പൂനെ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം പന്തെറിയുകയാണ്. ഒന്നാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ന്യൂസീലന്‍ഡ് 2 വിക്കറ്റിന് 92 റണ്‍സെന്ന നിലയിലാണ്. ടോം ലാദത്തിന്റേയും (15) വില്‍ യങ്ങിന്റേയും(18) വിക്കറ്റാണ് ഇന്ത്യ നേടിയത്. രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ആര്‍ അശ്വിനാണ്. പ്രതീക്ഷിച്ചപോലെ കിവീസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്ന് പറയുന്നതാണ് വസ്തുത.
ടോം ലാദത്തെ അശ്വിന്‍ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ വില്‍ യങ്ങിനെ റിഷഭ് പന്ത് ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. ഈ വിക്കറ്റ് ഇന്ത്യ റിവ്യൂവിലൂടെയാണ് നേടിയെടുത്തത്. ലെഗ് സ്റ്റംപ് ലൈനിലെത്തിയ പന്ത് വില്‍ യങ്ങിന്റെ ഗ്ലൗസിലും ബാറ്റിലും ചെറുതായി തട്ടിയാണ് വിക്കറ്റ് കീപ്പറുടെ കൈയിലെത്തിയത്. എന്നാല്‍ അംപയര്‍ ഇത് നോട്ടൗട്ടാണ് വിളിച്ചത്. ഇന്ത്യക്ക് റിവ്യൂവെടുക്കാന്‍ വലിയ താല്‍പര്യമില്ലായിരുന്നെങ്കിലും സര്‍ഫറാസ് ഖാനാണ് ഇന്ത്യക്ക് ഈ വിക്കറ്റ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.
സര്‍ഫറാസിന്റെ നിര്‍ബന്ധത്തില്‍ രോഹിത് വഴങ്ങി
അശ്വിന്റെ പന്ത് യങ്ങിന്റെ ബാറ്റിന് തൊട്ടടുത്തുകൂടി റിഷഭിന്റെ കൈയിലെത്തിയതിന് പിന്നാലെ അപ്പീല്‍ ചെയ്‌തെങ്കിലും ആര്‍ക്കും വലിയ ഉറപ്പില്ലായിരുന്നു. ബൗളര്‍ അശ്വിന് പോലും അത് വിക്കറ്റാണോയെന്ന കാര്യത്തില്‍ ഉറപ്പില്ലായിരുന്നു. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിയത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഇത് ക്യാച്ചാണെന്ന് മനസിലായില്ലെന്നതാണ്. ക്യാച്ചെടുത്ത ശേഷം റിഷഭിനോട് ഇത് വിക്കറ്റാണോയെന്ന് രോഹിത്തും അശ്വിനും ചോദിച്ചെങ്കിലും അറിയില്ലെന്ന നിലപാടിലായിരുന്നു കീപ്പര്‍.
എന്നാല്‍ ബാറ്റ്‌സ്മാന് അടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന സര്‍ഫറാസ് ഖാന്‍ രോഹിത്തിനെ റിവ്യൂ എടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. രോഹിത്തിന് വലിയ താല്‍പര്യമില്ലാതിരുന്നിട്ടും സര്‍ഫറാസിന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. ഇതാണ് നിര്‍ണ്ണായക വിക്കറ്റായി മാറിയത്. ആദ്യ മത്സരത്തില്‍ യങ്ങിന്റെ പ്രകടനം ഇന്ത്യക്ക് വലിയ തലവേദനയായിരുന്നു. വലിയ സ്‌കോറിലേക്കുയരും മുമ്പ് ഇത്തവണ യങ്ങിനെ പുറത്താക്കാനായത് ഇന്ത്യക്ക് ഗുണകരമായെന്ന് തന്നെ പറയാം.

റിഷഭ് കാരണം റിവ്യൂ പാഴായി
റിഷഭിന് വേറെയും അബദ്ധങ്ങള്‍ സംഭവിച്ചു. രവീന്ദ്ര ജഡേജയുടെ പന്തില്‍ ഡെവോണ്‍ കോണ്‍വേയും എല്‍ബി ഡബ്ല്യുവിനായി ഇന്ത്യ അപ്പീല്‍ ചെയ്തു. രോഹിത് ശര്‍മ കീപ്പറായ റിഷഭിനോട് ചോദിച്ചപ്പോള്‍ റിഷഭാണ് പന്ത് സ്റ്റംപിലേക്കാണെന്ന് പറഞ്ഞത്. വിരാട് കോലിയും റിഷഭിനെ പിന്തുണച്ച് റിവ്യൂ ചെയ്യാന്‍ രോഹിത്തിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് തികച്ചും മണ്ടത്തരമായി പോയി. റിവ്യൂവില്‍ പന്ത് സ്റ്റംപില്‍ നിന്ന് ബഹുദൂരത്തിലാണ് കടന്ന് പോകുന്നത്.
എന്നാല്‍ റിഷഭിന്റേയും കോലിയുടേയും വാക്ക് കേട്ട് രോഹിത് റിവ്യൂ എടുത്തപ്പോള്‍ നിര്‍ണ്ണായകമായൊരു റിവ്യൂവാണ് ഇന്ത്യക്ക് നഷ്ടമായത്. വിക്കറ്റിന് പിന്നില്‍ റിഷഭ് മികച്ച പ്രകടനമല്ല ആദ്യ സെക്ഷനില്‍ നടത്തിയത്. പല പന്തുകളും കൃത്യമായി കൈയിലൊതുക്കാന്‍ റിഷഭിന് സാധിച്ചില്ല. വിക്കറ്റ് കീപ്പറുടെ ശ്രദ്ധയും മികവും നായകനെ വളരെയധികം സഹായിക്കും. എന്നാല്‍ റിഷഭിന് ഇത്തരത്തില്‍ തെറ്റ് പറ്റുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറിയേക്കും.
സര്‍ഫറാസ് മിന്നിക്കുന്നു
ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് രണ്ടാം ടെസ്റ്റില്‍ സര്‍ഫറാസിന്റെ സീറ്റ് ഉറപ്പിച്ചത്. മികച്ച ഫീല്‍ഡിങ്ങുകൊണ്ട് ആദ്യ സെക്ഷനില്‍ത്തന്നെ സര്‍ഫറാസ് മികച്ച പ്രകടനമാണ് നടത്തിയത്. ബാറ്റ്‌സ്മാനടുത്ത് ഫീല്‍ഡ് ചെയ്ത് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സര്‍ഫറാസിന് സാധിക്കുന്നുണ്ട്. കെ എല്‍ രാഹുലിനെ പുറത്തിരുത്തിയാണ് ഇന്ത്യ സര്‍ഫറാസിനെ കളിപ്പിച്ചത്. ബാറ്റുകൊണ്ടും താരം തിളങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം.
പ്ലേയിങ് 11
ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍
ന്യൂസീലന്‍ഡ് - ടോം ലാദം (c), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, അജാസ് പട്ടേല്‍, വില്യം ഒറൗര്‍ക്കി