പൂനെ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മ ദുരന്തമായപ്പോള്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനം കാഴ്ചവെക്കാന്‍ ടീമിലെ മറ്റാര്‍ക്കും സാധിച്ചില്ലെന്നതാണ് വസ്തുത. ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചക്ക് പിന്നാലെ ടീം തോല്‍വിയിലേക്ക് പോവുകയാണെന്ന് തന്നെ പറയാം. അങ്ങനെ വന്നാല്‍ നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യക്ക് നാട്ടില്‍ ടെസ്റ്റ് പരമ്പര കൈവിടേണ്ടി വരും.
ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതാണ് ടീമിന് തിരിച്ചടിയായത്. ഇതില്‍ എടുത്തു പറയേണ്ടത് വിരാട് കോലിയുടെ പ്രകടനമാണ്. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമായ വിരാട് കോലിക്ക് സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. പൂനെയില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള കോലി രണ്ടാം ടെസ്റ്റില്‍ ഒരു റണ്‍സെടുത്താണ് പുറത്തായത്. മോശം ഫോമില്‍ തുടര്‍ന്നിട്ടും കോലിയെ മാറ്റി നിര്‍ത്താന്‍ ഇന്ത്യ തയ്യാറായിട്ടില്ല.
മറ്റ് താരങ്ങളെ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോമിലേക്കെത്താന്‍ നിര്‍ദേശിക്കുന്ന ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കോലിയോട് മാത്രം ഒന്നും പറയുന്നില്ല. ഇപ്പോഴിതാ കോലി മോശം ഫോമില്‍ തുടരുമ്പോള്‍ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിക്കണമോയെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ അനില്‍ കുംബ്ലെ.
കോലി ആഭ്യന്തരം കളിക്കുന്നതാണ് നല്ലത്
വിരാട് കോലി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതാണ് നല്ലത്. പരിശീലനത്തെക്കാള്‍ എന്തുകൊണ്ടുംനല്ലത് കളിക്കുമ്പോള്‍ ലഭിക്കുന്ന അനുഭവമാണ്. ഇത് നമുക്ക് കൂടുതല്‍ മേല്‍ക്കോയ്മ നല്‍കും. ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുകയാണെങ്കില്‍ കോലിക്ക് ആഭ്യന്തരം കളിക്കാം. കോലി ക്രീസിലേക്കെത്തുമ്പോള്‍ പിച്ച് സ്പിന്നിന് അനുകൂലമായിരുന്നു. അതൊരു പ്രധാനപ്പെട്ട കാര്യമാണ്. കോലിക്ക് സ്പിന്നിനെ നേരിടുമ്പോള്‍ വലിയ വെല്ലുവിളിയാണുള്ളത്' കുംബ്ലെ സ്‌പോര്‍ട്‌സ് 18യോട് സംസാരിക്കവെ പറഞ്ഞു.
കോലിക്ക് സ്പിന്നിനെതിരേ മികച്ച റെക്കോഡ് അവകാശപ്പെടാം. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. സ്പിന്നര്‍മാര്‍ക്കെതിരേ ഒന്നും ചെയ്യാനാവാത്ത പ്രകടനമാണ് കോലി നടത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ 26 ഇന്നിങ്‌സില്‍ നിന്ന് സ്പിന്നര്‍മാര്‍ക്കെതിരേ 606 റണ്‍സ് മാത്രമാണ് ഏഷ്യന്‍ പിച്ചില്‍ കോലി നേടിയത്. ശരാശരി 28.85 മാത്രമാണ്. 49.67 മാത്രമാണ് സ്‌ട്രൈക്ക് റേറ്റ്. 21 തവണയാണ് പുറത്തായത്. സ്പിന്നിനെതിരായ കോലിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് നിസംശയം പറയാം.

കോലിയും രോഹിത്തും ബാധ്യത
സീനിയര്‍ താരങ്ങളെന്ന നിലയിലും ഇതിന് മുമ്പ് ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയിട്ടുണ്ടെന്ന വസ്തുത പരിഗണിക്കുമ്പോഴും കോലിയേയും രോഹിത്തിനേയും ഇന്ത്യ പിന്തുണക്കണം. എന്നാല്‍ ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഇരുവര്‍ക്കും വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. രണ്ട് പേരേയും പുറത്തിരുത്തി പകരം സാങ്കേതിക മികവുള്ള താരങ്ങളെ ഇന്ത്യ കൊണ്ടുവരേണ്ടതായുണ്ട്. ടെസ്റ്റില്‍ കോലിക്ക് പഴയതുപോലെ സാങ്കേതിക മികവില്ല.
ഈ സാഹചര്യത്തില്‍ കോലിക്ക് പകരം റുതുരാജ് ഗെയ്ക് വാദിനെ കളിപ്പിക്കാവുന്നതാണ്. പ്രതിഭാശാലികളായ താരങ്ങള്‍ക്ക് അവസരമൊരുക്കാന്‍ കോലി വഴിമാറിക്കൊടുക്കേണ്ടതാണ്. നേരത്തെ കോലി ഫോം ഔട്ടായ സാഹചര്യത്തില്‍ അദ്ദേഹം സ്വയം ഇടവേളയെടുത്ത് പോയിരുന്നു. പിന്നീട് ഫോം കണ്ടെത്തി ശക്തമായി തിരിച്ചെത്താനും സാധിച്ചിരുന്നു. ഇതാണ് കോലി ഇപ്പോഴും ചെയ്യേണ്ടത്. ഇതേ മോശം ഫോമില്‍ ടീമില്‍ തുടര്‍ന്നാല്‍ കോലിക്കത് വലിയ തിരിച്ചടിയാവും.
ഇന്ത്യക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം നോക്കുമ്പോള്‍ ആത്മവിശ്വാസമില്ലെന്ന് വ്യക്തം. ഇത്രയും മോശം ശരീര ഭാഷയോടെ അടുത്തൊന്നും ഇന്ത്യന്‍ ടീമിനെ കണ്ടിട്ടില്ല. ഓസ്‌ട്രേലിയന്‍ പര്യടനം വരാനിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പരമ്പരയാണ് കാത്തിരിക്കുന്നത്. ഈ സമയത്ത് ഇന്ത്യ നാട്ടില്‍ ഇത്രയും നിരാശപ്പെടുത്തി കളിക്കുമ്പോള്‍ വലിയ നാണക്കേട് ഓസീസില്‍ നേരിടാന്‍ സാധ്യതയുണ്ട്.
ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങളെല്ലാം മികച്ച റെക്കോഡുള്ളവരാണ്. സാങ്കേതികമായി ചെറിയ മാറ്റങ്ങളോടെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇവര്‍ക്ക് സാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ തകര്‍പ്പന്‍ മടങ്ങിവരവ് ഉണ്ടാവുമോയെന്നത് കാത്തിരുന്ന് കാണാം.