IND vs NZ Test: കെയ്ന്‍ വില്യംസണെ എങ്ങനെ വീഴ്ത്തും? മൂന്ന് വഴികള്‍ മുന്നില്‍, അശ്വിന്‍ തന്നെ രക്ഷ
കാണ്‍പൂര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് നാളെ കാണ്‍പൂരില്‍ തുടക്കമാവുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലടക്കം ഇന്ത്യയെ തോല്‍പ്പിച്ച ന്യൂസീലന്‍ഡിനോട് പകരം വീട്ടേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. കരുത്തുറ്റ താരനിരയുമായെത്തുന്ന ന്യൂസീലന്‍ഡ് നിസാരക്കാരല്ലെങ്കിലും തട്ടകത്തിലെ കരുത്ത് ഇന്ത്യക്ക് ശക്തിപകരുന്നു.
ന്യൂസീലന്‍ഡിനെ സംബന്ധിച്ച് 33വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള അവസരമാണിത്. 1988ലാണ് അവസാനമായി ന്യൂസീലന്‍ഡ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയത്. ഇത്തവണ രണ്ടും കല്‍പ്പിച്ചിറങ്ങുന്ന ന്യൂസീലന്‍ഡ് ഇന്ത്യയെ വീഴ്ത്തുമോയെന്ന് കണ്ടറിയാം. ഇന്ത്യക്ക് പരമ്പര നേടാന്‍ കെയ്ന്‍ വില്യംസണിനെ നേരത്തെ മടക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യക്കെതിരേ 22 ഇന്നിങ്‌സില്‍ നിന്ന് 829 റണ്‍സാണ് വില്യംസന്‍ നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മികച്ച റെക്കോഡുള്ള വില്യംസനെ ഇന്ത്യക്ക് തുടക്കത്തിലേ മടക്കാനുള്ള മൂന്ന് വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഷോര്‍ട്ട് ബോളില്‍ കുടുക്കാം
ഷോര്‍ട്ട് ബോളുകള്‍ വില്യംസണിന്റെ ദൗര്‍ബല്യമാണ്. അതിവേഗ ബൗണ്‍സറുകളില്‍ പല തവണ അദ്ദേഹത്തിന് അടിതെറ്റിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലായി 60 ബൗണ്‍സുകളില്‍ ഒന്നില്‍ വില്യംസന്‍ പുറത്താവുന്നുണ്ട്. അതിനാല്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ ലക്ഷ്യം വെക്കേണ്ടത് ഷോര്‍ട്ട് ബോളുകളിലാണ്. വില്യംസന്‍ ക്രീസിലെത്തിയാല്‍ മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,മുഹമ്മദ് സിറാജ് എന്നിവരെല്ലാം ഷോര്‍ട്ട് ബോളുമായി വില്യംസനെ പ്രയാസപ്പെടുത്തിയാല്‍ അദ്ദേഹം നേരത്തെ തന്നെ കുടുങ്ങാന്‍ സാധ്യതയുണ്ട്. വില്യംസണിന്റെ വിക്കറ്റ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

അശ്വിനെ നേരത്തെ പന്തെറിയിക്കണം
ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയുടെ വജ്രായുധം ആര്‍ അശ്വിനാണ്. തട്ടകത്തില്‍ അശ്വിനെക്കാളും മികച്ചൊരു ബൗളറില്ലെന്ന് പറയാം. ന്യൂസീലന്‍ഡിനെതിരേ മികച്ച ബൗളിങ് റെക്കോഡും അദ്ദേഹത്തിനുണ്ട്. നിലവിലെ നേര്‍ക്കുനേര്‍ കണക്കില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് (52) നേടിയ താരം അശ്വിനാണ്. കെയ്ന്‍ വില്യംസണിനെതിരെയും മികച്ച റെക്കോഡ് അശ്വിനുണ്ട്. ഇതുവരെ അഞ്ച് തവണയാണ് വില്യംസണെ അശ്വിന്‍ പുറത്താക്കിയത്. ഒരു തവണ കൂടി പുറത്താക്കിയാല്‍ വില്യംസണെ കൂടുതല്‍ തവണ പുറത്താക്കുന്ന ഇന്ത്യന്‍ ബൗളറായി അശ്വിന്‍ മാറും. അശ്വിന്റെ തന്ത്രപരമായ പന്തുകളെ നേരിടാന്‍ എപ്പോഴും വില്യംസണ്‍ പ്രയാസപ്പെടാറുണ്ട്. അതിനാല്‍ വില്യംസന്‍ നിലയുറപ്പിക്കുന്നതിന് മുമ്പെ മടക്കാന്‍ ആര്‍ അശ്വിനെ ഇന്ത്യ ഉപയോഗിക്കുന്നത് നന്നാവും. പേസര്‍മാര്‍ക്ക് മുന്നില്‍ മികച്ച റെക്കോഡുള്ള വില്യംസണെ കുടുക്കാന്‍ സ്പിന്നര്‍മാര്‍ക്ക് തന്നെയാവും സാധിക്കുക.

കീപ്പര്‍ ക്യാച്ചാക്കി പുറത്താക്കാം
കെയ്ന്‍ വില്യംസന്‍ പേസര്‍മാര്‍ക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ്. അതിനാല്‍ പേസര്‍മാര്‍ക്ക് വില്യംസനെ പുറത്താക്കുക വളരെ കടുപ്പമാണ്. സഹീര്‍ ഖാന്‍ നാല് തവണ വില്യംസനെ പുറത്താക്കിയിട്ടുണ്ട്. മറ്റ് പല ഇന്ത്യന്‍ പേസര്‍മാര്‍ക്കെതിരെയും മികച്ച ബാറ്റിങ് കണക്കുകളാണ് വില്യംസണുള്ളത്. അദ്ദേഹം പേസര്‍മാര്‍ക്കെതിരേ പുറത്തായ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് ഒരു കാര്യമാണ്. കീപ്പര്‍ ക്യാച്ചായാണ് പേസര്‍മാര്‍ക്ക് മുന്നില്‍ കൂടുതല്‍ തവണയും വില്യംസന്‍ പുറത്തായിരിക്കുന്നത്.
പേസര്‍മാര്‍ക്കെതിരേ പുറത്തായതിന്റെ ശരാശരി പരിശോധിക്കുമ്പോള്‍ 42.7 ശതമാനമാണ് അദ്ദേഹം ക്യാച്ചിലൂടെ പുറത്തായത്. ഇതില്‍ 26.1 ശതമാനവും കീപ്പര്‍ ക്യാച്ചാണ്. 19 തവണ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ 18 തവണയാണ് എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയത്. ഈ കണക്കുകള്‍ പ്രകാരം പേസര്‍മാര്‍ ശ്രമിക്കേണ്ടത് വില്യംസണെ വിക്കറ്റ് കീപ്പറുടെ കൈയിലെത്തിക്കാനാണ്. സ്വിങ് ബൗളര്‍മാര്‍ക്ക് ഇത് സാധിക്കുമോയെന്ന് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications