പൂനെ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും നാണംകെട്ട തോല്‍വിയിലേക്ക് നീങ്ങുകയാണ് ഇന്ത്യ. ആദ്യ ടെസ്റ്റിലെ എട്ട് വിക്കറ്റ് തോല്‍വിക്ക് പകരം വീട്ടാനിറങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ വലിയ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. ഒന്നാം ഇന്നിങ്‌സില്‍ കിവീസിനെ 259 റണ്‍സില്‍ കൂടാരം കയറ്റാന്‍ ഇന്ത്യക്കായി. എന്നാല്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 156 റണ്‍സിനാണ് പുറത്തായത്. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സന്ദര്‍ശകര്‍ രണ്ടാം ദിനം അവസാനിക്കവെ 5 വിക്കറ്റിന് 198 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 301 റണ്‍സിന്റെ ലീഡ് ന്യൂസീലന്‍ഡിനുണ്ട്.
സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ ഇന്ത്യക്ക് 300ലധികം റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുകയെന്നത് വളരെ പ്രയാസമാണ്. ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് ഇന്ത്യക്ക് ഇത്തരത്തില്‍ ജയിക്കാന്‍ സാധിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യ ഏറെക്കുറെ തോല്‍വി ഉറപ്പിച്ചുവെന്ന് പറയാം. ഇപ്പോഴിതാ ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണം നായകന്‍ രോഹിത് ശര്‍മയുടെ മണ്ടത്തരമാണെന്ന് വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ താരവും മുന്‍ പരിശീലകനുമായ രവി ശാസ്ത്രി.
ഇന്ത്യയുടെ മനോഭാവം പോസിറ്റീവല്ല
ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ ആക്രമണ സമീപനമല്ല കാഴ്ചവെക്കുന്നതെന്നും മനോഭാവം പോസിറ്റീവായല്ലെന്നുമാണ് ശാസ്ത്രി വിമര്‍ശിക്കുന്നത്. 'ഇന്ത്യയുടെ ബാറ്റിങ് നിര ചിതറിക്കാന്‍ ന്യൂസീലന്‍ഡിന് സാധിച്ചു. മറുപടിയില്‍ ഇന്ത്യ ചിന്തിക്കേണ്ടത് ന്യൂസീലന്‍ഡിനെ എങ്ങനെ 120 റണ്‍സിനുള്ളില്‍ ഓള്‍ഔട്ടാക്കാമെന്നാണ്. അതിന് സാധിക്കണമെങ്കില്‍ ആദ്യം പിച്ചിനെക്കുറിച്ച് ആലോചിക്കണം. ആക്രമിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഫീല്‍ഡിങ് വേണം.
കിവീസ് വിക്കറ്റ് പോവാതെ 60 റണ്‍സെന്ന നിലയിലാണെങ്കില്‍ വ്യത്യസ്തമായി ചിന്തിക്കാന്‍ സാധിക്കണം. ബൗളര്‍മാരും വിക്കറ്റ് നേടണമെന്ന് ആഗ്രഹിക്കണം. ഇത്തരത്തില്‍ ചിതറിയ ഫീല്‍ഡിങ്ങല്ല ഒരുക്കേണ്ടത്' രോഹിത്തിന്റൈ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ശാസ്ത്രി പറഞ്ഞു. രോഹിത് ശര്‍മ നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കുന്നില്ല. ഡെക്കിനാണ് ആദ്യ ഇന്നിങ്‌സില്‍ രോഹിത് പുറത്തായത്. ബൗളിങ് ചെയ്ഞ്ചിലും രോഹിത്തിന് കിവീസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചില്ല.

ക്യാപ്റ്റന്‍സി വളരെ മോശം
രോഹിത് ശര്‍മയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി വളരെ മോശമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. യാതൊരു പദ്ധതിയുമില്ലാത്ത നായകനായാണ് രോഹിത്തിനെ കളത്തില്‍ കാണപ്പെട്ടത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള പദ്ധതിയാണ് പരിശീലകനായ ഗംഭീര്‍ മെനഞ്ഞത്. എന്നാല്‍ ഈ പദ്ധതി പാളി. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധിച്ച് കളിക്കാന്‍ ശ്രമിച്ചതാണ് തിരിച്ചടിയായത്. എന്തായാലും ഇന്ത്യ കൂട്ടത്തകര്‍ച്ച ബാറ്റിങ്ങില്‍ നേരിട്ടതിന്റെ പ്രധാന കാരണക്കാരന്‍ നായകനായ രോഹിത്താണെന്ന് പറയാം.
കിവീസ് നായകന്‍ ടോം ലാദം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ മികച്ച ഫീല്‍ഡൊരുക്കുകയും ബൗളിങ് മാറ്റം വരുത്തുകയും ചെയ്തു. എന്നാല്‍ രോഹിത് ശര്‍മക്ക് ഇത് സാധിക്കാതെ പോയി എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. രോഹിത് ശര്‍മയുടെ ടീമിലെ സ്ഥാനവും ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് നിലവിലെ അദ്ദേഹത്തിന്റെ പ്രകടനമെന്ന് പറയാം. എന്തായാലും ഇതേ പ്രകടനംകൊണ്ട് രോഹിത്തിന് അധികനാള്‍ മുന്നോട്ട് പോകാനാവില്ല.
ഇന്ത്യ വലിയ നാണക്കേടിലേക്ക്
2012ന് ശേഷം ഇന്ത്യയില്‍ വന്ന് ഒരു ടീമും ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. ഇംഗ്ലണ്ടാണ് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയ ടീം. എന്നാല്‍ ഇത്തവണ ഇടവേളക്ക് ശേഷം കിവീസ് ചരിത്രം രചിക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ച കിവീസ് രണ്ടാം മത്സരത്തിലും ജയിച്ചാല്‍ വലിയ ഇടവേളക്ക് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ടീമായി മാറും. അങ്ങനെ സംഭവിച്ചാല്‍ രോഹിത് ശര്‍മക്കും ഗൗതം ഗംഭീറിനുമത് വലിയ നാണക്കേടായി മാറുമെന്ന കാര്യം ഉറപ്പാണ്.