ബെംഗളൂരു: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനോടേറ്റ വന്‍ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ഡ്രസിങ് റൂമിലും പ്രശ്‌നങ്ങള്‍ തുടങ്ങിയതായി സൂചനകള്‍. ഇന്ത്യയുടെ കനത്ത പരാജയവുമായി ബന്ധപ്പെട്ട് നായകന്‍ രോഹിത് ശര്‍മയും കോച്ച് ഗൗതം ഗംഭീറും തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതായാണ് വിവരം. ഇതു ശരിവയ്ക്കുന്ന വീഡിയോയും പുറത്തു വന്നിരിക്കുകയാണ്. എട്ടു വിക്കറ്റിന്റെ അപ്രതീക്ഷിത തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. 36 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ മണ്ണില്‍ കിവികളുടെ ആദ്യ ടെസ്റ്റ് വിജയം കൂടിയായിരുന്നു ഇത്.
ഒന്നാമിന്നിങ്‌സിലുണ്ടായ വന്‍ ബാറ്റിങ് ദുരന്തമാണ് ഇന്ത്യന്‍ പരാജയത്തിനു മുഖ്യകാരണം. പിച്ചിലെ ഈര്‍പ്പവും മൂടിക്കെട്ടിയ അന്തരീക്ഷവും പരിഗണിക്കാതെ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള രോഹിത്തിന്റെ തീരുമാനമാണ് ഇതിനു വഴിവച്ചത്. വെറും 46 റണ്‍സിനു ഇന്ത്യ കൂടാരംകയറുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ 462 റണ്‍സ് നേടി ഇന്ത്യ തിരിച്ചുവന്നെങ്കിലും ഒന്നാമിന്നിങ്‌സിലെ ക്ഷീണം മറികടക്കുക അസാധ്യമാവുകയും ചെയ്തു.

രോഹിത്- ഗംഭീര്‍ പോര്
ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യയുടെ കനത്ത പരാജയത്തിനു പിന്നാലെയാണ് നായകന്‍ രോഹിത് ശര്‍മയും കോച്ച് ഗൗതം ഗംഭീറും തമ്മിലുള്ള വാക്‌പോരിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഗ്രൗണ്ടില്‍ തിരികെ കയറിയ ശേഷം ഡ്രസിങ് റൂമിന് പുറത്ത് ഇരിക്കവെയാണ് രോഹിത്തും ഗംഭീറും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടത്. രണ്ടു പേരും ഒട്ടും നല്ല രസത്തിലായിരുന്നില്ല കാണപ്പെട്ടത്.
നിരാശയോടെ, തീര്‍ത്തും അസ്വസ്ഥനായാണ് രോഹിത് പലതും വാദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുക. ബാറ്റിങ് കോച്ച് അഭിഷേക് നായകരുമായും രോഹിത് പലതും പറയുന്നുണ്ട്. ഇടയ്ക്കു ഗംഭീറും പ്രതികരിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കിടയിലെ ചര്‍ച്ച അത്ര സുഖകരമല്ലെന്നു ഒറ്റനോട്ടത്തില്‍ വ്യക്തമാണ്.
രോഹിത്തും ഗംഭീറും തമ്മില്‍ മല്‍സരശേഷം നടന്ന വാഗ്വാദം. വീഡിയോ കാണാം
ഈ ടെസ്റ്റിലെ ചില തീരുമാനങ്ങളുമായി ബന്ധപ്പെട്ട് തന്നെയായിരിക്കാം ഇവര്‍ക്കിടയില്‍ ചര്‍ച്ച നടന്നതെന്നു ഉറപ്പാണ്. രോഹിത്താണ് ഈ മൂന്നു പേരില്‍ ഏറ്റവും രോഷാകുലനായി കാണപ്പെട്ടത്. സാധാരണയായി വളരെ അഗ്രസീവായി പ്രതികരിക്കാറുള്ള ഗംഭീര്‍ പക്ഷെ വളരെ ശാന്തമായിട്ടാണ് സംസാരിക്കുന്നതെന്നു കാണാം.
പോസിറ്റീവുകള്‍ എടുക്കും
ബെംഗളൂരു ടെസ്റ്റില്‍ കീഴടങ്ങേണ്ടി വന്നെങ്കിലും ഈ മല്‍സരത്തിലെ പോസിറ്റീവുകളുമായി ഇന്ത്യന്‍ ടീം മുന്നോട്ടു പോവുമെന്നാണ് രോഹിത് ശര്‍മ പ്രതികരിച്ചത്. ഞങ്ങള്‍ ഈ കളിയിലെ പോസിറ്റീവുകളെടുക്കും, മുന്നോട്ടു തന്നെ പോവുകയും ചെയ്യും. ഈ തരത്തിലുള്ള സാഹചര്യങ്ങള്‍ നേരത്തേ നേരിടുകയും അതില്‍ നിന്നും ശക്തമായി തിരിച്ചുവരികയും ചെയ്തിട്ടുള്ള താരങ്ങള്‍ ഈ ടീമിലുണ്ട്.
രണ്ടു ടെസ്റ്റുകള്‍ കൂടി പരമ്പരയില്‍ നടക്കാനിരിക്കുകയാണ്. ഈ മല്‍സരങ്ങളില്‍ ഞങ്ങള്‍ ഓരോരുത്തരില്‍ നിന്നും എന്താണ് ആവശ്യമെന്നു ശരിക്കുമറിയാം. ഞങ്ങള്‍ ഏറ്റവും മികച്ച ഗെയിമുമായി മുന്നോട്ടു പോവാന്‍ തന്നെയായിരിക്കും ശ്രമിക്കുകയെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.

അനായാസം ജയിച്ച് കിവികള്‍
107 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ബെംഗളൂരു ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനു നല്‍കാന്‍ ഇന്ത്യക്കായത്. അഞ്ചാം ദിനത്തില്‍ ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ അവര്‍ ഇതു മറികടക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ 200ന് മുകളില്‍ വിജയലക്ഷ്യം കിവികള്‍ക്കു നല്‍കാന്‍ ഇന്ത്യക്കു സാധിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
കാരണം രണ്ടാമിന്നിങ്സില്‍ നാലിന് 407 റണ്‍സെന്ന അതിശക്തമായ നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ 55 റണ്‍സിനെ ആറു വിക്കറ്റുകളാണ് ഇന്ത്യ കളഞ്ഞു കുളിച്ചത്. അല്ലായിരുന്നെങ്കില്‍ 600ന് മുകളില്‍ ടോട്ടല്‍ ഇന്ത്യക്കു ഉറപ്പായും അടിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു. നാലിന് 407ല്‍ നിന്നാണ് ഇന്ത്യന്‍ ടീം 462 റണ്‍സിനു ഓള്‍ഔട്ടായത്.