മുംബൈ: ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയിലേറ്റ ഞെട്ടിക്കുന്ന പരാജയത്തിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 25 റണ്‍സിനു രോഹിത് ശര്‍മയെയും സംഘത്തെയും കിവികള്‍ വാരിക്കളയുകയായിരുന്നു. 147 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാംദിനം രണ്ടാം സെഷനില്‍ തന്നെ വെറും 121ന് പുറത്താവുകയായിരുന്നു. 64 റണ്‍സിനെടുത്ത റിഷഭ് പന്തിനൊഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല.
ഇതാദ്യമായാണ് സ്വന്തം നാട്ടില്‍ വച്ച് ഒരു പരമ്പരയില്‍ ഇന്ത്യന്‍ ടീം തൂത്തുവാരപ്പെട്ടിരിക്കുന്നത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ വലിയ അഴിച്ചുപണികള്‍ ആവശ്യമാണെന്നു തന്നെയാണ് പരമ്പര നല്‍കുന്ന മുന്നറിയിപ്പ്. ചില മുന്‍നിര താരങ്ങളുടെ ദയനീയ പ്രകടനമാണ് ഇന്ത്യയുടെ ഫ്‌ളോപ്പ് ഷോയ്ക്ക് പിന്നിലെന്നു കാണാം. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ വില്ലന്മാരായി മാറിയ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

രോഹിത് ശര്‍മ
ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പ്രധാന വില്ലന്‍മാരില്‍ ഒരാള്‍ നായകന്‍ രോഹിത് ശര്‍മയാണ്. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും അദ്ദേഹം തികഞ്ഞ പരാജയമായി മാറുകയായിരുന്നു. ടീം സെലക്ഷനിലടക്കം രോഹിത് ചില അബദ്ധങ്ങള്‍ വരുത്തിയിരുന്നു. ബെംഗളൂരുവിലെ ആദ്യ ടെസ്റ്റില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള തീരുമാനം മുതല്‍ രോഹിത് പല മണ്ടത്തരങ്ങളും കാണിച്ചിരുന്നു.
കൂടാതെ പരിചയസമ്പന്നനായ കെഎല്‍ രാഹുലിനു മതിയായ അവസരങ്ങള്‍ നല്‍കാതിരുന്നതും മിന്നുന്ന ഫോമിലുള്ള ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഒരു മല്‍സരം പോലും കളിപ്പിക്കാതിരുന്നതും രോഹിത് കാണിച്ച പ്രധാന പിഴവുകളായിരുന്നു.
ബാറ്റിങിലേക്കു വന്നാല്‍ അവിടെയും കാര്യമായ സംഭാവനകള്‍ ഹിറ്റ്മാനില്‍ നിന്നും ലഭിച്ചില്ല. മൂന്നു ടെസ്റ്റുകളിലെ ആറിന്നിങ്‌സുകളിലായി 15.16 എന്ന ദയനീയ ശരാശരിയില്‍ 91 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഒരു ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും രോഹിത്തിനു എടുത്തുകാണിക്കാനില്ല.
വിരാട് കോലി
മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന വില്ലന്‍. അദ്ദേഹം മറക്കാനാഗ്രഹിക്കുന്ന പരമ്പരകളിലൊന്നായിരിക്കും ഇത്. രോഹിത്തിനെപ്പോലെ കോലിക്കും ഈ പരമ്പരയില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായില്ല.
മൂന്നു ടെസ്റ്റുകളിലെ ആറിന്നിങ്‌സുകളില്‍ നിന്നും കോലിയുടെ സമ്പാദ്യം വെറും 93 റണ്‍സാണ്. 15.50 എന്ന പരിതാപകരമായ ശരാശരിയോടെയാണിത്. സ്പിന്നര്‍മാര്‍ക്കെതിരേ എന്തു ചെയ്യണമെന്നു പോലുമറിയാതെ വലയുന്ന കോലിയെയാണ് പരമ്പരയിലുടനീളം കണ്ടത്. സ്പിന്നര്‍മാര്‍ക്കെതിരേയുള്ള വീക്ക്‌നെസ് പരിഹരിക്കാനായില്ലെങ്കില്‍ വിരമിക്കുകയാവും അദ്ദേഹത്തിനു മുന്നിലുള്ള ഏറ്റവും മികച്ച ഓപ്ഷന്‍.

സര്‍ഫ്രാസ് ഖാന്‍
യുവതാരം സര്‍ഫ്രാസ് ഖാനാണ് ഇന്ത്യയുടെ വില്ലന്‍മാരുടെ നിരയിലുള്ള മൂന്നാമത്തെയാള്‍. ബെംഗളൂരുവിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ബാറ്റിങില്‍ അദ്ദേഹത്തിനു ഒന്നും തന്നെ ചെയ്യാനായില്ല.
ആറിന്നിങ്‌സുകളില്‍ നിന്നും 28.50 ശരാശരിയില്‍ 171 റണ്‍സാണ് സര്‍ഫ്രാസ് നേടിയത്. ബെംഗളൂരു ടെസ്റ്റില്‍ നേടിയ 150 റണ്‍സാണ് മികച്ച പ്രകടനം. ശേഷിച്ച അഞ്ചിന്നിങ്‌സുകളിലായി താരം നേടിയത് വെറും 21 റണ്‍സ് മാത്രമാണ്. രണ്ടിന്നിങ്‌സുകളില്‍ സര്‍ഫ്രാസ് ഡെക്കാവുകയും ചെയ്തു.
ആര്‍ അശ്വിന്‍
വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ് ഇന്ത്യന്‍ പരാജയത്തിനു മറ്റൊരു പ്രധാന കാരണക്കാരന്‍. ബൗളിങിലും ബാറ്റിങിലും പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം അദ്ദേഹത്തിനു പുറത്തെടുക്കാനായില്ല.
മൂന്നു ടെസ്റ്റുകളിലും സ്പിന്‍ ബൗളിങിനെ പിന്തുണയ്ക്കുന്ന പിച്ച് ലഭിച്ചിട്ടും വെറും ഒമ്പതു വിക്കറ്റുകളാണ് അശ്വിനു വീഴ്ത്താനായത്. 3.78 ഇക്കോണമി റേറ്റിലായിരുന്നു ഇത്. ബാറ്റിങിലാവട്ടെ ആറിന്നിങ്‌സുകളില്‍ നിന്നും 8.5 ശരാശരിയില്‍ 51 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ.