ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 402 റണ്‍സാണ് അടിച്ചെടുത്തത്. 356 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനും സന്ദര്‍ശകരായ ന്യൂസീലന്‍ഡിന് സാധിച്ചു. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ച അപ്രതീക്ഷിതമായിരുന്നു. ഇതിന് ശേഷം കിവീസിനെ ഇന്ത്യ എറിഞ്ഞിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ന്യൂസീലന്‍ഡ് ബാറ്റിങ് നിര ഇന്ത്യയെ വിറപ്പിക്കുന്ന പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ 7 വിക്കറ്റിന് 233 എന്ന നിലയിലേക്ക് സന്ദര്‍ശകരെ പൂട്ടാന്‍ ഇന്ത്യക്കായി. എന്നാല്‍ പിന്നീട് എട്ടാം വിക്കറ്റില്‍ ടിം സൗത്തിയും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു. കിവീസ് വാലറ്റം ഇന്ത്യക്ക് വലിയ തിരിച്ചടി നല്‍കിയെന്ന് തന്നെ പറയാം. ഇപ്പോഴിതാ കൃത്യമായ ബൗളിങ് ചെയ്ഞ്ച് നടത്താന്‍ നായകന്‍ രോഹിത്തിനായില്ലെന്ന് വിമര്‍ശിച്ചിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍.
ധോണിയെ മാതൃകയാക്കണം
ഇന്ത്യയുടെ ബൗളര്‍മാര്‍ ന്യൂസീലന്‍ഡിനെ മധ്യനിരയെ പിടിച്ചുകെട്ടി. എന്നാല്‍ വാലറ്റത്തിന് മുന്നില്‍ കളിമറന്നു. കൂട്ടുകെട്ട് പൊളിക്കാന്‍ ഫലപ്രദമായ ബൗളിങ് ചെയ്ഞ്ച് നടത്താന്‍ നായകന്‍ രോഹിത് ശര്‍മക്ക് സാധിച്ചില്ലെന്നാണ് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. എക്‌സിലൂടെയാണ് സഞ്ജയ് പ്രതികരിച്ചത്. മുന്‍ നായകന്‍ എംഎസ് ധോണി ഇക്കാര്യത്തില്‍ മികച്ചവനായിരുന്നുവെന്നും രോഹിത് മാതൃകയാക്കണമെന്നുമാണ് മഞ്ജരേക്കര്‍ പറയുന്നത്.
'കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് മുമ്പ് മികച്ച ബൗളിങ് ചെയ്ഞ്ചുകളിലൂടെ മത്സരം നിയന്ത്രണത്തിലാക്കാന്‍ ധോണിക്ക് സാധിക്കാറുണ്ട്. രോഹിത് ഈ ഗുണം ധോണിയില്‍ നിന്ന് തന്റെ ക്യാപ്റ്റന്‍സിയിലേക്ക് എത്തിക്കണം' സഞ്ജയ് പറഞ്ഞു. സമീപകാലത്ത് ഈ പ്രശ്‌നം ഇന്ത്യയെ കാര്യമായി ബാധിക്കുന്നുണ്ട്. പലപ്പോഴും എതിര്‍ ടീമിന്റെ വാലറ്റം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന് പറയാം. ഇതിനെ ചെറുക്കാന്‍ ഇന്ത്യന്‍ നായകന് സാധിക്കാതെ പോവുകയും ചെയ്യുന്നു.

സൗത്തി-രചിന്‍ കൂട്ടുകെട്ടാണ് വില്ലനായത്
ഇന്ത്യ മികച്ച ബൗളിങ് പ്രകടനത്തോടെ മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും തിരിച്ചടിയായത് ടിം സൗത്തി-രചിന്‍ രവീന്ദ്ര കൂട്ടുകെട്ടാണ്. ഇരുവരും ചേര്‍ന്ന് 137 റണ്‍സാണ് എട്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യക്കായിരുന്നെങ്കില്‍ 300നുള്ളില്‍ കിവീസിനെ ഒതുക്കാനും ലീഡ് 250ല്‍ താഴെ എത്തിക്കാനും ഇന്ത്യക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ഈ കൂട്ടുകെട്ടാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചത്.
വാലറ്റത്തെ പിടിച്ചുകെട്ടാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് സാധിക്കാതെ പോയി. ആര്‍ അശ്വിന് പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്ന് തന്നെ പറയാം. ഇത് ന്യൂസീലന്‍ഡിന് ഗുണം ചെയ്യുകയും ചെയ്തു. വാലറ്റത്തെ പിടിച്ചുകെട്ടാന്‍ നായകനെന്ന നിലയില്‍ രോഹിത്തിന് കാര്യമായൊന്നും ചെയ്യാനായില്ല. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചപ്പോള്‍ രണ്ട് പേസര്‍മാര്‍ മാത്രമായിരുന്നു പ്ലേയിങ് 11ലുണ്ടായിരുന്നത്. ഇത് തിരിച്ചടിയായി മാറിയെന്ന് തന്നെ പറയാം.
ഇന്ത്യക്ക് ജയം എളുപ്പമാവില്ല
ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയം എളുപ്പമാവില്ലെന്ന് തന്നെ പറയാം. സമനിലക്കായി ഇന്ത്യ ശ്രമിക്കാനാണ് സാധ്യത. ആദ്യ ദിനം മഴകൊണ്ടുപോയതിനാലും വമ്പന്‍ ലീഡ് വഴങ്ങേണ്ടി വന്നതിനാലും ഇന്ത്യക്ക് ജയം നേടുക പ്രയാസമാണ്. 356 റണ്‍സ് ലീഡ് മറികടന്ന് വലിയൊരു വിജയലക്ഷ്യം മുന്നോട്ട് വെക്കുക എളുപ്പമല്ല. ഇതിനോടകം ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ രണ്ട് ദിവസം ശേഷിക്കെ ഇന്ത്യ സമനിലക്കായി പൊരുതുന്നതാവും നന്നാവുക. ബംഗ്ലാദേശിനെതിരേ നടത്തിയ ആക്രമണോത്സക ബാറ്റിങ് ന്യൂസീലന്‍ഡിനെതിരേ എളുപ്പമാവില്ലെന്ന് തന്നെ പറയാം.