IND vs NZ T20: ഈ അഞ്ച് താരങ്ങളെ ഇന്ത്യ കൈവിടരുത്, അടുത്ത ലോകകപ്പില്‍ ടീമിന് മുതല്‍ക്കൂട്ടായേക്കും
ജയ്പൂര്‍: യുഎഇയില്‍ ടി20 ലോകകപ്പ് അവസാനിക്കുമ്പോള്‍ ഇന്ത്യക്കുള്ളത് ഓര്‍ക്കാനിഷ്ടപ്പെടാത്ത ഓര്‍മകള്‍ മാത്രമാണ്. യുഎഇയില്‍ ഐപിഎല്‍ കളിച്ചെത്തിയ ഇന്ത്യക്ക് തൊട്ടതെല്ലാം പൊന്നാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിപരീത ഫലമാണുണ്ടായത്. അമിത ജോലിഭാരം ഇന്ത്യന്‍ താരങ്ങളെ തളര്‍ത്തിയതോടെ സെമി പോലും കാണാതെ ഇന്ത്യ പുറത്തായി. ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്താനോട് തോറ്റുവെന്ന ചീത്തപ്പേരും ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നു.
ഇത്തവണ ടി20 ലോകകപ്പില്‍ വിരാട് കോലിയെന്ന നായകനും രവി ശാസ്ത്രിയെന്ന പരിശീലകനും കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ രോഹിത് ശര്‍മയെന്ന ക്യാപ്റ്റനും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും കീഴിലാവും ഇന്ത്യ ഇറങ്ങുക. ഇത്തവണത്തെ ലോകകപ്പിലെ തെറ്റുകളില്‍ നിന്ന് പഠിച്ച് അടുത്ത തവണ അടിമുടി മാറ്റങ്ങളോടെയാവും ഇന്ത്യ ഇറങ്ങുക. ന്യൂസീലന്‍ഡിനെതിരായ പരമ്പര ഇതിന്റെ തുടക്കമാവും. വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്കായി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ട ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.
IND vs NZ: രോഹിത് ക്യാപ്റ്റന്‍സി വിടുന്നതാണ് നല്ലത്!- ചാഹലിനെ ഒഴിവാക്കിയതില്‍ ഫാന്‍സിന് രോഷം

വെങ്കടേഷ് അയ്യര്‍
വളരെ പോസിറ്റീവായി കളിക്കുന്ന യുവതാരമാണ് വെങ്കടേഷ് അയ്യര്‍. സമ്മര്‍ദ്ദം തോന്നാത്ത ബാറ്റിങ് ശൈലിയാണ് അദ്ദേഹത്തിന്റേത്. ഇടം കൈയന്‍ ഓപ്പണറായ വെങ്കടേഷ് മീഡിയം പേസര്‍കൂടിയാണ്. കെകെആറിനായി ഏഴ് മത്സരങ്ങളില്‍ നിന്ന് 370 റണ്‍സടിച്ചതോടെയാണ് മധ്യപ്രദേശുകാരനായ താരം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 155 റണ്‍സും അഞ്ച് വിക്കറ്റും നേടിയതോടെയാണ് അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. ഇന്ത്യ അടുത്ത ലോകകപ്പിനായി വളര്‍ത്തിക്കൊണ്ടുവരേണ്ട പ്രതിഭകളിലൊരാളാണ് വെങ്കടേഷ് അയ്യര്‍.

ഇഷാന്‍ കിഷന്‍
ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. പകരക്കാരന്റെ റോളിലാണ് ഇഷാനെ പലപ്പോഴും പരിഗണിക്കുന്നത്. എന്നാല്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ട പ്രതിഭയാണ് ഇഷാന്‍. ആഞ്ഞടിച്ച് കളിക്കാന്‍ കെല്‍പ്പുള്ള യുവതാരം ഓപ്പണിങ്ങിലും മധ്യനിരയിലും ഒരു പോലെ മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍ താരമാണ് ഇഷാന്‍. കൃത്യമായ ബാറ്റിങ് പൊസിഷന്‍ നല്‍കിയാല്‍ മുതല്‍ക്കൂട്ടായി മാറാന്‍ ഇഷാന് സാധിച്ചേക്കും.

ടി നടരാജന്‍
ഇത്തവണത്തെ ലോകകപ്പില്‍ തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കേണ്ട താരമായിരുന്നു ടി നടരാജന്‍. എന്നാല്‍ പരിക്ക് നടരാജന് തിരിച്ചടിയാവുകയായിരുന്നു. ഇടം കൈയന്‍ പേസര്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടെന്നിരിക്കെ നടരാജനെ ഇന്ത്യ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. കൃത്യമായി യോര്‍ക്കര്‍ എറിയാന്‍ കെല്‍പ്പുള്ള നടരാജന്‍ വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്. ഓസീസ് പര്യടനത്തിലൂടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം നടത്താന്‍ നടരാജനായിരുന്നു. 2020ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് നടരാജന്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. പരിക്കിന് ശേഷം തിരിച്ചെത്തുന്ന നടരാജന് ഇന്ത്യ ആവിശ്യത്തിന് സമയം നല്‍കി തിരിച്ചുവരാന്‍ അവസരം ഒരുക്കേണ്ടതായുണ്ട്.

ഉമ്രാന്‍ മാലിക്ക്
2021ലെ ഐപിഎല്ലിന്റെ കണ്ടെത്തലാണ് ജമ്മു കാശ്മീര്‍ പേസറായ ഉമ്രാന്‍ മാലിക്ക്. മണിക്കൂറില്‍ 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്ന ബൗളറാണ് ഉമ്രാന്‍ മാലിക്ക്. അതിവേഗ ബൗളര്‍മാരുടെ കുറവുള്ള ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ട താരമാണ് ഉമ്രാന്‍ മാലിക്ക്. അടുത്ത തവണ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ്. ഓസ്‌ട്രേലിയയിലെ സാഹചര്യം പേസര്‍മാര്‍ക്ക് അനുകൂലമാണ്. അതിനാല്‍ ഉമ്രാന്‍ മാലിക്കിനെപ്പോലുള്ള മികച്ച പേസര്‍മാരെ കണ്ടെത്തി ഇന്ത്യ വളര്‍ത്തേണ്ടതായുണ്ട്.

ആവേഷ് ഖാന്‍
ഇന്ത്യ അണ്ടര്‍ 16, 19, ഇന്ത്യ എ ടീമിനൊപ്പമെല്ലാം കളിച്ച ആവേഷ് ഖാന്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. മികച്ച വേഗവും ലൈനും ലെങ്തുമുള്ള ആവേഷ് 16 മത്സരത്തില്‍ നിന്ന് 24 വിക്കറ്റാണ് നേടിയത്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ആവേഷ് ഖാന്‍. ഇതാണ് ന്യൂസീലന്‍ഡ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് ഇടം നേടിക്കൊടുത്തതും. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള ആവേഷ് ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications