പൂനെ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സില്‍ പല തവണ അദ്ദേഹത്തിന്റെ കൈകള്‍ ചോര്‍ന്നിരുന്നു. പലപ്പോഴും റിവ്യു എടുക്കുന്ന കാര്യത്തിലും റിഷഭ് തികഞ്ഞ പരാജയമായിരുന്നു. ഇതു മാത്രമല്ല ഒരു സിംപിള്‍ ക്യാച്ച് കൂടി അദ്ദേഹം താഴെയിടുകയും ചെയ്തു. അനായാസം കൈയിലൊതുങ്ങേണ്ട ക്യാച്ചാണ് താരം പാഴാക്കിയത്.
റിഷഭിന്റെ പ്രകടനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഒട്ടും സന്തുഷ്ടാനയല്ല കാണപ്പെട്ടത്. പലപ്പോഴും അദ്ദേഹം റിഷഭിനെ ഉപദേശിക്കുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാണാമായിരുന്നു. അതേസമയം, ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് ഒന്നാമിന്നിങ്‌സില്‍ 259 റണ്‍സില്‍ പുറത്തായി. ഏഴു വിക്കറ്റുകളെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് കിവികളെ എറിഞ്ഞിട്ടത്.

അനായാസ ക്യാച്ച്
വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ 74ാമത്തെ ഓവറിലായിരുന്നു റിഷഭ് പന്ത് ഒരു സിംപിള്‍ ക്യാച്ച് താഴെയിട്ടത്. ആറു വിക്കറ്റിനു 235 റണ്‍സെന്ന നിലയിലാണ് കിവികള്‍ ഈ ഓവര്‍ ആരംഭിച്ചത്. മിച്ചെല്‍ സാന്റ്‌നറും (22) ഗ്ലെന്‍ ഫിലിപ്‌സുമായിരുന്നു (9) അപ്പോള്‍ ക്രീസില്‍. ആദ്യ ബോളില്‍ സാന്റ്‌നര്‍ക്കു റണ്ണൊന്നുമെടുക്കാനായില്ല. അടുത്ത ബോളില്‍ അദ്ദേഹം സിംഗിളെടുത്തു. മൂന്നാമത്തെ ബോളില്‍ ഫിലിപ്‌സിനു റണ്ണൊന്നുമില്ല.
അടുത്ത ബോളില്‍ അദ്ദേഹം ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പക്ഷെ അതു പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. ലോങ്ഓഫില്‍ നേരെ ആര്‍ അശ്വിന്റെ കൈകളില്‍ ഫിലിപ്‌സ് കുരുങ്ങി. തുടര്‍ന്നു പേസര്‍ ടിം സൗത്തിയാണ് പുതുതായി ക്രീസിലെത്തിയത്.
ആദ്യത്തെ ബോളില്‍ തന്നെ സൗത്തി ഗോള്‍ഡന്‍ ഡെക്കാവേണ്ടതായിരുന്നു. പക്ഷെ റിഷഭ് ആയുസ് നീട്ടിക്കൊടുത്തു. ഓഫ്‌സ്റ്റംപിന് പുറത്തൊരു ബോളാണ് വാഷിങ്ടണ്‍ പരീക്ഷിച്ചത്. എഡ്ജായ ബോള്‍ നേരെ റിഷഭ് പന്തിന്റെ കൈകളിലേക്കാണ് വന്നത്. പക്ഷെ അവിശ്വസനീയമാം വിധത്തില്‍ അദ്ദേഹം അതു പാഴാക്കുകയായിരുന്നു. വളരെ അനായാസം പിടിക്കാമായിരുന്ന ബോളാണ് റിഷഭ് പാഴാക്കിക്കളഞ്ഞത്.
ഈ ക്യാച്ച് നഷ്ടപ്പെടുത്തിയതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വളരെയധികം നിരാശനായാണ് കാണപ്പെട്ടത്. വിളറിയ ഒരു ചിരിയോടെയയായിരുന്നു വാഷിങ്ടണ്‍ ഈ പിഴവിനോടു പ്രതികരിച്ചത്. പക്ഷെ സൗത്തിക്കു അധികനേരം ക്രീസില്‍ തുടരാനായില്ല. രണ്ടോവറിനിടെ തന്നെ താരം പുറത്താവുകയായിരുന്നു. വാഷിങ്ടണ്‍ തന്നെയാണ് വിക്കറ്റെടുത്തത്. എട്ടു ബോളില്‍ ഒരു ഫോറടക്കം അഞ്ചു റണ്‍സെടുത്ത സൗത്തിയെ വാഷിങ്ടണ്‍ ബൗള്‍ഡാക്കി.
അതേസമയം, പരിക്കു കാരണം ബെംളൂരുവിലെ ആദ്യ ടെസ്റ്റില്‍ ഒരു ദിവസം മാത്രമേ റിഷഭ് വിക്കറ്റ് കീപ്പ് ചെയ്തിരുന്നുള്ളൂ. പകരം ബാക്കപ്പായ ധ്രുവ് ജുറേലായിരുന്നു കൂടുതലും വിക്കറ്റ് കാത്തത്.

രൂക്ഷവിമര്‍ശനം
ഇന്ത്യക്കു വേണ്ടി വിക്കറ്റിനു പിന്നില്‍ ശരാശരി പ്രകടനം മാത്രം കാഴ്ചവച്ച റിഷഭ് പന്തിനു നേരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. റിഷഭ് പന്ത് വിക്കറ്റിനു പിന്നില്‍ അത്ര മികച്ച പ്രകടനമല്ല നടത്തിയത്. ചില ബോളുകള്‍ അദ്ദേഹത്തിന്റെ ഗ്ലൗസുകള്‍ക്കിടയിലൂടെ വഴുതിപ്പോയി. കൂടാതെ ടിം സൗത്തിയുടെ സിംപിള്‍ ക്യാച്ചും പാഴാക്കി. ഭാഗ്യവശാല്‍ അതു ടീമിനു വലിയ തിരച്ചടിയായില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.
റിഷഭ് പന്ത് വിക്കറ്റ് കീപ്പിങില്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. ഇന്നത്തെ പ്രകടനം ഇതു തന്നെയാണ് ശരിവയ്ക്കുന്നത്. ഈ തരത്തിലുള്ള പിഴവുകള്‍ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലും ആവര്‍ത്തിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.