ബെംഗളൂരു: ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ റെക്കോര്‍ഡിനു തൊട്ടരികില്‍ നില്‍ക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിന്റെ ഓള്‍ടൈം റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ തകര്‍ക്കാനൊരുങ്ങുന്നത്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹത്തിനു ഇതു തീര്‍ച്ചയായും സാധിക്കുമെന്നു തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
ബംഗ്ലാദേശിനെതിരായ തൊട്ടുമുമ്പത്തെ രണ്ടു ടെസ്റ്റുകളുടെ പരമ്പര രോഹിത്തിനെ സംബന്ധിച്ച് ബാറ്ററെന്ന നിലയില്‍ മികച്ചതായിരുന്നില്ല. രണ്ടു ടെസ്റ്റുകളിലായി നാലു ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിനു വെറും 42 റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്. ഈ നിരാശ ന്യൂസിലാന്‍ഡിനെതിരേയുള്ള പരമ്പയില്‍ മായ്ച്ചുകളയാനായിരിക്കും രോഹിത്തിന്റെ ശ്രമം. ഒപ്പം സെവാഗിന്റെ റെക്കോര്‍ഡും അദ്ദേഹം മറികടന്നേക്കും.

വീരുവിനെ ഓവര്‍ടേക്ക് ചെയ്യുമോ?
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ താരമെന്ന റെക്കോര്‍ഡാണ് രോഹിത് ശര്‍മ ഈ പരമ്പരയില്‍ നോട്ടമിടുന്നത്. നിലവില്‍ 87 സിക്‌സറുകളുമായി ഓള്‍ടൈം ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ് അദ്ദേഹം. മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗാണ് 90 സിക്‌സറുകളോടെ തലപ്പത്തുള്ളത്.
വീരുവിനെ പിന്തള്ളി ഇന്ത്യയുടെ പുതിയ സിക്‌സര്‍ കിങായി മാറാന്‍ ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ ഇനി നാലു സിക്സറുകള്‍ മാത്രമേ അദ്ദേഹത്തിനു ആവശ്യമുള്ളൂ. ഇതു രോഹിത് അനായാസം നേടിയെടുക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രോഹിത്തിനു പിന്നില്‍ ഇന്ത്യയുടെ സിക്‌സര്‍ വീരന്‍മാരുടെ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി (78), ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (69), സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (66) എന്നിവരുമാണ്. രോഹിത്തിനു മാത്രമല്ല ജഡേജയ്ക്കും സിക്‌സര്‍ നേട്ടത്തിന്റെ കാര്യത്തില്‍ വലിയ മുന്നേറ്റം ന്യൂസിലാന്‍ഡിനെതിരേ നടത്താന്‍ കഴിഞ്ഞേക്കും. പരമ്പരയില്‍ വെറും നാലു സിക്‌സറുകള്‍ കുറിക്കാനായാല്‍ സച്ചിനെ പിന്തള്ളി ലിസ്റ്റിലെ പുതിയ നാലാമനായി ജഡേജ മാറും.
അതേസമയം, ടെസ്റ്റിലെ ഓള്‍ടൈം സിക്‌സര്‍ വീരന്‍മാരിലേക്കു വരികയാണെങ്കില്‍ തലപ്പത്തു നില്‍ക്കുന്നത് ഇംഗ്ലണ്ട് ടെസ്റ്റ് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സാണ്. 131 സിക്‌സറുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. സിക്‌സര്‍ നേട്ടത്തില്‍ മൂന്നക്കം കടന്ന മറ്റു രണ്ടു പേര്‍ ന്യൂസിലാന്‍ഡ് മുന്‍ താരം ബ്രെന്‍ഡന്‍ മക്കെല്ലവും ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റുാണ്.
ആറു മുതല്‍ എട്ടു വരെ ആരൊക്കെ?
ഇന്ത്യയുടെ സിക്‌സര്‍ വേട്ടക്കാരുടെ ലിസ്റ്റില്‍ ആറു മുതല്‍ എട്ടു വരെയുള്ള സ്ഥാനങ്ങളിലേക്കു വന്നാല്‍ മൂന്നില്‍ രണ്ടു പേരും നിലവില്‍ മല്‍സരരംഗത്തുള്ളവരാണ്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ആറാംസ്ഥാനത്തു നില്‍ക്കുന്നത്. 59 സിക്‌സറുകളാണ് അദ്ദേഹം റെഡ്‌ബോള്‍ ക്രിക്കറ്റില്‍ അടിച്ചെടുത്തത്.
തൊട്ടുതാഴെയുള്ളത് മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന കപില്‍ ദേവാണ്. 57 സിക്‌സറുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. എട്ടാംസ്ഥാനത്തു യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്. കഴിഞ്ഞ വര്‍ഷം ഈ ഫോര്‍മാറ്റില്‍ അരങ്ങേറിയ താരം 32 സിക്സറുകളാണ് വാരിക്കൂട്ടിയത്. വെറും 20 ടെസ്റ്റുകളില്‍ നിന്നാണിത്.

തലപ്പത്ത് രോഹിത്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പായിച്ച താരമെന്ന ലോക റെക്കോര്‍ഡ് നേരത്തേ തന്നെ രോഹിത് ശര്‍മയ്ക്കു സ്വന്തമാണ്. മൂന്നു ഫോര്‍മാറ്റുകളിലുമായി അദ്ദേഹം ഇതിനകം വാരിക്കൂട്ടിയിട്ടുള്ളത് 623 സിക്‌സറുകളാണ്.
യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് രണ്ടാംസ്ഥാനത്തുള്ളത്. 553 സിക്‌സറുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മൂന്നാം നമ്പറിലുള്ളത് നിലവിലെ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറാണ്. 340 സിക്‌സറുകള്‍ അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു.