IND vs NZ: ടി20യില്‍ സൂര്യയെത്തി, ടെസ്റ്റില്‍ കോലിയുടെ പകരക്കാരന്‍? അത് ശ്രേയസെന്നു സൂചന
ന്യൂസിലാന്‍ഡിനെതിരേ ഈയാഴ്ച കാണ്‍പൂരില്‍ ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് യുവതാരം ശ്രേയസ് അയ്യര്‍. നായകന്‍ വിരാട് കോലിക്കു പകരമാണ് ശ്രേയസ് ടീമിലേക്കു വരുന്നത്. ടി20 പരമ്പരയില്‍ കോലിയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ കളിച്ചത് സൂര്യകുമാര്‍ യാദവായിരുന്നു. ടെസ്റ്റില്‍ ഈ പൊസിഷനിലേക്കാണ് ശ്രേയസിന്റെ വരവ്. കിവികളെ ഇന്ത്യ 3-0നു തൂത്തുവാരിയ ടി20 പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും താരം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ലെങ്കിലും ശ്രേയസ് ആദ്യ ടെസ്റ്റില്‍ അരങ്ങേറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. രോഹിത്, റിഷഭ് പന്ത് എന്നിവരൊന്നും ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി കളിക്കുന്നില്ല. ഈ വര്‍ഷം നാട്ടില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കവെയാണ് ശ്രേയസിന്റെ തോളിനു ഗുരുതരമായി പരിക്കേല്‍ക്കുന്നത്. തുടര്‍ന്നു മാസങ്ങളോളം താരം വിശ്രമത്തിലുമായിരുന്നു. കഴിഞ്ഞ മാസം യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിച്ചായിരുന്നു ശ്രേയസ് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. മടങ്ങിവരവിനു ശേഷം മുമ്പത്തേതു പോലെ ബാറ്റിങില്‍ തിളങ്ങാനായിട്ടില്ലെങ്കിലും ശ്രേയസിന്റെ പ്രതിഭയുടെ കാര്യത്തില്‍ സംശയമില്ല.

ശ്രേയസിന് മികച്ച റെക്കോര്‍ഡ്
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ബാറ്റര്‍ കൂടിയാണ് ശ്രേയസ്. 52.18 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 81.54 സ്‌ട്രൈക്ക് റേറ്റോടെ 4500ന് മുകളില്‍ റണ്‍സ് താരം നേടിയിട്ടുണ്ട്. 12 സെഞ്ച്വറികളും 23 ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്. എന്നാല്‍ കഴിഞ്ഞ 24 മാസത്തിനിടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഒരു മല്‍സരം ശ്രേസയസിനു കളിക്കാനായിട്ടില്ല. 2019ലെ ഇറാനി കപ്പിലായിരുന്നു താരം അവസാനമായി ബാറ്റേന്തിയത്.

ബാക്കപ്പ് താരമാക്കാം
ടെസ്റ്റില്‍ കോലിയുടെ ബാറ്റിങ് പൊസിഷനായ നാലാം നമ്പറില്‍ ഇന്ത്യക്കു ഏറ്റവുമധികം പ്രതീക്ഷ നല്‍കുന്നയാള്‍ ശ്രേയസാണ്. കെഎല്‍ രാഹുലിന് ഈ പൊസിഷനില്‍ കളിക്കാനാവുമെങ്കിലും അദ്ദേഹത്തെ മധ്യനിരയിലേക്കു മാറ്റിയാല്‍ ഓപ്പണിങിലെ സ്ഥിരത നഷ്ടമാവും. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറുടെ റോളില്‍ രാഹുല്‍ മികച്ച പ്രകടനം നടത്തിയിരുന്നു. രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരുടെ ബാക്കപ്പായി ടെസ്റ്റില്‍ ഇന്ത്യക്കു ഉയര്‍ത്തിക്കൊണ്ടു വരാവുന്ന താരം കൂടിയാണ് ശ്രേയസ്. രഹാനെയും പുജാരയും ടെസ്റ്റില്‍ ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ല. അതുകൊണ്ടു തന്നെ പകരക്കാരെ കണ്ടെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനവുമാണ്.

മൂന്നു സ്പിന്നര്‍മാര്‍
പിച്ചിന്റെ സ്വഭാവം കൂടി കണക്കിലെടുത്തായിരിക്കും ആദ്യ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ ഇന്ത്യ പ്രഖ്യാപിക്കുന്നത്. 2016ലാണ് അവസാനമായി ഇന്ത്യ ഇവിടെ ടെസ്റ്റ് കളിച്ചത്. അതിനു ശേഷം ഓരോ ടി20യും ഏകദിനവും മാത്രമേ ഇന്ത്യ ഇവിടെ കളിച്ചിട്ടുള്ളൂ. ഇതുവരെയുള്ള ഈ പിച്ചിലെ ചരിത്രം കണക്കിലെടുക്കുമ്പോള്‍ സ്പിന്നര്‍മാരെ ഏറെ തുണയ്ക്കുന്നതാണെന്നു കാണാം. അതുകൊണ്ടു തന്നെ മൂന്നു സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിച്ചേക്കും. ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരായിരിക്കും ടീമിലുണ്ടാവുക.
പേസ് ബൗളിങ് കൈകാര്യം ചെയ്യുക വെറ്ററന്‍ താരം ഇഷാന്ത് ശര്‍മയും മുഹമ്മദ് സിറാജും ചേര്‍ന്നായിരിക്കും. എന്നാല്‍ പിച്ചിന്റെ സ്വഭാവം കണക്കിലെടുത്തായിരിക്കും ഇന്ത്യ ടീം കോമ്പിനേഷന്‍ തീരുമാനിക്കുക. പേസ് ബൗളിങിനെ കൂടി തുണയ്ക്കാനിടയുണ്ടെങ്കില്‍ മൂന്നു പേസര്‍മാരെ കളിപ്പിച്ചേക്കും. ഉമേഷ് യാദവായിരിക്കും മൂന്നാം പേസറായി ടീമിലേക്കു വരിക.

ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍
കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍/ ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications