ഇന്‍ഡോര്‍: 2024ലെ ടെസ്റ്റ് പരമ്പരയിലെ തൂത്തുവാരലിനു ശേഷം ന്യൂസിലാന്‍ഡ് ടീം ഒരിക്കല്‍ക്കൂടി നാട്ടില്‍ ഇന്ത്യയെ നാണം കെടുത്തിയിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് ഇവിടെ അവര്‍ ഒരു ഏകദിന പരമ്പര ജയിച്ചിരിക്കുന്നത്. അതും രണ്ടാംനിര ടീമിനെ വച്ചാണ് കിവികളുടെ നേട്ടമെന്നത് ഇന്ത്യയുടെ നാണക്കേട് ഇരട്ടിയാക്കുകയും ചെയ്യുന്നു.
വഡോദരയിലെ ആദ്യ കളിയില്‍ ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ ന്യൂസിലാന്‍ഡ് ഈ പരമ്പര ഉറപ്പായും തൂത്തുവാരിയേനെ. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ 338 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുരടേണ്ടി വന്നപ്പോള്‍ തന്നെ ഇന്ത്യന്‍ ടീം പരാജയഭീതിലായിരുന്നു. ഇതു തന്നെ സംഭവിക്കുകയും ചെയ്തു. 296 റണ്‍സിനു ടീം ഓള്‍ഔട്ടായതോടെ കിവികള്‍ 41 റണ്‍സിന്റെ വിജയവും അതോടൊപ്പം പരമ്പര നേട്ടവും ആഘോഷിച്ചു.

photocredit/X
ഈ മല്‍സരത്തിലേറ്റ ഞെട്ടിക്കുന്ന തോല്‍വിക്കു ശേഷം കടുത്ത നിരാശയിലും മാനസികമായി തകര്‍ന്ന അവസ്ഥയിലുമാണ് മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ കാണപ്പെട്ടത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്നറിയാം.
ഏകനായി രോഹിത്
യുവതാരം ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സില്‍ ഇന്ത്യന്‍ ടീമിനു സംഭവിച്ചു കൊണ്ടിരിക്കുന്ന പതനത്തില്‍ രോഹിത് ശര്‍മ എത്ര മാത്രം നിരാശനും ദുഖിതനുമാണെന്നു മുഖഭാവത്തില്‍ നിന്നും വായിച്ചെടുക്കാം. ഇന്‍ഡോറിലെ മല്‍സരത്തിനു ശേഷം കോച്ച് ഗൗതം ഗംഭീറടക്കം ഇന്ത്യന്‍ സംഘത്തിലെ മുഴുവന്‍ പേരും ഗ്രൗണ്ടില്‍ നിന്നും തിരികെ മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
ഗംഭീറിനെ കൂടാതെ വിരാട് കോലി, കെഎല്‍ രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങളെയെല്ലാം ഈ വീഡിയോയില്‍ കാണാം. രാഹുല്‍ മുഹമ്മദ് സിറാജിനൊപ്പവും കോലി ടീമിലെ കോച്ചിങ് സംഘത്തിലെയാള്‍ക്കൊപ്പവും സംസാരിച്ച് നീങ്ങവെ രോഹിത് തീര്‍ത്തും ഒറ്റപ്പെട്ടാണ് കാണപ്പെട്ടത്.
മൂന്നാം ഏകദിനം കഴിഞ്ഞ് ഗ്രൗണ്ട് വിടുന്ന രോഹിത് ശര്‍മ. വീഡിയോ കാണാം
തനിക്ക് അരികില്‍ പലരുമുണ്ടായിട്ടും അവരെ നോക്കുകയോ, സംസാരിക്കുകയോ ചെയ്യാതെ വളരെ വിഷമത്തില്‍ ഏകനായി അദ്ദേഹം ഡ്രസിങ് റൂമിലേക്കു മടങ്ങുന്നാണ് വീഡിയോയിലുള്ളത്. ഇന്ത്യന്‍ ടീമിനു നേരിട്ട ഈ അപ്രതീക്ഷിത തോല്‍വി രോഹിത്തിനെ എത്ര മാത്രം ഉലച്ചുവെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
അടുത്ത വര്‍ഷം സൗത്താഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനു മുമ്പ് ഇന്ത്യക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് കിവികള്‍ക്കെതിരായ പരമ്പരയിലേറ്റ ഷോക്കിങ് തോല്‍വി. കഴിഞ്ഞ മൂന്ന് ഏകദിന പരമ്പരകള്‍ക്കിടെ ഇന്ത്യക്കു നഷ്ടമായ രണ്ടാമത്തെ പരമ്പര കൂടിയാണിത്. നേരത്തേ ഓസ്‌ട്രേലിയയുമായുള്ള പരമ്പരയിലും ടീമിന് തോല്‍വി രുചിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീട വിജയത്തിനു പിന്നാലെ രോഹിത്തിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയതോടെയാണ് ഇന്ത്യയുടെ കഷ്ടകാലം തുടങ്ങിയത്. വ്യക്തമായ ഒരു കാരണം പോലുമില്ലാതെയാണ് രോഹിത്തിനെ മാറ്റി ഗില്ലിനെ പുതിയ നായകനായി നിയമിച്ചത്. പക്ഷെ ഈ നീക്കം വലിയ മണ്ടത്തരമായെന്നാണ് തുടര്‍ച്ചയായ തിരിച്ചടികള്‍ വീണ്ടും വീണ്ടും തെളിയിക്കുന്നത്.
ബാറ്റിങിലും നിരാശ
ന്യസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയിലേറ്റ ഇന്ത്യയുടെ പരാജയം മാത്രമല്ല, സ്വന്തം ബാറ്റിങ് പ്രകടനവും രോഹിത് ശര്‍മയെ തീര്‍ത്തും നിരാശപ്പെടുത്തും. കാരണം മികച്ച ഒരു ഇന്നിങ്‌സ് പോലുമില്ലാതെയാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പര അദ്ദേഹം അവസാനിപ്പിച്ചത്.
പരമ്പരയില്‍ ഹിറ്റ്മാന് നേടാനായത് 20.33 ശരാശരിയില്‍ വെറും 61 റണ്‍സ് മാത്രമാണ്. വെറും 81 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു നേരിടാനുമായുള്ളൂ. 26 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഭേദപ്പെട്ട തുടക്കങ്ങള്‍ ലഭിച്ചിട്ടും അവ വലിയ സ്‌കോറുകളാക്കി മാറ്റാനാവാതെ രോഹിത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. മൂന്നു കളിയിലും ഷോട്ടുകള്‍ക്കു ശ്രമിച്ച് അദ്ദേഹം ക്യാച്ച് സമ്മാനിക്കുകയും ചെയ്തു.