പൂനെ: ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന് തോറ്റ ക്ഷീണത്തില്‍ ഇന്ത്യ നാളെ രണ്ടാം ടെസ്റ്റിനിറങ്ങുകയാണ്. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ 1-0ന് പിന്നിലുള്ള ഇന്ത്യക്ക് ശേഷിക്കുന്ന രണ്ട് ടെസ്റ്റും ജയിക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് പറയാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് രണ്ട് മത്സരങ്ങളും ജയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മികച്ച ഫോമിലുള്ള ന്യൂസീലന്‍ഡിനെ കീഴ്‌പ്പെടുത്താന്‍ ശക്തമായ പോരാട്ടം തന്നെ ഇന്ത്യ നടത്തേണ്ടതായുണ്ട്.
ആദ്യ മത്സരത്തിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത് ആദ്യ ഇന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയാണ്. മധ്യനിരയുടെ ബാറ്റിങ് പ്രതീക്ഷക്കൊത്ത് ഉയരുകയും ചെയ്തില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ രണ്ടാം മത്സരത്തില്‍ പ്ലേയിങ് 11ല്‍ മാറ്റം വരുത്തുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ആദ്യ മത്സരം കളിക്കാതിരുന്ന ശുബ്മാന്‍ ഗില്‍ രണ്ടാം മത്സരത്തിലൂടെ തിരിച്ചുവരവ് നടത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഗില്‍ മടങ്ങിവരുമ്പോള്‍ ആരാവും പുറത്താവുകയെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്.
രാഹുല്‍ തുടരും, സര്‍ഫറാസ് പുറത്ത്
കെ എല്‍ രാഹുലിന്റെ രണ്ടാം ടെസ്റ്റിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഡെക്കായ രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സെടുത്താണ് പുറത്തായത്. രാഹുലിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് വലിയ വിമര്‍ശനവും കേള്‍ക്കേണ്ടി വന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ പ്ലേയിങ് 11ല്‍ തുടരുമെന്ന വ്യക്തമായ സൂചന ഗൗതം ഗംഭീര്‍ നല്‍കിയിട്ടുണ്ട്.
'സാമൂഹ്യ മാധ്യമങ്ങളില്‍ പറയുന്ന കാര്യങ്ങളല്ല. ടീം മാനേജ്‌മെന്റും ലീഡര്‍മാരും തീരുമാനിക്കുന്നത് എന്താണെന്നതാണ് പ്രധാനപ്പെട്ടത്. രാഹുല്‍ നന്നായിത്തന്നെ ബാറ്റ് ചെയ്യുന്നുണ്ട്. കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരേ പ്രയാസമുള്ള പിച്ചില്‍ മികച്ച ബാറ്റിങ്ങാണ് അവന്‍ നടത്തിയത്. അവന്‍ വലിയ സ്‌കോര്‍ നേടുമെന്ന് എനിക്കുറപ്പുണ്ട്. അതിന് കഴിവുള്ള താരമാണ് രാഹുല്‍. അതുകൊണ്ടാണ് അവനെ ടീം പിന്തുണക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളെ പുറത്തുള്ളവര്‍ വിലയിരുത്തുന്നത് സ്വാഭാവികമാണ്' ഗംഭീര്‍ പറഞ്ഞു.

ഗില്‍ തിരിച്ചെത്തും, റിഷഭും കളിക്കും
ശുബ്മാന്‍ ഗില്‍ പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. താരം പരിശീലനവും നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ ശുബ്മാന്‍ ഗില്‍ കളിക്കുമെന്ന് ഉറപ്പാണ്. ആദ്യ ടെസ്റ്റിനിടെ കാല്‍മുട്ടിന് പരിക്കേറ്റ റിഷഭ് പന്ത് രണ്ടാം ടെസ്റ്റ് കളിക്കുമോയെന്നത് വലിയ ചോദ്യമായിരുന്നു. എന്നാല്‍ റിഷഭ് പൂര്‍ണ്ണ ആരോഗ്യവാനാണെന്നും വിക്കറ്റ് കീപ്പറായി കളിക്കുമെന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഗില്ലും റിഷഭും കളിക്കുമ്പോള്‍ രാഹുലോ സര്‍ഫറാസോ വഴിമാറണം.
ആദ്യ ടെസ്റ്റില്‍ നാലാം നമ്പറിലിറങ്ങി തകര്‍പ്പന്‍ സെഞ്ച്വറി നേടിയെങ്കിലും താരം രണ്ടാം ടെസ്റ്റ് കളിക്കാന്‍ സാധ്യതയില്ല. രാഹുലിനെയാണ് പിന്തുണക്കുന്നതെന്ന് ഗംഭീര്‍ വ്യക്തമാക്കിയതോടെ സര്‍ഫറാസ് രണ്ടാം ടെസ്റ്റ് കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. പരിശീലന സെക്ഷനില്‍ സര്‍ഫറാസ് കാര്യമായ പരിശീലനം നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് ആണ്‍കുഞ്ഞ് പിറന്നത്. എന്തായാലും സര്‍ഫറാസിനെ തഴഞ്ഞാല്‍ അത് വലിയ ചോദ്യമാവുമെന്നുറപ്പാണ്
ഇന്ത്യയുടെ പ്ലേയിങ് 11 മാറ്റമുണ്ടാകുമോ?
ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റമുണ്ടാവാന്‍ സാധ്യതകളുണ്ട്. ആദ്യത്തെ മത്സരത്തിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ഇന്ത്യ സ്പിന്‍ പിച്ചൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്. കുല്‍ദീപ് യാദവിന് വിശ്രമം നല്‍കി പകരം അക്ഷര്‍ പട്ടേലിനെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ഉയര്‍ത്താന്‍ ഇത്തരമൊരു നീക്കം അത്യാവശ്യമാണെന്ന് പറയാം. പേസ് നിരയില്‍ മുഹമ്മദ് സിറാജ് നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ സിറാജിനെ പുറത്തിരുത്തി ഇന്ത്യ ആകാശ് ദീപിനെ കളിപ്പിച്ചേക്കുമെന്നാണ് വിവരം.