ബംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടിയിരിക്കുകയാണ് കിവീസ് താരം ടിം സൗത്തി. ന്യൂസീലന്‍ഡിന്റെ വിക്കറ്റുകള്‍ അതിവേഗം വീണ സാഹചര്യത്തില്‍ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയുമായി സൗത്തി അവസരത്തിനൊത്ത് ഉയരുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ ഭയക്കാതെ കടന്നാക്രമിച്ച് കളിക്കാന്‍ സൗത്തിക്ക് സാധിച്ചു. മൂന്ന് വീതം ഫോറും സിക്‌സും ഉള്‍പ്പെടെയാണ് സൗത്തി അര്‍ധ സെഞ്ച്വറി നേടിയത്.
മൂന്ന് സിക്‌സുകള്‍ നേടിയതോടെ ഇന്ത്യയുടെ മുന്‍ ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ വീരേന്ദര്‍ സെവാഗിന്റെ വമ്പന്‍ റെക്കോഡ് സൗത്തി തകര്‍ത്തിരിക്കുകയാണ്. ടെസ്റ്റിലെ സെവാഗിന്റെ സിക്‌സര്‍ റെക്കോഡാണ് സൗത്തി മറികടന്നിരിക്കുന്നത്. ടെസ്റ്റില്‍ പല തവണ അവസരത്തിനൊത്തുയരാന്‍ സൗത്തിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേവലം പേസറെന്നതിലുപരിയായി ബാറ്റ്‌സ്മാനെന്ന നിലയിലും ടീമിനായി മികവ് കാട്ടാന്‍ സൗത്തിക്ക് സാധിക്കുന്നു.
സെവാഗ് നേടിയത് 91 സിക്‌സര്‍
ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സെവാഗ്. അദ്ദേഹത്തിന്റെ കരിയറിലെ കണക്കുകള്‍ നോക്കുമ്പോള്‍ വളരെ മികച്ചതാണെന്ന് തന്നെ പറയാം. 104 ടെസ്റ്റില്‍ നിന്ന് 8586 റണ്‍സ് നേടിയിട്ടുള്ള സെവാഗിന്റെ ഉയര്‍ന്ന സ്‌കോര്‍ 319 ആണ്. വെടിക്കെട്ട് താരമെന്ന് പറയുന്ന സെവാഗിന്റെ സിക്‌സര്‍ കണക്കുകള്‍ 91 ആണ്. ഈ റെക്കോഡിനെയാണ് ഇപ്പോള്‍ പേസ് ബൗളറായ സൗത്തി മറികടന്നിരിക്കുന്നത്. നിലവില്‍ 92 സിക്‌സുകളാണ് സൗത്തിയുടെ പേരിലുള്ളത്.
ടെസ്റ്റിലെ സിക്‌സര്‍ വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയരാനും സൗത്തിക്കായി. ബ്രയാന്‍ ലാറയുടെ ടെസ്റ്റ് കരിയറില്‍ 88 സിക്‌സുകളാണുള്ളത്. സൗത്തിക്ക് തൊട്ട് മുന്നിലുള്ള മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്‌സ് കാലിസിന്റെ പേരില്‍ 97 സിക്‌സുകളാണുള്ളത്. 131 സിക്‌സുകളോടെ ബെന്‍ സ്‌റ്റോക്‌സ് തലപ്പത്ത് നില്‍ക്കുമ്പോള്‍ ബ്രണ്ടന്‍ മക്കല്ലം 107 സിക്‌സുകളോടെ രണ്ടാം സ്ഥാനത്താണ്. 98 സിക്‌സുകള്‍ പറത്തിയ ക്രിസ് ഗെയ്‌ലാണ് മൂന്നാം സ്ഥാനത്ത്.

റെക്കോഡ് കൂട്ടൂകെട്ടുമായി സൗത്തി
ഇന്ത്യക്കെതിരേ എട്ടാം വിക്കറ്റില്‍ രചിന്‍ രവീന്ദ്രക്കൊപ്പം ഗംഭീര കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ടിം സൗത്തിക്ക് സാധിച്ചു. 132 പന്തില്‍ 137 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇന്ത്യക്കെതിരേ ന്യൂസീലന്‍ഡിന്റെ ഉയര്‍ന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 65 റണ്‍സെടുത്ത സൗത്തിയെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സൗത്തി ശ്രമിക്കവെ കൃത്യ സമയത്ത് സിറാജ് വിക്കറ്റ് നേടി. എന്നാല്‍ 2000ന് ശേഷമുള്ള കണക്കുകളില്‍ ടെസ്റ്റില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് ടിം സൗത്തി.
82.7 സ്‌ട്രൈക്ക് റേറ്റിലാണ് സൗത്തിയുടെ പ്രകടനം. 87.1 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന ബെന്‍ ഡക്കറ്റാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ടീമിന്റെ ക്യാപ്റ്റനായിരുന്ന സൗത്തിയെ ഇന്ത്യന്‍ പരമ്പരക്ക് തൊട്ടുമുമ്പാണ് മാറ്റിയത്. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയപ്പോഴും പ്രകടനംകൊണ്ട് ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സൗത്തിക്ക് സാധിക്കുന്നുണ്ടെന്ന് പറയാം. എന്തായാലും സൗത്തിയുടെ പ്രകടനം ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്.
ന്യൂസീലന്‍ഡ് വമ്പന്‍ ലീഡിലേക്ക്
ഇംഗ്ലണ്ടിനെതിരേ ന്യൂസീലന്‍ഡിന്റെ ലീഡ് 300 കടന്ന് മുന്നോട്ട് പോയിരിക്കുകയാണ്. ഇതോടെ 11 വര്‍ഷത്തിന് ശേഷം ഇന്ത്യക്കെതിരേ ഏറ്റവും ഉയര്‍ന്ന ലീഡ് നേടുന്ന ടീമെന്ന റെക്കോഡിലേക്കെത്താനും ന്യൂസീലന്‍ഡിന് സാധിച്ചിരിക്കുകയാണ്. ചരിത്ര നേട്ടത്തിലേക്കാണ് ന്യൂസീലന്‍ഡ് എത്തിയിരിക്കുന്നതെന്ന് പറയാം. ഇന്ത്യയുടെ പേരുകേട്ട ബൗളിങ് നിരയെ വിറപ്പിക്കുന്ന ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
പിച്ചിനെ മനസിലാക്കുന്നതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് സംഭവിച്ച പിഴവാണ് ഇന്ത്യയെ ഇത്രയും വലിയ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള രോഹിത്തിന്റെ തീരുമാനം പാളുകയായിരുന്നുവെന്ന് പറയാം.