുന്നു.
തരിപ്പണമായി ഇന്ത്യന്‍ ബാറ്റിങ്
പൂനെ ടെസ്റ്റില്‍ ഇന്ത്യക്കു ഒന്നാമിന്നിങ്‌സില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടിരിക്കുന്നത്. ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 259 റണ്‍സിനു മറുപടിയില്‍ രണ്ടാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റിനു 107 റണ്‍സെന്ന ദയനീയ അവസ്ഥയിലാണ്.
രവീന്ദ്ര ജഡേജയും (11) വാഷിങ്ടണ്‍ സുന്ദറുമാണ് (2) ഇപ്പോള്‍ ക്രീസിലുള്ളത്. ഇന്ത്യയുടെ അവസാനത്തെ അംഗീകൃത ബാറ്റിങ് ജോടി കൂടിയാണിത്. മൂന്നു വിക്കറ്റുകള്‍ മാത്രം ശേഷിക്കെ ന്യൂസിലാന്‍ഡിനേക്കാള്‍ 152 റണ്‍സിനു പിറകിലാണ് ഇപ്പോള്‍ ഇന്ത്യയുള്ളത്.