പൂനെ: ഇന്ത്യക്കെതിരേയുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ഡ്രൈവിങ് സീറ്റില്‍. ആദ്യ ടെസ്റ്റിനു പിന്നാലെ രണ്ടാമങ്കത്തിലും കിവികള്‍ ആധിപത്യം നേടിയിരിക്കുകയാണ്. 103 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ കിവികള്‍ രണ്ടാംദിനം നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റിനു 198 റണ്‍സെടുത്തിട്ടുണ്ട്.
മൂന്നു ദിവസവും അഞ്ചു വിക്കറ്റുകളും ശേഷിക്കെ ന്യൂസിലാന്‍ഡ് 301 റണ്‍സിന്റെ ആധികാരിക ലീഡ് കൈക്കലാക്കി കഴിഞ്ഞു. ടോം ബ്ലെണ്ടലും (30) ഗ്ലെന്‍ ഫിലിപ്‌സുമാണ് (9) ക്രീസിലുള്ളത്. ക്യാപ്റ്റന്‍ ടോം ലാതം (86), ഡെവന്‍ കോണ്‍വേ (17), വില്‍ യങ് (23), രചിന്‍ രവീന്ദ്ര (9), ഡാരില്‍ മിച്ചെല്‍ (18) എന്നിവരെയാണ് ഇന്ത്യ മടക്കിയത്.

തകര്‍ന്നടിഞ്ഞ് ഇന്ത്യ
ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 259 റണ്‍സിനു മറുപടിയില്‍ ഇന്ത്യ രണ്ടാം ദിനം മികച്ച സ്‌കോറുമായി തിരിച്ചടിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ കിവികളൊരുക്കിയ സ്പിന്‍ കെണിയില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ലഞ്ച് ബ്രേക്കിനു തൊട്ടുപിന്നാലെ വെറും 156 റണ്‍സിനു ഇന്ത്യ കൂടാരം കയറുകയായിരുന്നു. ആദ്യദിനം ഏഴു വിക്കറ്റുകളുമായി വാഷിങ്ടണ്‍ സുന്ദറിന്റെ ഊഴമായിരുന്നെങ്കില്‍ ഇന്നു മിച്ചെല്‍ സാന്റ്‌നറായാണ് ഹീറോയായത്. ഇന്ത്യയുടെ ഏഴു വിക്കറ്റുകളാണ് കിവി ഓള്‍റൗണ്ടര്‍ പോക്കറ്റിലാക്കിയത്.
ഒരാള്‍ക്കു പോലും ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഫിഫ്റ്റി തികയ്ക്കാന്‍ കഴിഞ്ഞില്ല. 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലും 30 റണ്‍സ് വീതവുമെടുത്തു. മറ്റാരും 20 പോലുമെത്തിയില്ല. നായകന്‍ രോഹിത് ശര്‍മ (0), വിരാട് കോലി (1), റിഷഭ് പന്ത് (18), സര്‍ഫറാസ് ഖാന്‍ (11), ആര്‍ അശ്വിന്‍ (4), വാഷിങ്ടണ്‍ സുന്ദര്‍ (18*), ആകാശ്ദീപ് (6), ജസ്പ്രീത് ബംറ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.
ഒരു വിക്കറ്റിനു 16 റണ്‍സെന്ന നിലയിലാണ് ന്യൂസിലാന്‍ഡ് ഇന്നു കളി പുനരാരംഭിച്ചത്. രണ്ടാം വിക്കറ്റില്‍ ഗില്‍- ജയ്‌സ്വാള്‍ ജോടി 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഇന്ത്യ പിടിമുറുക്കുമെന്നാണ് തോന്നിച്ചത്. എന്നാല്‍ ടീം സ്‌കോര്‍ 50ല്‍വച്ച് ഗില്ലും 56ല്‍ വച്ച് കോലിയും മടങ്ങിയതോടെ ഇന്ത്യയുടെ പതനം തുടങ്ങി. 100 റണ്‍സാവുമ്പോഴേക്കും ആറു വിക്കറ്റുകള്‍ കളഞ്ഞു കുളിച്ചതോടെ ഇന്ത്യക്കു തിരച്ചുവരവ് അസാധ്യമായി മാറി. ജഡേജയുടെ പ്രകടനമാണ് ടീമിനെ 150 റണ്‍സെങ്കിലും കടക്കാന്‍ സഹായിച്ചത്.
നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനെ 259 റണ്‍സില്‍ ഇന്ത്യ പിടിച്ചുനിര്‍ത്തുകയായിരുന്നു. ഒരു സമയത്തു 300-400 റണ്‍സെങ്കിലും കിവികള്‍ നേടുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. കാരണം മൂന്നു വിക്കറ്റിനു 196 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു അവര്‍. എന്നാല്‍ 63 റണ്‍സിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും ഇന്ത്യ എറിഞ്ഞിടുകയായിരുന്നു.

കരിയര്‍ ബെസ്റ്റ് ബൗളിങ് കാഴ്ചവച്ച വാഷിങ്ടണ്‍ സുന്ദറാണ് കിവികളുടെ ചിറകരിഞ്ഞത്. ഏഴു വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്. 23.1 ഓവറില്‍ 59 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വാഷിങ്ടണ്‍ ഏഴു പേരെ പുറത്താക്കിയത്. മൂന്നു വിക്കറ്റുകളെടുത്ത ആര്‍ അശ്വിന്‍ മികച്ച പിന്തുണയേകി. കിവി ബാറ്റിങ് ലൈനപ്പെടുത്താല്‍ ഡെവന്‍ കോണ്‍വേ (76), രചിന്‍ രവീന്ദ്ര (65) എന്നിവരുടെ ഫിഫ്റ്റികളാണ് അവര്‍ക്കു കരുത്തായത്. മിച്ചെല്‍ സാന്റ്‌നര്‍ 33 റണ്‍സും നേടി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍, ആകാശ്ദീപ്, ജസ്പ്രീത് ബുംറ.
ന്യൂസിലാന്‍ഡ്- ടോം ലാതം (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ബ്ലെണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മിച്ചെല്‍ സാന്റ്നര്‍, ടിം സൗത്തി, വില്ല്യം ഒറൂക്കി.