ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരേ വമ്പന്‍ ലീഡ് നേടാന്‍ സന്ദര്‍ശകര്‍ക്ക് സാധിച്ചു. ഒന്നാം ഇന്നിങ്‌സില്‍ 402 റണ്‍സെടുത്ത ന്യൂസീലന്‍ഡ് 356 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കി. കൂറ്റന്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം തന്നെയാണ് ലഭിച്ചത്. ഓപ്പണിങ്ങില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ രോഹിത്തിനും യശ്വസി ജയ്‌സ്വാളിനുമായി.
52 പന്തില്‍ 35 റണ്‍സുമായി ജയ്‌സ്വാള്‍ ആദ്യം പുറത്തായി. എന്നാല്‍ ഒരുവശത്ത് രോഹിത് മികച്ച പ്രകടനത്തോടെ മുന്നേറി. നായകന്റെ ബാറ്റിങ് പ്രകടനമാണ് അദ്ദേഹം നടത്തിയത്. മോശം പന്തുകളെ കടന്നാക്രമിച്ച് കളിച്ച രോഹിത് 4,6,4 എന്നിങ്ങനെ റണ്‍സ് നേടിയാണ് സെഞ്ച്വറിയിലേക്കെത്തിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ രോഹിത് സെഞ്ച്വറിയിലേക്കെന്ന് തോന്നിക്കവെയാണ് അദ്ദേഹത്തിന്റെ ദൗര്‍ഭാഗ്യകരമായ പുറത്താവല്‍. രോഹിത്തിനെപ്പോലെ ന്യൂസീലന്‍ഡിനും സര്‍പ്രൈസായിരുന്നു ഈ വിക്കറ്റെന്ന് പറയാം.
ഭാഗ്യക്കേടുകൊണ്ട് മാത്രം സംഭവിച്ച വിക്കറ്റ്
മികച്ച ഷോട്ടുകളുമായി മുന്നേറിയ രോഹിത് ശര്‍മയുടെ പുറത്താകല്‍ ഭാഗ്യക്കേടുകൊണ്ട് മാത്രം സംഭവിച്ചതാണെന്ന് പറയാം. സ്പിന്നര്‍ അജാസ് പട്ടേലിന്റെ ഓഫ് സ്റ്റംപ് പന്ത് രോഹിത് പ്രതിരോധിച്ചു. ബാറ്റിന്റെ നടുവില്‍ കൊണ്ട കൃത്യമായ പ്രതിരോധമാണ് രോഹിത് നടത്തിയത്. എന്നാല്‍ പ്രതിരോധിച്ച ശേഷം പന്ത് രോഹിത്തിന്റെ ബാറ്റിനും കാലുകള്‍ക്കുമിടയിലൂടെ സ്റ്റംപിലേക്കെത്തുകയായിരുന്നു. രോഹിത് ശര്‍മ പന്തിന്റെ ദിശ മനസിലാക്കിയപ്പോഴും സ്റ്റംപ് വീണിരുന്നു.
രോഹിത് ശര്‍മക്ക് വിശ്വസിക്കാനാവാത്ത പുറത്താകലായിരുന്നു ഇത്. അതുകൊണ്ടുതന്നെ നിരാശ അപ്പോള്‍ത്തന്നെ അദ്ദേഹം പ്രകടമാക്കുകയും ചെയ്തു. അല്‍പ്പനേരം ക്രീസില്‍ നിരാശയോടെ നിന്ന ശേഷമാണ് രോഹിത് കളം വിട്ടത്. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമായിരുന്നു ഇന്ത്യന്‍ നായകന്റെ മടക്കം. രോഹിത് ഇതേ ഫോമില്‍ ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ അതിവേഗം ലീഡിലേക്കടുക്കാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. അതുകൊണ്ടുതന്നെ രോഹിത്തിന്റെ പുറത്താകല്‍ ഇന്ത്യക്ക് വലിയ നിരാശയായെന്ന് തന്നെ പറയാം.

വിശ്വസിക്കാനാവാതെ ആരാധകരും
രോഹിത് ശര്‍മയുടെ പ്രകടനം കാണികളേയും വളരെയധികം ആവേശത്തിലാഴ്ത്തിയിരുന്നു. ഓരോ ഷോട്ടിലും രോഹിത്തിനായി ആരാധകര്‍ ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു. തന്റെ സ്വാഭാവിക ശൈലിയില്‍ രോഹിത് ആക്രമിച്ച് മുന്നേറവെയാണ് ദൗര്‍ഭാഗ്യകരമായ പുറത്താകല്‍. അതുകൊണ്ടുതന്നെ രോഹിത്തിന്റെ വിക്കറ്റ് വീണത് ആരാധകരേയും നിരാശരാക്കി. ഒരു നിമിഷം മൈതാനം നിശബ്ദമായി മാറിയെന്ന് തന്നെ പറയാം. രോഹിത്തിന്റെ പുറത്താവല്‍ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്.
ഇടവേളക്ക് ശേഷമാണ് രോഹിത് ശര്‍മ മികച്ച ഫോമിലൊരു പ്രകടനം ടെസ്റ്റില്‍ നടത്തുന്നത് കാണുന്നത്. വലിയ സ്‌കോര്‍ നേടാന്‍ ശേഷിയുള്ള താരമായതിനാല്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി പിന്നിട്ടതോടെ എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മയുടെ പുറത്താകലില്‍ അദ്ദേഹത്തിന്റെ ഭാഗ്യക്കേടിനെ ഓര്‍ത്തുള്ള കമന്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.
ഇന്ത്യ പൊരുതുന്നു
ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ശക്തമായ പോരാട്ടമാണ് രണ്ടാം ഇന്നിങ്‌സില്‍ കാഴ്ചവെക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള ശ്രമമാണ് ഇന്ത്യ തുടക്കം മുതല്‍ നടത്തിയത്. ഇത് ഇന്ത്യയെ അതിവേഗത്തില്‍ ലീഡിലേക്കെത്തിക്കാന്‍ സഹായിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആദ്യ ഇന്നിങ്‌സിലെ തകര്‍ച്ചയുടെ സമ്മര്‍ദ്ദം മറന്ന് ഇന്ത്യ ശക്തമായ പോരാട്ടമാണ് പുറത്തെടുക്കുന്നത്.
വിരാട് കോലിയും സര്‍ഫറാസ് ഖാനും താളം കണ്ടെത്തിയതോടെ ഇന്ത്യ അതിവേഗം സ്‌കോര്‍ ഉയര്‍ത്തുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരാനിരിക്കെ ഇന്ത്യക്ക് ജയം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ആക്രമണോത്സക ശൈലിയില്‍ കളിച്ച് വിജയം നേടിയെടുക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്.