ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട് തോറ്റിരിക്കുകയാണ്. എട്ട് വിക്കറ്റിനാണ് ഇന്ത്യയെ സന്ദര്‍ശകരായ ന്യൂസീലന്‍ഡ് തോല്‍പ്പിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 107 റണ്‍സ് വിജയലക്ഷ്യം അനായാസം കിവീസ് മറികടന്നുവെന്ന് പറയാം. 36 വര്‍ഷത്തിന് ശേഷമാണ് ന്യൂസീലന്‍ഡ് ഇന്ത്യയില്‍ ടെസ്റ്റ് ജയിക്കുന്നത്. തട്ടകത്തില്‍ ഇന്ത്യക്കുള്ള മൃഗീയാധിപത്യത്തിനേറ്റ വലിയ തിരിച്ചടിയാണ് ഈ തോല്‍വിയെന്ന് പറയാം. എന്തായാലും ടീമെന്ന നിലയില്‍ ഇന്ത്യക്ക് വലിയ നാണക്കേടായി ഇത് മാറിയിട്ടുണ്ട്.
ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടാമെങ്കിലും പ്രധാന കാരണമായി ഉയരുന്നത് നായകന്‍ രോഹിത് ശര്‍മയുടെ മോശം ക്യാപ്റ്റന്‍സിയാണ്. ആര്‍ അശ്വിനെ വേണ്ടവിധം ഉപയോഗിക്കാതിരുന്നതും ഈര്‍പ്പമുള്ള പിച്ചില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തതുമെല്ലാം രോഹിത്തിന് സംഭവിച്ച വലിയ പിഴവാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രോഹിത്തിന് കീഴില്‍ ഇന്ത്യ നാട്ടില്‍ തോല്‍ക്കുന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരമാണിത്. വിരാട് കോലി ഏഴ് വര്‍ഷം നയിച്ചപ്പോള്‍ നാട്ടില്‍ തോറ്റത് രണ്ട് മത്സരം മാത്രമാണെന്നതാണ് വസ്തുത.
ന്യൂസീലന്‍ഡിനെതിരായ തോല്‍വിക്ക് ശേഷം തന്റെ പിഴവാണ് തോല്‍വിയുടെ പ്രധാന കാരണമെന്ന് പറയാന്‍ രോഹിത് ധൈര്യം കാട്ടിയില്ല. ഇപ്പോഴിതാ എംഎസ് ധോണിയുടെ പഴയ വാക്കുകള്‍ പങ്കുവെച്ച് രോഹിത് ശര്‍മയെ ട്രോളുകയാണ് ആരാധകര്‍. രോഹിത് ധൈര്യമില്ലാത്ത നായകനാണെന്നാണ് ആരാധകര്‍ പറയുന്നത്.
ധോണി അന്ന് സ്വയം കുറ്റം ഏറ്റെടുത്തു
2011-12ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. ഇന്ത്യയെ 4-0നാണ് ഓസീസ് തകര്‍ത്തത്. എംഎസ് ധോണി നയിച്ച പരമ്പരയില്‍ നാണംകെട്ട തോല്‍വി ടീമിന് ഏറ്റുവാങ്ങേണ്ടി വന്നതോടെ വലിയ വിമര്‍ശനം ടീമിനും നായകനുമെതിരേ ഉയര്‍ന്നിരുന്നു. അന്ന് സഹതാരങ്ങളെ പഴിക്കുകയല്ല ധോണി ചെയ്തത്. മറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ എന്റെ പിഴവാണെന്ന് തുറന്ന് പറഞ്ഞ് സഹ താരങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ധോണി സ്വീകരിച്ചത്.
'ഞാന്‍ സ്വയം പഴിക്കുന്നു. കാരണം ഞാന്‍ ഈ ടീമിന്റെ നായകനാണ്. തീര്‍ച്ചയായും ഞാന്‍ തന്നെയാണ് ഈ തോല്‍വിയുടെ കാരണം. അതുകൊണ്ടുതന്നെ ഞാന്‍ സ്വയം പഴി ഏറ്റെടുക്കുന്നു' എന്നാണ് ധോണി പറഞ്ഞത്. കൂടാതെ അന്ന് ടീമിലുണ്ടായിരുന്ന സീനിയര്‍ താരങ്ങളെ ധോണി സംരക്ഷിക്കുന്ന നിലപാടാണെടുത്തത്. സീനിയര്‍ താരങ്ങളെ കുറ്റം പറയേണ്ടതില്ലെന്നും അവരുടെ അനുഭവസമ്പത്ത് യുവതാരങ്ങള്‍ക്ക് വലിയ കരുത്താണെന്നും അന്ന് ധോണി നിലപാടെടുത്തു.

രോഹിത് സ്വയം വിമര്‍ശനം നടത്തുന്നില്ല
ന്യൂസീലന്‍ഡിനെതിരായ തോല്‍വിക്ക് ശേഷം രോഹിത് ശര്‍മയും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും തമ്മില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. രണ്ട് പേരും പരസ്പരം തര്‍ക്കിക്കുന്നതും കാണാനായി. വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് സംസാരിച്ചെങ്കിലും സ്വന്തം പിഴവുകളെക്കുറിച്ച് തുറന്ന് പറഞ്ഞില്ലെന്ന് തന്നെ പറയാം. വലിയ വിമര്‍ശനം നേരിടുമ്പോള്‍ നായകനെന്ന നിലയില്‍ എന്റെ പിഴവാണെന്ന് പറയാന്‍ അദ്ദേഹം ധൈര്യം കാട്ടിയില്ലെന്നതാണ് എടുത്തു പറയേണ്ടത്.
ധോണിയുടെ പഴയ വീഡിയോ പങ്കുവെച്ച് രോഹിത് ധോണിയെ മാതൃകയാക്കണമെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. രോഹിത് ടി20യില്‍ മികച്ച നായകനാണെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ശരാശരി നായകന്‍ മാത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രോഹിത്തിന്റെ ശരിയായ കരുത്ത് മനസിലാക്കാം. അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയ ഇന്ത്യക്ക് ഇത്തവണ നേട്ടം ആവര്‍ത്തിക്കാനാവുമോയെന്നത് കണ്ടറിയാം.
ഇന്ത്യക്ക് കിവീസ് പരമ്പര നേടണം
ഇന്ത്യക്ക് ന്യൂസീലന്‍ഡ് പരമ്പര നേടേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യക്ക് ന്യൂസീലന്‍ഡിനെതിരായ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഫൈനലിലേക്കെത്തുക കടുപ്പമായിരിക്കും. രണ്ടാം ടെസ്റ്റ് പൂനെയിലാണ്. പേസിനെ പിന്തുണക്കുന്ന പിച്ചാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റങ്ങളോടെ ഇറങ്ങി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.