ന്യൂസിലാന്റിനെതിരായ ആദ്യ രണ്ട് ടി 20 യിലും ഇന്ത്യന്‍ ടീം മിന്നുന്ന ജയം സ്വന്തമാക്കിയെങ്കിലും സഞ്ജു സാംസണിന്റെ മോശം ഫോമില്‍ നിരാശരാണ് ആരാധകര്‍. ടി 20യില്‍ മികച്ച റെക്കോഡുള്ള സഞ്ജു സാംസണ്‍ വളരെക്കാലമായി മോശം ഫോമിലാണ്. അദ്ദേഹത്തിന്റെ അവസാന അര്‍ധ സെഞ്ച്വറി പിറന്നിട്ട് എട്ട് ഇന്നിംഗ്സുകള്‍ കഴിഞ്ഞു. അതിനാല്‍ തന്നെ സഞ്ജുവിന്റെ മോശം ഫോം ഇന്ത്യയുടെ വിജയത്തിലും ആരാധകര്‍ക്ക് നിരാശ പകരുന്നു.
കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ബാറ്റിംഗ് പൊസിഷന്‍ നിരന്തരം മാറിക്കൊണ്ടിരുന്നു. ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഗില്‍ പരാജയപ്പെട്ടതോടെ ഓപ്പണിംഗ് പൊസിഷനിലേക്ക് തന്നെ സഞ്ജു മടങ്ങിയെത്തി. മാത്രമല്ല ടി20 ലോകകപ്പ് ടീമില്‍ പ്രാഥമിക കീപ്പറായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇതോടെ സഞ്ജു തന്നെ ഓപ്പണിംഗ് സ്ഥാനത്ത് തുടരും എന്ന് ഉറപ്പായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറെ മത്സരങ്ങളായി സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് റണ്‍സ് വരുന്നില്ല. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടി20യില്‍, ഡെവണ്‍ കോണ്‍വേയുടെ സ്‌ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ ഒരു ക്യാച്ച് കൈവിട്ടില്ലായിരുന്നെങ്കില്‍ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി പുറത്താകുമായിരുന്നു. എന്നിരുന്നാലും, ചേസിന്റെ ആദ്യ ഓവറില്‍ തന്നെ അദ്ദേഹം വീണു.
മാറ്റ് ഹെന്റി കൂടുതല്‍ റണ്‍സ് ചേര്‍ക്കാതെ അദ്ദേഹത്തെ പുറത്താക്കി. നാഗ്പൂരിലെ ആദ്യ മത്സരത്തില്‍ 10 റണ്‍സിനായിരുന്നു സഞ്ജു പുറത്തായത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ എട്ട് ഇന്നിംഗ്സുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അവസാന അര്‍ധ സെഞ്ച്വറി വന്നത്. നവംബര്‍ 24-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അവസാന സെഞ്ച്വറി നേടിയത്, അതിനുശേഷം വലിയ സ്‌കോറുകള്‍ ഒന്നും നേടിയിട്ടില്ല.
50-ലധികം മത്സരങ്ങളുള്ള കരിയറില്‍ അദ്ദേഹത്തിന്റെ ശരാശരി 25-ല്‍ താഴെയാണ്, സ്‌ട്രൈക്ക് റേറ്റ് 147 ആണ്. ഈ കണക്കുകള്‍ക്കിടയില്‍ ശുഭ്മാന്‍ ഗില്ലിനെ തിരികെ കൊണ്ടുവരണം എന്ന മുറവിളികള്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയത് ശരിയായ തീരുമാനമല്ല എന്നാണ് ഇവരുടെ വാദം. ഇഷന്‍ കിഷന്റെ ഇന്നലത്തെ വെടിക്കെട്ട് പ്രകടനം കണ്ട് അദ്ദേഹത്തെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാക്കണം എന്ന വാദവും ഉയരുന്നുണ്ട്.
സഞ്ജു സാംസണിനേക്കാള്‍ മികച്ച നമ്പറുകള്‍ ഗില്ലിനുണ്ട്. 36 ടി20 മത്സരങ്ങളില്‍ നിന്ന് 28 ശരാശരിയില്‍ 869 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്, സ്‌ട്രൈക്ക് റേറ്റ് 140 ന് അടുത്താണ്. സഞ്ജുവിനാകട്ടെ 52 മത്സരങ്ങളില്‍ നിന്ന് 1032 റണ്‍സാണ് ഉള്ളത്. സ്‌ട്രൈക്ക് റേറ്റ് 148 ഉണ്ടെങ്കിലും ശരാശരി 25 മാത്രമെ ഉള്ളൂ. ഇത് വെച്ചാണ് ശുഭ്മാന്‍ ഗില്‍ ആരാധകര്‍ അദ്ദേഹത്തിനായി മുറവിളി കൂട്ടുന്നത്.
ടി 20 ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ ടീം അവസാന നിമിഷം ഒരു മാറ്റം വരുത്തി വീണ്ടും ഗില്ലിനെ ടീമില്‍ എടുത്തേക്കില്ല. ഏതായാലും. ഈ ന്യൂസിലന്‍ഡ് പരമ്പര സഞ്ജുവിന് നിര്‍ണായകമാണ്. സഞ്ജു ടി20 ലോകകപ്പിലേക്ക് പോയാലും, 2024 ലെ ഹ്രസ്വ സ്‌പെല്ലിന് പുറമെ, അദ്ദേഹത്തിന് ഒരിക്കലും ലഭിക്കാത്ത ഒരുതരം സ്ഥിരത നേടാനുള്ള അവസാന അവസരമായിരിക്കാം ഇത് എന്നുറപ്പാണ്. 2024 ല്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായപ്പോഴാണ് സഞ്ജു ടി20 യിലെ മൂന്ന് സെഞ്ച്വറികള്‍ നേടിയത്.