മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പരമ്പരയാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ പോകുന്നത്. ഇതിന് ശേഷമാണ് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നടക്കുക. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വി വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. 36 വര്‍ഷത്തിന് ശേഷം കിവീസ് ഇന്ത്യയില്‍ ടെസ്റ്റ് ജയിച്ചിരിക്കുകയാണ്.
എട്ട് വിക്കറ്റിനാണ് സന്ദര്‍ശകരുടെ ജയം. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ പിന്നിലായിരിക്കുകയാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര പിടിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതിനിടെ ഇന്ത്യക്ക് പരിക്ക് തലവേദനയായിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് ഇന്ത്യ വിശ്രമം നല്‍കാനാണ് സാധ്യത. കാലിന് പരിക്കേറ്റ റിഷഭിനെ വെച്ച് ഇപ്പോള്‍ ഓസീസ് സാഹസത്തിന് തയ്യാറാവില്ല.
റിഷഭിന് ഇന്ത്യ വിശ്രമം നല്‍കിയാല്‍ പകരക്കാരന്‍ ആരെന്നതാണ് ചോദ്യം. സഞ്ജു സാംസണെ ഇന്ത്യ വിളിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ സഞ്ജുവിനല്ല മുഖ്യ പരിഗണന നല്‍കുന്നതെന്നാണ് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം.
അവസരം ലഭിക്കുക ജുറേലിന്
നിലവില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറായി ടെസ്റ്റിലേക്ക് പരിഗണിക്കപ്പെടുന്നത് ദ്രുവ് ജുറേലിനെയാണ്. റിഷഭ് പന്ത് കളിക്കുമ്പോള്‍ ബെഞ്ചിലിരിക്കാന്‍ വിധിക്കപ്പെട്ട ജുറേല്‍ ലഭിച്ച അവസരങ്ങളിലെല്ലാം കൈയടി നേടുന്ന പ്രകടനവും നടത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ റിഷഭിന് പരിക്കേറ്റപ്പോള്‍ പകരം വിക്കറ്റ് കീപ്പറായി ദ്രുവ് ജുറേലാണ് ഇറങ്ങിയത്. രണ്ടാം ടെസ്റ്റില്‍ റിഷഭ് കളിക്കാതിരുന്നാല്‍ മുഖ്യ പരിഗണന ലഭിക്കുക ജുറേലിനാവും. മധ്യനിരയില്‍ രക്ഷകനാവാന്‍ ജുറേലിന് സാധിക്കുമെന്ന് ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നു.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും സമ്മര്‍ദ്ദത്തില്‍ പിടിച്ചുനിന്ന് കളിക്കാനും സാധിക്കുമെന്ന് ഇതിനോടകം തെളിയിക്കാന്‍ ജുറേലിന് സാധിച്ചു. അതുകൊണ്ടുതന്നെ വരുന്ന ടീം മാനേജ്‌മെന്റ് ജുറേലിനെ പിന്തുണക്കുമെന്നാണ് വിവരം. സ്പിന്നിനെതിരേ നന്നായി കളിക്കുന്ന താരങ്ങളിലൊരാളാണ് ജുറേല്‍. വലിയ ഭാവിയുള്ള താരത്തിന് ഇന്ത്യയില്‍ കൂടുതല്‍ അവസരം നല്‍കി വളര്‍ത്താന്‍ ടീം മാനേജ്‌മെന്റ് താല്‍പര്യം കാട്ടുന്നു. അതുകൊണ്ടുതന്നെ റിഷഭ് കളിച്ചില്ലെങ്കില്‍ ജുറേല്‍ പകരക്കാരനാവും.

ബാക്കപ്പായി രാഹുല്‍ മതിയെന്ന് ഗംഭീര്‍
ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാളാണ് കെ എല്‍ രാഹുല്‍. 0, 12 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്‌കോര്‍. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ രാഹുല്‍ പ്ലേയിങ് 11 നിന്ന് പുറത്താവുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. രാഹുലിന്റെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍ ബാറ്റ്‌സ്മാന്‍ എന്നതിലുപരിയായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് കെ എല്‍ രാഹുല്‍. ഇന്ത്യക്കായി ടെസ്റ്റിലടക്കം കീപ്പര്‍ റോളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ നിലവില്‍ രാഹുലിനെ ബാക്കപ്പായി പരിഗണിച്ചാല്‍ മതിയെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്. അതുകൊണ്ടുതന്നെ സഞ്ജു സാംസണിന് ടീമിലേക്ക് വിളി ലഭിക്കില്ല. സഞ്ജു സാംസണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളി നല്‍കുമെന്ന് ഗംഭീറും രോഹിത് ശര്‍മയും പറഞ്ഞുവെന്ന് നേരത്തെ സഞ്ജു തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഈ അവസരത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
സഞ്ജു സൗത്താഫ്രിക്കന്‍ പരമ്പരക്ക് ഒരുങ്ങണം
സഞ്ജു സാംസണോട് സൗത്താഫ്രിക്കന്‍ പരമ്പരക്ക് തയ്യാറാവാന്‍ ടീം മാനേജ്‌മെന്റ് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ഇഷാന്‍ കിഷന്‍ ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പോകുന്നതിനാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്ക് മുന്നോടിയായി റിഷഭ് പന്തിന് വിശ്രമവും അനുവദിക്കും. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയില്‍ സഞ്ജു സാംസണാവും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന് നിസംശയം പറയാം.