ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പൊരുതുകയാണ്. 356 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 231 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ന്യൂസീലന്‍ഡിനെക്കാള്‍ 125 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ. ഇന്ത്യയുടെ നിലവിലെ ബാറ്റിങ് പ്രകടനം ശക്തമായ തിരിച്ചുവരവ് പ്രതീക്ഷയും വിജയ പ്രതീക്ഷയും നല്‍കുന്നതാണ്.
രണ്ടാം ഇന്നിങ്‌സിന്റെ ആദ്യം മുതല്‍ ആത്മവിശ്വാസത്തോടെയുള്ള ബാറ്റിങ്ങാണ് ഇന്ത്യ കാഴ്ചവെച്ചത്. തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യ മിന്നിച്ചതും മൂന്നാം ദിനത്തിലെ ടീമിന്റെ പ്രകടനവും വലിയ ആത്മവിശ്വാസം ടീമിന് നല്‍കുമ്പോഴും വിരാട് കോലിയുടെ പുറത്താകല്‍ ഇപ്പോള്‍ കടുത്ത നിരാശയായിരിക്കുകയാണ്. മൂന്നാം ദിനം അവസാനിക്കുന്ന അവസാന ഓവറിലെ അവസാന പന്തിലാണ് കോലി പുറത്തായതെന്നതാണ് എല്ലാവരേയും നിരാശരാക്കുന്നത്.
അവസാന പന്തില്‍ കോലി വീണു
മോശം ഫോമിലായിരുന്ന കോലി താളം കണ്ടെത്തിയ നിലയിലാണ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്തത്. ആദ്യത്തെ 14 പന്ത് ക്ഷമയോടെ ബാറ്റ് ചെയ്ത് അക്കൗണ്ട് തുറന്ന കോലി പിന്നീട് താളം കണ്ടെത്തുകയായിരുന്നു. മികച്ച ഡ്രൈവുകളും പോസിറ്റീവ് ഷോട്ടുകളുമായി ബൗളര്‍മാരെ സധൈര്യം നേരിടുന്ന കോലിയെയാണ് കണ്ടത്. എട്ട് ഫോറും 1 സിക്‌സും ഉള്‍പ്പെടെ നേടിയ കോലിയില്‍ നിന്ന് ഇടവേളക്ക് ശേഷം ഒരു സെഞ്ച്വറി എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കോലിയുടെ അന്തകനായി ഗ്ലെന്‍ ഫിലിപ്‌സ് മാറുകയായിരുന്നു.
സ്റ്റംപില്‍ നിന്ന് ഓഫ് സൈഡിലേക്ക് തിരിഞ്ഞ പന്ത് കോലിയുടെ ബാറ്റില്‍ ചെറുതായി ഉരസുകയായിരുന്നു. അവസാന പന്തിലെ പുറത്താകല്‍ കോലിയേയും കടുത്ത നിരാശനാക്കി. മുഖം പൊത്തിപ്പിടിച്ചാണ് കോലി നിരാശ പ്രകടിപ്പിച്ചത്. ഗ്ലെന്‍ ഫിലിപ്‌സ് അംപയര്‍ ഔട്ട് വിളിക്കുന്നതിന് മുമ്പ് തന്നെ വിക്കറ്റ് ആഘോഷിച്ചു. വമ്പന്‍ വിക്കറ്റ് നേട്ടം കിവീസ് ടീം നന്നായിത്തന്നെയാണ് ആഘോഷിച്ചത്. ബംഗളൂരുവിലെ ആരാധകരെ ഒരു നിമിഷം നിശബ്ദരാക്കാന്‍ ഫിലിപ്‌സിന് സാധിച്ചു.

രോഹിത്തിന്റെ പ്രതികരണം വൈറല്‍
അവസാന പന്തില്‍ വിരാട് കോലി പുറത്തായത് വിശ്വസിക്കാനാവാത്ത പ്രതികരണമാണ് രോഹിത് ശര്‍മ നടത്തിയത്. ഡ്രസിങ് റൂമില്‍ ഇരുന്ന രോഹിത് ശര്‍മ പിന്നോട്ട് വീണാണ് തന്റെ നിരാശ പ്രകടിപ്പിച്ചത്. കോലിയുടെ വിക്കറ്റ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ന്യൂസീലന്‍ഡിനും അത് കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ അവര്‍ ഈ വിക്കറ്റ് നേട്ടം ആഘോഷമാക്കുകയും ചെയ്തു. വിരാട് കോലി സെഞ്ച്വറി ലക്ഷ്യമാക്കിയാണ് ബാറ്റ് ചെയ്തത്.
അത് അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സ് ക്ലബ്ബിലേക്കെത്തിയ കോലിക്ക് അനുകൂലമായിരുന്നു സാഹചര്യങ്ങളെങ്കിലും അവസാന പന്തില്‍ പുറത്തായത് എല്ലാവര്‍ക്കും നിരാശയുണ്ടാക്കി. എന്തായാലും ഇന്ത്യക്ക് നിര്‍ണ്ണായക അടിത്തറ പാകിയാണ് വിരാട് കോലി പുറത്തായത്. മൂന്നാം വിക്കറ്റില്‍ സര്‍ഫറാസ് ഖാനുമായി സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ കോലിക്ക് സാധിച്ചു. ഇന്ത്യ ഇപ്പോള്‍ ശക്തമായ നിലയിലാണുള്ളത്.
ഇന്ത്യക്ക് വിജയ പ്രതീക്ഷ സജീവം
രണ്ട് ദിവസം ബാക്കി നില്‍ക്കെ ഇന്ത്യ സജീവ വിജയ പ്രതീക്ഷയിലാണെന്ന് പറയാം. യശ്വസി ജയ്‌സ്വാള്‍ 33 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രോഹിത് ശര്‍മ 52 റണ്‍സാണ് നേടിയത്. വിരാട് കോലി 70 റണ്‍സുമായി മിന്നിച്ചപ്പോള്‍ സര്‍ഫറാസ് ഖാന്‍ 70 റണ്‍സോടെ ക്രീസിലുണ്ട്. മൂന്ന് വിക്കറ്റിന് 231 എന്ന മികച്ച നിലയില്‍ നില്‍ക്കുന്ന ഇന്ത്യക്ക് രണ്ട് ദിവസം ശേഷിക്കെ വിജയത്തിലേക്കെത്താന്‍ സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിന് ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.