ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പര ആവേശകരമായ രണ്ടാമങ്കത്തിലേക്കു കടക്കുകയാണ്. നാളെ (ബുധന്‍) രാജ്‌കോട്ടിലാണ് പകലും രാത്രിയുമായി അടുത്ത മല്‍സരം. വഡോദരയിലെ ആദ്യ കളിയില്‍ നാലു വിക്കറ്റിനു ജയിച്ച ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0നു മുന്നിലാണ്.
അതുകൊണ്ടു തന്നെ അടുത്ത മല്‍സരവും ജയിച്ച് പരമ്പരയില്‍ അപരാദിത ലീഡ് നേടുകയാണ് ശുഭ്മന്‍ ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഇന്ത്യന്‍ ടീമിലെ ചില താരങ്ങളെ സംബന്ധിച്ച് ഇതു അവസാനത്തെ പരമ്പര കൂടിയായിരിക്കും. വീണ്ടുമൊരു പരമ്പരയില്‍ ഇവരെ കണ്ടേക്കില്ല. ടീമിലെ സ്ഥാനം നഷ്ടമാവാന്‍ പോവുന്ന ഈ താരങ്ങള്‍ ആരാക്കെയാണെന്നു നമുക്കു നോക്കാം.

അഞ്ചു പേര്‍ തെറിക്കും
ന്യൂസിലാന്‍ഡുമായുള്ള ഈ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീം പിന്നീട് ഉടനെയൊന്നും ഏകദിനത്തില്‍ കളിക്കില്ല. ഐസിസി ടി20 ലോകകപ്പും ഐപിഎല്ലുമെല്ലാ കഴിഞ്ഞ് മാത്രമേ ടീമിനു ഇനി ഏകദിനങ്ങളുള്ളൂ. ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയുടെ ഭാഗമായ അഞ്ചു പേരെ അടുത്ത പരമ്പരയില്‍ ടീമിനൊപ്പം കാണില്ല.
വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേല്‍, ഇനിയും അരങ്ങേറിയിട്ടില്ലാത്ത ആയുഷ് ബഡോനി, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ സ്ഥാനം തെറിക്കാന്‍ പോവുന്ന താരങ്ങള്‍.
ജഡേജയുടെ കാര്യമെടുത്താല്‍ അദ്ദേഹത്തിന്റെ ഏകദിന കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്നു തന്നെ പറയേണ്ടി വരും. ബാറ്റിങിലോ, ബൗളിങിലോ ഇപ്പോള്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. ആദ്യ ഏകദിനത്തില്‍ ജഡ്ഡു ഒമ്പതോവറാണ് ബൗള്‍ ചെയ്തത്. 56 റണ്‍സ് വിട്ടുകൊടുത്ത താരത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. ബാറ്റിങിലാവട്ടെ നേടിയത് നാലു റണ്‍സ് മാത്രം.
ടീമിനു ഇപ്പോള്‍ അദ്ദേഹം ശരിക്കും ബാധ്യതയായി മാറിയിട്ടുണ്ട്. അവസാനത്തെ നാല് കളിയില്‍ ഒരേയൊരു വിക്കറ്റ് മാത്രമേ ജഡേജ നേടിയിട്ടുള്ളൂ. അതുകൊണ്ടു തന്നെ അടുത്ത വര്‍ത്തെ ഏകദിന ലോകകപ്പില്‍ കളിക്കാമെന്ന പ്രതീക്ഷയും അദ്ദേഹത്തിനു വേണ്ട. ന്യൂസിലാന്‍ഡുമായുള്ള പരമ്പര കഴിഞ്ഞാല്‍ ജഡ്ഡുവിനെ പിന്നീടൊരിക്കലും ടീമില്‍ കണ്ടേക്കില്ല. അദ്ദേഹത്തിനു പകരം ടീമിലേക്കു വരുന്നത് അക്ഷര്‍ പട്ടേലുമായിരിക്കും.
അതേസമയം, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിശ്രമം നല്‍കിയതു കൊണ്ടു മാത്രം കിവികള്‍ക്കെതിരേ നറുക്കുവീണയാളാണ് നിതീഷ്. സമീപകാല പ്രകടനങ്ങളെടുത്താല്‍ അദ്ദേഹം ടീമില്‍ സ്ഥാനമര്‍ഹിക്കുന്നില്ല. പക്ഷെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ റോളിലേക്കു മറ്റു ഓപ്ഷനുകളില്ലാത്തതിനാല്‍ നിതീഷിനു അവസരവും ലഭിച്ചു.
ആദ്യ കളിയില്‍ ബെഞ്ചിലിരിക്കേണ്ടി വന്നെങ്കിലും ഇനിയുള്ള മല്‍സരങ്ങളില്‍ നിതീഷിന് ഒരുപക്ഷെ അവസരം ലഭിച്ചേക്കും. പക്ഷെ അടുത്ത പരമ്പരയില്‍ അദ്ദേഹം സ്ഥാനം പ്രതീക്ഷിക്കേണ്ട. കാരണം ഹാര്‍ദിക് തീര്‍ച്ചയായും അടുത്ത പരമ്പരയില്‍ ടീമിലേക്കു മടങ്ങിയെത്തും.

ജുറേലിനെ ടീമിലെത്തിച്ചതാവട്ടെ ബാക്കപ്പ് കീപ്പറായ റിഷഭ് പന്തിന്റെ പരിക്കാണ്. പരമ്പരയ്ക്കു മുമ്പ് തന്നെ അദ്ദേഹത്തിനു പിന്‍മാറേണ്ടി വന്നിരുന്നു. എന്നാല്‍ കെഎല്‍ രാഹുല്‍ കഴിഞ്ഞാല്‍ ബാക്കപ്പായി റിഷഭ് തന്നെയാണ് ഇപ്പോഴും ഫേവറിറ്റ്.
അതിനാല്‍ അടുത്ത പരമ്പരയില്‍ അദ്ദേഹം പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയാല്‍ ജുറേലിനു വഴി മാറിക്കൊടുക്കേണ്ടിയും വരും. ബഡോനിയും ടീമിലെത്തിയത് പകരക്കാരനായി തന്നെ. വാഷിങ്ടണ്‍ സുന്ദറിനു ആദ്യ കളിക്കിടെയേറ്റ പരിക്ക് കാരണം പിന്‍മാറേണ്ടി വന്നപ്പോള്‍ ബഡോനിക്കു ആദ്യമായി കോള്‍ ലഭിക്കുകയായിരുന്നു.
പ്രസിദ്ധാവട്ടെ ലഭിച്ച അവസരങ്ങളൊന്നും വേണ്ട രീതിയില്‍ മുതലാക്കാതെ കളഞ്ഞു കുളിക്കുകയാണ്. അടുത്ത പരമ്പരയില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മടങ്ങിയെത്തുന്നതോടെ പ്രസിദ്ധ് പുറത്താവും. ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിങുമെല്ലാം ഇതിനകം സ്ഥാനമുറപ്പിച്ചതിനാല്‍ പണി കിട്ടുക അദ്ദേഹത്തിനായിരിക്കും.