IND vs NZ T20: 'ഡിവില്ലിയേഴ്‌സിന്റെ ഉപദേശമാണ് കരിയര്‍ മാറ്റി മറിച്ചത്'- ഹര്‍ഷല്‍ പട്ടേല്‍
റാഞ്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഹര്‍ഷല്‍ പട്ടേലിന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം സാധ്യമായിരിക്കുന്നത്. 2012 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന താരത്തിന് ദേശീയ ടീമിലേക്ക് വിളിയെത്തിയത്് 2021ലാണെന്നതില്‍ നിന്ന് തന്നെ കാത്തിരിപ്പിന്റെ നീളം വ്യക്തം. അവസാന സീസണിലെ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനായുള്ള പര്‍പ്പിള്‍ ക്യാപ് നേടിയതോടെയാണ് സെലക്ടര്‍മാര്‍ ഹര്‍ഷലിനെ പരിഗണിച്ചത്. ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20യിലൂടെ ഇന്ത്യന്‍ ജഴ്‌സിയില്‍ ടി20 അരങ്ങേറ്റവും സാധ്യമായിരിക്കുകയാണ്.
30ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചെന്ന് മാത്രമല്ല ആദ്യ മത്സരത്തില്‍ത്തന്നെ കളിയിലെ താരമാവാനും ഹര്‍ഷലിനായി. നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ഹര്‍ഷല്‍ നേടിയത്. ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമായിരുന്നു ഹര്‍ഷല്‍. ഇപ്പോഴിതാ തന്റെ കരിയര്‍ മാറ്റിമറിച്ചത് എബി ഡിവില്ലിയേഴ്‌സിന്റെ ഉപദേശമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഹര്‍ഷല്‍ പട്ടേല്‍.

'എന്റെ കരിയറില്‍ വലിയ സ്വാധീനം സൃഷ്ടിച്ച താരമാണ് എബിഡി.അദ്ദേഹത്തെ എന്നും നിശബ്ദമായി നിരീക്ഷിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് ഞാന്‍. ഇത്തവണത്തെ ഐപിഎല്ലിന്റെ രണ്ടാം പാദത്തിന് മുന്നോടിയായി യുഎഇയില്‍ ക്യാമ്പ് നടന്നിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു എങ്ങനെയാണ് എനിക്ക് റണ്‍സ് വിട്ടുകൊടുക്കുന്നത് കുറക്കാനാവുക. 12,15 ചില സമയങ്ങളില്‍ 20 റണ്‍സിലധികം ഒരോവറില്‍ വിട്ടുകൊടുക്കേണ്ടി വന്നിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
നിന്റെ നല്ല പന്തുകളില്‍ ബാറ്റ്‌സ്മാന്‍ റണ്‍സ് നേടിയാലും നീ ആ പന്ത് മാറ്റാതിരിക്കുക. നല്ല പന്തുകള്‍ മാത്രം എറിഞ്ഞ് ബാറ്റ്‌സ്മാനെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുക. നിന്റെ ഒരു നല്ല പന്ത് ബാറ്റ്‌സ്മാന്‍ ആക്രമിച്ചാല്‍ നീ പന്ത് മാറ്റരുത്. കാരണം അടുത്ത പന്തില്‍ ബാറ്റ്‌സ്മാനും വ്യത്യസ്തമായൊരു പന്താവും പ്രതീക്ഷിക്കുക. അദ്ദേഹത്തിന്റെ ഈ വാക്കുകളാണ് ഐപിഎല്‍ രണ്ടാം പാതത്തിലും ഇപ്പോള്‍ കരിയറിലും പിന്തുടരുന്നത്'- ഹര്‍ഷല്‍ പട്ടേല്‍ പറഞ്ഞു.

ആര്‍സിബിയുടെ നിര്‍ണ്ണായക താരമായിരുന്നു എബി ഡിവില്ലിയേഴ്‌സ് ഇന്നലെയാണ് എല്ലാ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏത് ബൗളറെയും അടിച്ചുപറത്തുന്ന ബാറ്റ്‌സ്മാനാണ് എബിഡി. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള എബിഡിയുടെ ഉപദേശം തന്റെ കരിയറില്‍ വഴിത്തിരിവായെന്നാണ് ഹര്‍ഷല്‍ പട്ടേല്‍ പറയുന്നത്. ബൗളിങ്ങില്‍ വളരെ വ്യത്യസ്തയയുള്ള ബൗളറാണ് അദ്ദേഹം. വേഗത്തില്‍ മാത്രമല്ല പന്തിന്റെ ലൈനിലും ലെങ്തിലും വ്യത്യസ്ത കൊണ്ടുവരാന്‍ ഹര്‍ഷലിന് സാധിക്കാറുണ്ട്.
'പന്തിന്റെ ആംഗിളുകളാണ് എന്റെ ബൗളിങ്ങിന്റെ സവിശേഷത. സ്റ്റംപിനോട് ചേര്‍ന്ന് ഫോര്‍ത്ത് സ്റ്റംപ് ലൈനിലും ക്രീസിനോട് ചേര്‍ന്നും പന്തെറിയുമ്പോള്‍ ബാറ്റ്‌സ്മാന് എളുപ്പത്തില്‍ വലിയ ഷോട്ട് കളിക്കാനാവില്ല. അതിനാല്‍ പന്തിന്റെ അംഗിളുകള്‍ക്ക് മത്സരത്തില്‍ വലിയ പ്രാധാന്യമുണ്ട്. ബൗളിങ്ങില്‍ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാനാണ് എപ്പോഴും ശ്രമിക്കുന്നത്'- ഹര്‍ഷല്‍ പട്ടേല്‍ പറഞ്ഞു.

ഇന്ത്യയിലെ വലിയ പിച്ചുകളില്‍ വളരെ ഫലപ്രദമായ ബൗളറാണ് ഹര്‍ഷല്‍ പട്ടേല്‍. സ്ലോ ബോളുകളിലൂടെ ബാറ്റ്‌സ്മാനെ കുടുക്കാന്‍ അദ്ദേഹത്തിനാവും. ഓരോ പന്തിലും മാറ്റി മാറ്റി പരീക്ഷണം നടത്തുന്നത് ഹര്‍ഷലിന്റെ നേരിടാന്‍ പ്രയാസമുള്ള ബൗളറാക്കിത്തീര്‍ക്കുന്നു. അതിവേഗ പന്തുകള്‍ എറിയാറില്ലാത്ത ഹര്‍ഷലിന്റെ ബൗളിങ് ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാണോയെന്ന് കണ്ടറിയണം. അടുത്ത ടി20 ലോകകപ്പിന് വേദിയാവുന്നത് ഓസ്‌ട്രേലിയയാതിനാല്‍ അതിവേഗ ബൗളര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാനാണ് സാധ്യത.
യുഎഇ ലോകകപ്പില്‍ സെമി പോലും കാണാതെ പുറത്തായ ഇന്ത്യ ഓസ്‌ട്രേലിയ ലോകകപ്പില്‍ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകന് കീഴില്‍ പുതിയ തന്ത്രങ്ങളുമായി മുന്നോട്ട് പോകുന്ന ഇന്ത്യ ഇടവേളക്ക് ശേഷം അടുത്ത ഐസിസി ട്രോഫി സ്വന്തമാക്കുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications