ഇന്‍ഡോര്‍: രാജ്‌കോട്ടിലേറ്റ ഷോക്കില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ന്യൂസിലാന്‍ഡുമായുള്ള മൂന്നാമങ്കത്തില്‍ ശക്തമായ തിരിച്ചടിക്കൊരുങ്ങുകയാണ് ടീം ഇന്ത്യ. ഞായറാഴ്ച പകലും രാത്രിയുമായിട്ടാണ് മല്‍സരം നടക്കാനിരിക്കുന്നത്. ആദ്യ കളിയില്‍ ഇന്ത്യ മൂന്നു വിക്കറ്റിന്റെ മങ്ങിയ ജയം നേടിയപ്പോള്‍ രണ്ടാങ്കത്തില്‍ ഏഴു വിക്കറ്റിനായിരുന്നു കിവികളുടെ മറുപടി.
ബാറ്റിങിനൊപ്പം ബൗളിങിലും മികവ് പുലര്‍ത്തിയാല്‍ മാത്രമേ അടുത്ത കളിയില്‍ കിവികളുടെ രണ്ടാംനിര ടീമിനെ കീഴടക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. ആദ്യ മല്‍സരത്തെിലെ (93) തകര്‍പ്പന്‍ ഇന്നിങ്‌സിനു ശേഷം രാജ്‌കോട്ടില്‍ (23) ഫ്‌ളോപ്പായ വിരാട് കോലിയുടെ മികച്ചൊരു ഇന്നിങ്‌സാണ് ഇന്‍ഡോറില്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

പക്ഷെ കോലിയുടെ ഹീറോയിസം കാത്തിരിക്കുന്ന ആരാധകര്‍ക്കു നിരാശരാവേണ്ടി വന്നേക്കും. അടുത്ത മാച്ചിലും അദ്ദേഹം ചെറിയ സ്‌കോറില്‍ പുറത്താവാനുള്ള സാധ്യത കൂടുതലാണ്. ഇതിനുള്ള പ്രധാനപ്പെട്ട കാരണം എന്താണെന്നു നമുക്കു പരിശോധിക്കാം.
കോലിക്കു വീണ്ടും ചെറിയ സ്‌കോര്‍?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത പിച്ചുകളില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള വിരാട് കോലിയെ ഭയപ്പെടുത്തുന്ന വേദിയാണ് ഇന്‍ഡോര്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്ഥിതി ചെയ്യുന്ന ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലെ പിച്ചില്‍ ഏകദിനത്തില്‍ ബാറ്റ് ചെയ്തപ്പോഴെല്ലാം അദ്ദേഹം പതറിയിട്ടുണ്ടെന്നു കണക്കുകള്‍ പറയുന്നു.
ഇവിടെ ഇതിനകം നാല് ഏകദിനങ്ങളിലാണ് കോലി ഇന്ത്യക്കായി ബാറ്റ് ചെയ്തിട്ടുള്ളത്. ഒരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ പോലും നേടാനായിട്ടില്ലെന്നു മാത്രമല്ല നാലിന്നിങ്‌സിലായി നാലക്കം പോലും അദ്ദേഹം തികച്ചിട്ടില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം. നാലിന്നിങ്‌സിലായി 33 ശരാശരിയില്‍ 108.79 സ്‌ട്രൈക്ക് റേറ്റില്‍ കോലിയുടെ ആകെ സമ്പാദ്യം 99 റണ്‍സാണ്.
ഞായറാഴ്ച ന്യൂസിലാന്‍ഡിനെതരേ മൂന്നാമങ്കത്തില്‍ ഇറങ്ങുമ്പോള്‍ ഈ റെക്കോര്‍ഡ് അദ്ദേഹത്തെ തീര്‍ച്ചയായും ഭയപ്പെടുത്തുക തന്നെ ചെയ്യും. ഇന്‍ഡോറില്‍ നേരത്തേ കളിച്ചപ്പോഴുള്ള കോലിയുടെ നാലിന്നിങ്‌സുകള്‍ പരിശോധിക്കാം. 2011ല്‍ വെസ്റ്റ് ഇന്‍ഡീസുമായിട്ടാണ് അദ്ദേഹം ഈ വേദിയില്‍ ആദ്യമായി ബാറ്റ് വീശിയത്. അന്നു പുറത്താവാതെ 23 റണ്‍സാണ് നേടിയത്.
അതിനു ശേഷം 2015ല്‍ സൗത്താഫ്രിക്കയുമായിട്ടായിരുന്നു കോലിയുടെ അടുത്ത ഏകദിനം. ഈ മല്‍സരത്തില്‍ല വെറും 12 റണ്‍സിന് അദ്ദേഹം ക്രീസ് വിട്ടു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2017ല്‍ കരുത്തരായ ഓസ്‌ട്രേലിയയുമായി ഇവിടെ കൊമ്പുകോര്‍ത്തപ്പോഴും നിരാശയായിരുന്നു ഫലം. 28 റണ്‍സെടുത്ത് മടങ്ങേണ്ടി വന്നു.
അവസാനമായി കോലി ഇവിടെ കളിച്ചത് 2023ല്‍ ന്യൂസിലാന്‍ഡുമായിട്ടാണ്. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അതു വലിയൊരു ഇന്നിങ്‌സാക്കി മാറ്റാന്‍ കഴിയാതെ 36 റണ്‍സില്‍ നില്‍ക്കവെ വിക്കറ്റ് കൈവിട്ടു. ഈ സ്റ്റേഡിയത്ത്തില്‍ ഏകദിനത്തിലെ ഓള്‍ടൈം റണ്‍വേട്ടക്കാരെ എടുത്താല്‍ 13ാം സ്ഥാനത്താണ് കോലിയുള്ളത്.

സമീപകാല ഫോം
ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ വളരെ മോശം റെക്കോര്‍ഡാണുള്ളതെങ്കിലം സമീപകാല പ്രകടനങ്ങള്‍ വിരാട് കോലിക്കു വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ന്യൂസിലാന്‍ഡുമാുയുള്ള കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങില്‍ ക്ലിക്കായില്ലെങ്കിലും അതിനു മുമ്പ് കളിച്ച അഞ്ചിന്നിങ്‌സുകളിലും അദ്ദേഹത്തിനു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുണ്ടായിരുന്നു. രണ്ടു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
കഴിഞ്ഞ ഒക്ടോബറില്‍ ഓസ്‌ട്രേലിയയുമായുള്ള മൂന്നാം ഏകദിനത്തില്‍ നേടിയ 74 റണ്‍സോടെയാണ് കോലിയുടെ സമയം തെളിഞ്ഞത്. അിതിനു ശേഷം സൗത്താഫ്രാക്കയുമായുള്ള പരമ്പരയില്‍ 135, 102, 65* എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.
തുടര്‍ന്നാണ് ന്യൂസിലാന്‍ഡുമായി ഇപ്പോള്‍ പുരോഗമിക്കുന്ന പരമ്പരയില്‍ അദ്ദേഹമിറങ്ങിയത്. ആദ്യ മാച്ചില്‍ 93 റണ്‍സോടെ കസറുകയും ചെയ്തു. പക്ഷെ രണ്ടാം ഏകദിനത്തില്‍ 23 റണ്‍സില്‍ നില്‍ക്കവെ ബൗള്‍ഡായി കോലിക്ക് ക്രീസ് വിടേണ്ടിയും വന്നു.