നാഗ്പൂര്‍: ആവേശകരമായ ഏകദിന പരമ്പരയ്‌ക്കൊടുവില്‍ ഇനി ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പോരാട്ടങ്ങളുടെ സമയമാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയ്ക്കു ബുധനാഴ്ച നാഗ്പൂരില്‍ തുടക്കമാവും. ഐസിസി ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ അവസാന പടയൊരുക്കം കൂടിയാണിത്.
അതുകൊണ്ടു തന്നെ ലോകകപ്പിന്റെ അതേ ഗൗരവത്തോടെ തന്നെയാവും സൂര്യകുമാര്‍ യാദവും സംഘവും ഈ പരമ്പരയെ സമീപിക്കുക. ലോകകപ്പിലെ അതേ ലൈനപ്പ് തന്നെ കിവികള്‍ക്കെതിരേയും ഇന്ത്യ അണിനിരത്തുമെന്നുറപ്പാണ്. ആദ്യ ടി20യിലെ സാധ്യതാ ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

ഇലവനില്‍ ആരൊക്കെ?
ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങുക ലോക ഒന്നാംനമ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മയും മലയാളി സൂപ്പര്‍ താരം സഞ്ജു സാംണുമായിരിക്കും. ഈ പരമ്പരയില്‍ മാത്രമല്ല വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇവര്‍ തന്നെ ടീമിനായി ഓപ്പണിങില്‍ ഇറങ്ങും.
വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയതോടെ സഞ്ജുവിന്റെ റൂട്ട് ക്ലിയറായിരിക്കുകയാണ്. ഇനി ഓപ്പണിങ് സ്ഥാനത്തക്കു അദ്ദേഹത്തിനു ആരും ഭീഷണിയുയര്‍ത്തുന്നില്ല. അതുകൊണ്ടു തന്നെ ഓപ്പണറായി ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി മുതലാക്കാന്‍ ശ്രമിക്കുകയെന്നത് മാത്രമാണ് സഞഞ്ജു ഇനി ചെയ്യാനുള്ളത്.
പരിക്കു കാരണം മൂന്നാം നമ്പറില്‍ തിലക് വര്‍മയുടെ സേവനം ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ഇന്ത്യക്കു ലഭിക്കില്ല. പകരക്കാരനായി ശ്രേയസ് അയ്യര്‍ ടീമിലേക്കു വന്നിട്ടുണ്ടെങ്കിലും ഇന്ത്യ കളിപ്പിച്ചേക്കുക ഇഷാന്‍ കിഷനെയാണ്.
കാരണം അദ്ദേഹം ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റിനു മുമ്പ് പരമാവധി കളിക്കാനുള്ള അവസരങ്ങളും നല്‍കിയേ തീരൂ. എങ്കില്‍ മാത്രമേ ലോകകപ്പില്‍ അവസരം കിട്ടിയാല്‍ ഇഷാന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിക്കുകയുള്ളൂ.
ഇഷാനു ശേഷം നാലാം നമ്പറില്‍ പതിവുപോലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുണ്ടാവും. കഴിഞ്ഞ വര്‍ഷം ഒരു ഫിഫ്റ്റി പോലും നേടാനാവാതെ പാടുപെട്ട അദ്ദേഹം ഈ വര്‍ഷം തന്റെ സമയം തെളിയുമെന്ന പ്രതീക്ഷയിലാണ്. ലോകകപ്പിനു മുമ്പ് ഏറ്റവും മികച്ച ഫോം വീണ്ടെടുക്കാന്‍ സൂര്യക്കു ലഭിക്കുന്ന അവസാന അവസരം കൂടിയായിരിക്കും ഇത്.

അഞ്ചാം നമ്പറില്‍ കളിക്കുക സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയാവും. ഇതുവഴി ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ ടീമിനു ലഭിക്കുകയും ചെയ്യും. ദുബെ കഴിഞ്ഞാല്‍ ആറാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാവും ക്രീസിലെത്തുക.
പിന്നാലെ ഫിനിഷര്‍ റോളില്‍ റിങ്കു സിങിനെ പ്രതീക്ഷിക്കാം. ഈ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ടി20 ലോകകപ്പിലും അദ്ദേഹത്തിന് ഇലവനില്‍ സ്ഥാനമുറപ്പിക്കാം. എട്ടാമനായി കളിക്കുക ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും.ബാറ്റിങിനൊപ്പം ബൗളിങിലും അദ്ദേഹം ടീമിനു മുതല്‍ക്കുട്ടാണ്.
സൂപ്പര്‍ സ്പിന്നറായ കുല്‍ദീപ് യാദവിനെ ഇന്ത്യ കളിപ്പിച്ചേക്കില്ല. പകരം വരുണ്‍ ചക്രവര്‍ത്തിയാവും സ്പിന്‍ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുക. തുടര്‍ന്നു രണ്ടു പേസര്‍മാരായി സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറുയും അര്‍ഷ്ദീപ് സിങും ടീമിലുണ്ടാവും.
ആദ്യ ടി20യിലെ സാധ്യതാ 11
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.