ബെംഗളൂരു: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കാര്യമായി പൊരുതാന്‍ പോലും കഴിയാതെ കീഴടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. എട്ടു വിക്കറ്റിന്റെ കനത്ത പരാജയമാണ് ഇന്ത്യക്കു നേരിട്ടിരിക്കുന്നത്. ഒന്നാമിന്നിങ്‌സിലെ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് കളി കൈവിട്ടു പോവാനുള്ള പ്രധാന കാരണം. ഇത്ര വലിയൊരു തിരിച്ചടി രോഹിത് ശര്‍മയും സംഘവും പ്രതീക്ഷിച്ചിരുന്നില്ല.
ഈ തോല്‍വിയോടെ ഇനിയുള്ള രണ്ടു ടെസ്റ്റുകള്‍ ഇന്ത്യക്കു നിര്‍ണായകമായി മാറുകയും ചെയ്തു. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തിലേക്കു വന്നാല്‍ ചുരുക്കം ചിലര്‍ക്കു മാത്രമേ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഈ ടെസ്റ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു 10ല്‍ റേറ്റിങ് നല്‍കിയാല്‍ ഓരോരുത്തര്‍ക്കും എത്രയാവും ലഭിക്കുകയെന്നു പരിശോധിക്കാം.

ടോപ്പ് ഫൈവില്‍ ആരെല്ലാം?
ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങെടുത്താല്‍ ടോപ്പ് ഫൈവില്‍ രണ്ടു പേരാണ് ഒന്നാംസ്ഥാനം പങ്കിടുന്നത്. ഒരാള്‍ യുവതാരം സര്‍ഫറാസ് ഖാനാണെങ്കില്‍ രണ്ടാമത്തെയാള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമാണ്. രണ്ടു പേരുടെയും റേറ്റിങ് 10ല്‍ എട്ടാണ്.
ആദ്യ ഇന്നിങ്‌സില്‍ ഡെക്കായെങ്കിലും രണ്ടാമിന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി സര്‍ഫറാസ് ഇതിനു പ്രായശ്ചിത്തം ചെയ്തു. 150 റണ്‍സാണ് രണ്ടാമിന്നിങ്‌സില്‍ താരം അടിച്ചെടുത്തത്. 195 ബോളില്‍ 18 ഫോറുകളും മൂന്നു സിക്‌സറുമുള്‍പ്പെടെയാണിത്. ഇന്ത്യന്‍ ടോട്ടല്‍ 400 കടക്കാന്‍ സഹായിച്ചതും സര്‍ഫറാസിന്റെ പ്രകടനമായിരുന്നു.
റിഷഭാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം റേറ്റിങുള്ള മറ്റൊരാള്‍. രണ്ടിന്നിങ്‌സുകളിലായി 119 റണ്‍സാണ് അദ്ദേഹം സ്‌കേകാര്‍ ചെയ്തത്. ആദ്യ ഇന്നിങ്‌സില്‍ 20 റണ്‍സിനു പുറത്തായ റിഷഭ് രണ്ടാമിന്നിങ്‌സില്‍ അര്‍ഹിച്ച സെഞ്ച്വറിക്കു ഒരു റണ്‍സകലെ വിക്കറ്റും കൈവിട്ടു. 105 ബോളിലാണ് താരം 99 റണ്‍സ് നേടിയത്. ഒമ്പതു ഫോറും അഞ്ചു സിക്‌സറുമടക്കമാണിത്.
