IND vs NZ T20: 'ഇവര്‍ ഇന്ത്യയുടെ ഹീറോകള്‍', ജയത്തില്‍ നിര്‍ണ്ണായകമായ മൂന്ന് തിരിച്ചുവരവുകളിതാ
ജയ്പൂര്‍: ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അഞ്ച് വിക്കറ്റിന്റെ ജയത്തോടെ ഇന്ത്യ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ജയ്പൂരില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകരായ ന്യൂസീലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ജയം നേടിയത്. അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരും സൂര്യകുമാര്‍ യാദവിന്റെയും (62) രോഹിത് ശര്‍മയുടെയും (48) ബാറ്റിങ് പ്രകടനവുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
കളിയിലെ താരമായതും സൂര്യകുമാറാണ്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്താന്‍ ഇന്ത്യക്ക് സാധിച്ചു. ഇതോടെ ന്യൂസീലന്‍ഡിനെതിരേ നേര്‍ക്കുനേര്‍ വിജയ കണക്കുകളില്‍ ഒപ്പമെത്താനും ഇന്ത്യക്കായി. രോഹിത് ശര്‍മ-രാഹുല്‍ ദ്രാവിഡ് കൂട്ടുകെട്ടിന് വിജയത്തോടെ തുടങ്ങാനായി എന്നതാണ് ആരാധകരെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്.
ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന ചില പ്രകടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. യുസ്‌വേന്ദ്ര ചഹാലിനെ പ്ലേയിങ് 11ല്‍ നിന്ന് ഒഴിവാക്കിയിറങ്ങിയ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റായിരുന്നില്ലെന്ന് മത്സരഫലത്തില്‍ നിന്ന് വ്യക്തം. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ ചില തിരിച്ചുവരവുകള്‍ മത്സരത്തിലുണ്ടായിട്ടുണ്ട്. ആ മൂന്ന് തിരിച്ചുവരവുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഭുവനേശ്വര്‍ കുമാര്‍
ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ മാത്രമാണ് ഇന്ത്യ ഭുവനേശ്വര്‍ കുമാറിന് അവസരം നല്‍കിയത്. ആ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഭുവി ഇനി ടി20 ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തില്ലെന്ന് പോലും വിലയിരുത്തപ്പെടുകയുണ്ടായി. എന്നാല്‍ ന്യൂസീലന്‍ഡ് പരമ്പരയില്‍ ഇന്ത്യ ഭുവിക്ക് ടീമില്‍ അവസരം നല്‍കുകയായിരുന്നു. ഒരു കാലത്ത് ഇന്ത്യയുടെ വിശ്വസ്തനായ ബൗളറായ ഭുവിക്ക് പരിക്കിന് ശേഷമുള്ള മടങ്ങിവരവില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ മിന്നും പ്രകടനത്തോടെ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ് ഭുവനേശ്വര്‍ കുമാര്‍. എറിഞ്ഞ മൂന്നാം പന്തില്‍ ഡാരില്‍ മിച്ചലിന്റെ കുറ്റി പിഴുതെടുത്ത ഭുവി നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. അക്ഷര്‍ പട്ടേല്‍ ക്യാച്ച് വിട്ടില്ലായിരുന്നെങ്കില്‍ ഒരു ക്യാച്ച് കൂടി ഭുവിയുടെ പേരിലുണ്ടാവുമായിരുന്നു. ഇന്ത്യയെ ജയത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ പ്രകടനമായിരുന്നു ഭുവിയുടേത്.

ആര്‍ അശ്വിന്‍
നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടി20 ലോകകപ്പിലൂടെ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയ ആര്‍ അശ്വിന്‍ തന്റെ മടങ്ങിവരവ് വെറുതെയല്ലെന്ന് ലോകകപ്പിലൂടെത്തന്നെ തെളിയിച്ചതാണ്. അനുഭവസമ്പന്നനായ അശ്വിന്‍ ലോകകപ്പിലെ മികച്ച ഫോം ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20യിലും കാട്ടി. നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍ക് ചാപ്മാനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത അശ്വിന്‍ അപകടകാരിയായ ഗ്ലെന്‍ ഫിലിപ്‌സിനെ എല്‍ബിയിലും കുരുക്കി. അടുത്ത ടി20 ലോകകപ്പിലും തനിക്ക് സീറ്റുറപ്പിക്കുന്ന രീതിയിലാണ് അശ്വിന്റെ പ്രകടനം. വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ അശ്വിനാവുമോയെന്ന് കണ്ടറിയാം.

സൂര്യകുമാര്‍ യാദവ്
ഇന്ത്യ പ്രതീക്ഷിക്കുന്ന നിലയിലേക്ക് സൂര്യകുമാര്‍ യാദവ് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ടി20 ലോകകപ്പില്‍ സൂര്യകുമാര്‍ യാദവിന് പ്രതീക്ഷിച്ച നിലവാരം കാട്ടാനായിരുന്നില്ല. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും അനായാസം ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് സൂര്യകുമാര്‍. വലിയ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്ന സൂര്യ എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ മിടുക്കനാണ്. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത് സൂര്യയുടെ പ്രകടനമാണ്. മൂന്നാം നമ്പറിലിറങ്ങിയ സൂര്യ 40 പന്തില്‍ 62 റണ്‍സാണ് നേടിയത്. ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെട്ട അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമായിരുന്നു. സൂര്യയുടെ ഫോമിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications