വഡോദര: ഇന്ത്യന്‍ ഏകദിന ടീമിന്റെ യഥാര്‍ഥ ക്യാപ്റ്റന്‍ ആരാണെന്ന സംശയത്തിലാണ് ആരാധകര്‍. കാരണം ഔദ്യോഗികമായി നായക പദവി ശുഭ്മന്‍ ഗില്ലിനാണെങ്കിലും എല്ലാത്തിലും ഇടപെട്ടം നിര്‍ദേശങ്ങള്‍ നല്‍കിയും രോഹിത് ശര്‍മ എവിടെയും കാണാം. ഇതോടെയാണ് ഇതു ശരിക്കും രോഹിത്തിന്റെ ടീം തന്നെയാണോയെന്നു പലും സംശയം പ്രകടിപ്പിക്കുന്നത്.
ന്യൂസിലാന്‍ഡുമായി കഴിഞ്ഞ ദിവസംനടന്ന ആദ്യ ഏകദിനത്തിനിടെയുണ്ടായ സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ടീമിലെ സ്റ്റാര്‍ സ്പിന്നറയ കുല്‍ദീപ് യാദവിനെ കളിയുടെ ബ്രേക്കിനിടെ രോഹിത് ശകാരിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എന്താണ് സംഭവമെന്നറിയാം.

കുല്‍ദീപിനെ ശകാരിച്ചതെന്തിന്?
ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സിനിടെ ബ്രേക്ക് വന്നപ്പോഴാണ് കുല്‍ദീപ് യാദവിനെ രോഹിത് ശര്‍മ ശകാരിക്കുകയും ഉപദേശിക്കുകയും ചെയ്തത്. കളിയുടെ തുടക്കത്തില്‍ കുല്‍ദീപ് ഫീല്‍ഡിങില്‍ വലിയൊരു പിഴവ് വരുത്തിയിരുന്നു. ഹര്‍ഷിത് റാണയെറിഞ്ഞ ആറാം ഓവറിലായിരുന്നു സംഭവം.
ഈ ഓവറിലെ രണ്ടാമത്തെ ബോളില്‍ കിവി ഓപ്പണര്‍ ഹെന്‍ട്രി നിക്കോള്‍സിന്റെ ഒരു ക്യാച്ച് കുല്‍ദീപ് പാഴാക്കിരുന്നു. ടോപ് എഡ്ജായ ബോള്‍ മുകളിലേക്കുയര്‍ന്നപ്പോള്‍ തേര്‍ഡ് മാനില്‍ കുല്‍ദീപ് മുന്നിലേക്ക് ഓടിയെത്തി ക്യാച്ചിനു തുനിയുകയായിരുന്നു. ബോള്‍ അദ്ദേഹത്തിന്റെ കൈകളിലെത്തിയെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണപ്പോള്‍ ബോളും തെറിച്ചുപോയി.
നിക്കോള്‍സ് അപ്പോള്‍ വെറും നാലു റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. ആയുസ് നീട്ടിക്കിട്ടിയ നിക്കോള്‍സ് പിന്നീട് 62 റണ്‍സ് സ്‌കോര്‍ ചെയ്താണ് മടങ്ങിയത്. എടുക്കാമായിരുന്ന ആ ക്യാച്ച് കുല്‍ദീപ് താഴെയിട്ടതില്‍ നായകന്‍ ശുഭ്മന്‍ ഗില്ലും രോഹിതും വിരാട് കോലിയുമെല്ലാം ഒരുപോലെ നിരാശരായാണ് കാണപ്പെട്ടത്. പക്ഷെ ഇക്കാര്യത്തില്‍ കുല്‍ദീപിനെ ശകാരിക്കുകയും ഉപദേശിക്കുകയുമെല്ലാം ചെയ്തത് രോഹിത്താണ്.
ബ്രേക്കിനിടെ കുല്‍ദീപിനെ നന്നായി കുടഞ്ഞ അദ്ദേഹം ഫീല്‍ഡിലേക്കു കൈചൂണ്ടി ചില നിര്‍ദേശങ്ങളും നല്‍കുകയായിരുന്നു. കുല്‍ദീപിന് രോഹിത്തില്‍ നിന്നും ഈ തരത്തിലുള്ള 'ബെല്‍റ്റ് ട്രീറ്റ്‌മെന്റ്' ഇതാദ്യമായല്ല. നേരത്തേ ക്യാപ്റ്റനായിരിക്കെയും കുല്‍ദീപ് ചില അബദ്ധങ്ങള്‍ വരുത്തിയപ്പോള്‍ അദ്ദേഹത്തില്‍ നിന്നും പല തവണ ചീത്ത കേട്ടിട്ടുണ്ട്.
പക്ഷെ ഇവയെല്ലാം കുല്‍ദീപ് എല്ലായ്‌പ്പോഴും വളരെ പോസിറ്റീവായി മാത്രമേ എടുക്കാറുള്ളൂ. രോഹിത്തിന്റെ ശകാരവും ഉപദേശങ്ങളുമെല്ലാം അദ്ദേഹത്തിന്റെ കരിയറിനും ഏറെ ഗുണം ചെയ്തിട്ടുണ്ട്. കിവികള്‍ക്കെതിരേ ക്യാച്ച് കൈവിട്ടതിന്റെ പേരില്‍ ശകാരിക്കുക മാത്രമല്ല ബൗളിങിനിടെ പല തവണ കുല്‍ദീപിന് ചില ടിപ്‌സുകളും രോഹിത് നല്‍കുന്നുണ്ടായിരുന്നു.
അപകടകാരിയായ ഗ്ലെന്‍ ഫിലിപ്‌സിനെ പുറത്താക്കാനുള്ള പ്ലാന്‍ അദ്ദേഹത്തിനു പറഞ്ഞു കൊടുത്തതും ഹിറ്റ്മാനാണ്. കുല്‍ദീപിനെതിരേ ഫിലിപ്‌സ് മുന്നോട്ടു കയറി പുഷ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ബാറ്റില്‍ തട്ടിയുയര്‍ന്ന ബോള്‍ നേരെ കവര്‍ ഏരിയയില്‍ ശ്രേയസ് അയ്യരുടെ കൈകളിലെത്തുകയായിരുന്നു.
19 ബോളില്‍ 12 റണ്‍സാണ് ഫിലിപ്‌സ് നേടിയത്. 34ാം ഓവറിലായിരുന്നു സംഭവം. കളിയില്‍ ഒമ്പതോവറാണ് കുല്‍ദീപ് ബൗള്‍ ചെയ്തത്. 5.78 ഇക്കോണമി റേറ്റില്‍ 52 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുക്കുകയും ചെയ്തു.