കാല്‍മുട്ടിലെ പരിക്കു കാരണം വിക്കറ്റ് കീപ്പിങില്‍ നിന്നും മാറിനിന്നെങ്കിലും ബാറ്റിങില്‍ ഗംഭീര ഇന്നിങ്‌സുമായി റിഷഭ് വീണ്ടും കൈയടി നേടുകയായിരുന്നു. സര്‍ഫറാസും റിഷഭും കഴിഞ്ഞാല്‍ പിന്നീട് കൂടുതല്‍ റേറ്റിങ്ങുള്ള മൂന്നു പേര്‍ ജസ്പ്രീത് ബുംറ, വിരാട് കോലി, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ്. ബുംറയുടെ റേറ്റിങ് 10ല്‍ ഏഴാണ്. രണ്ടിന്നിങ്‌സുകളിലുമായി 70 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണി അദ്ദേഹം വീഴ്ത്തിയത്.
ബുംറ കഴിഞ്ഞാല്‍ റേറ്റിങില്‍ മൂന്നാമന്‍ കോലിയാണ്. 10ല്‍ ആറാണ് അദ്ദേഹത്തിന്റെ റേറ്റിങ്. ആദ്യ ഇന്നിങ്‌സില്‍ ഡെക്കായ കോലി രണ്ടാമിന്നിസില്‍ 72 റണ്‍സോടെ മിന്നിച്ചിരുന്നു. ജയ്‌സ്വാളിന്റെ റേറ്റിങ് 10ല്‍ അഞ്ചാണ്. രണ്ടിന്നിങ്‌സുകളിലായി താരത്തിനു നേടാനായത് 48 റണ്‍സാണ്. രണ്ടാമിന്നിങ്‌സിലെ 35 റണ്‍സാണ് ജയ്‌സ്വാളിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഏറ്റവും മോശം ആരൊക്കെ?
ഇന്ത്യന്‍ നിരയില്‍ ഏറ്റവും മോശം റേറ്റിങ് ലഭിച്ച താരങ്ങളിലേക്കു വരികയാണെങ്കില്‍ ആറു പേര്‍ക്കാണ് അഞ്ചില്‍ താഴെ ലഭിച്ചിട്ടുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരുടെ റേറ്റിങ് 10ല്‍ നാലാണ്. രണ്ടിന്നിങ്‌സുകളിലായി രോഹിത് നേടിയത് 54 റണ്‍സാണ്.
ജഡേജയാവട്ടെ അഞ്ചു റണ്‍സും മൂന്നു വിക്കറ്റുകളുമാണ് സ്വന്തം പേരിലാക്കിയത്. കുല്‍ദീപിന്റെ പ്രകടനമെടുത്താല്‍ അദ്ദേഹം രണ്ടിന്നിങ്‌സുകളിലായി വീഴ്ത്തിയത് മൂന്നു വിക്കറ്റുകളാണ്. പക്ഷെ 125 റണ്‍സ് ഇതിനായി വിട്ടുനല്‍കുകയും ചെയ്തു.

ആര്‍ അശ്വിന്റെ റേറ്റിങ് 10ല്‍ മൂന്നാണ്. അദ്ദേഹത്തിനു കളിയില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞില്ല. 15 റണ്‍സ് മാത്രമെടുത്ത അശ്വിന്‍ വീഴ്ത്തിയത് ഒരേയൊരു വിക്കറ്റാണ്. പേസര്‍ മുഹമ്മദ് സിറാജിന്റെ റേറ്റിങ് വെറും രണ്ടാണ്. ബൗളിങില്‍ അദ്ദേഹത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. രണ്ടിന്നിങ്‌സുകളില്‍ നിന്നും രണ്ടു വിക്കറ്റ് മാത്രമേ സിറാജ് നേടിയുള്ളൂ.
റേറ്റിങില്‍ ഏറ്റവും താഴെയുള്ളത് സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ്. 10ല്‍ ഒന്ന് മാത്രമേ അദ്ദേഹത്തിനു റേറ്റിങ്ങുള്ളൂ. രണ്ടിന്നിങ്‌സുകളിലുമായി ആറ് എന്ന പരിതാപകരമായ ശരാശരിയില്‍ 12 റണ്‍സ് മാത്രമേ രാഹുല്‍ നേടിയുള്ളൂ.