
അദ്ഭുതപ്പെടുത്തുന്ന വ്യക്തി
രാഹുല്‍ ദ്രാവിഡ് ശരിക്കും അദ്ഭുതപ്പെടുത്തുന്ന വ്യക്തിയാണ്. ഇന്ത്യന്‍ എ ടീമിന്റെ ഭാഗമായതു മുതല്‍ ഞാന്‍ അദ്ദേഹത്തിനു കീഴില്‍ കളിക്കുന്നുണ്ട്. മനോഹരമായ അനുഭവമായിരുന്നു അത്. അന്നു ടീമിനെ ഞാന്‍ നയിക്കുകയും ചെയ്തിരുന്നു. ഈ സമയങ്ങളില്‍ ദ്രാവിഡില്‍ നിന്നും വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. നീ കഴിയുന്നത്രയും വേഗത്തില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കണമെന്ന ആത്മവിശ്വാസം അന്നു തന്നെ അദ്ദേഹം നല്‍കിയിരുന്നതായും ശ്രേയസ് വെളിപ്പെടുത്തി.

ഉയര്‍ന്ന നിലവാരത്തില്‍ കളിക്കണം
ഉയര്‍ന്ന നിലവാരത്തില്‍ കളിക്കണമെന്ന ആത്മവിശ്വാസം രാഹുല്‍ ദ്രാവിഡ് നിങ്ങള്‍ക്കു നല്‍കുന്നു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തില്‍ നിന്നാണ് അതു വരുന്നതെന്നു എനിക്കറിയാം. വര്‍ഷങ്ങളോളം ഇന്ത്യന്‍ ക്രിക്കറ്റിനു ദ്രാവിഡ് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ക്രിക്കറ്റ് കളിച്ച എക്കാലത്തെയും മഹാന്‍മാരായ വ്യക്തികളിലൊരാളായി അദ്ദേഹം മാറിയതായും ശ്രേയസ് പറഞ്ഞു.

ഒരുപാട് പഠിക്കാനുണ്ട്
രാഹുല്‍ ദ്രാവിഡില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഓരോ തവണയും പുതിയ ചോദ്യങ്ങളുമായി സമീപിച്ചാലും അദ്ദേഹത്തിന്റെയടുത്ത് അവയ്‌ക്കെല്ലാം മറുപടിയുണ്ടായിരിക്കും. അന്യനായി അദ്ദേഹം നിങ്ങളെ ഒരിക്കലും കണക്കാക്കില്ല. രാഹുല്‍ ദ്രാവിഡുമായി സംസാരിക്കാന്‍ എനിക്കു ഏറെ ഇഷ്ടമാണ്. എവിടെപ്പോയാലും, ഏതു സമയത്തും അദ്ദേഹത്തിനു കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുന്നത് ആവേശം പകരുന്ന കാര്യമാണ്. രാഹുല്‍ ദ്രാവിഡുമായി ശക്തമായൊരു ബന്ധം സ്ഥാപിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും 26 കാരനായ ശ്രേയസ് കൂട്ടിച്ചേര്‍ത്തു.

എലൈറ്റ് ക്ലബ്ബില്‍
കാണ്‍പൂര്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ചതോടെ എലൈറ്റ് താരങ്ങളുടെ ലിസ്റ്റില്‍ ശ്രേയസും ഇടംപിടിച്ചിരുന്നു. കന്നി ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച 16ാമത്തെ ഇന്ത്യന്‍ താരമായാണ് അദ്ദേഹം മാറിയത്. 171 ബോളില്‍ 13 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 105 റണ്‍സ് ശ്രേയസ് നേടിയിരുന്നു.
രണ്ടാമിന്നിങ്‌സിലും താരം മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ചു. ടീം ബാറ്റിങ് തകര്‍ച്ച നേരിടവെ 65 റണ്‍സാണ് ശ്രേയസ് നേടിയത്. 125 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. ഈ ഫിഫ്റ്റിയോടെ ഇന്ത്യയുടെ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ല അപൂര്‍വ്വനേട്ടവും ശ്രേയസിനെ തേടിയെത്തി. അരങ്ങേറ്റ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമടിച്ച ആദ്യത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറുകയായിരുന്നു. നേരത്തേ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറില്‍ നിന്നായിരുന്നു ശ്രേയസ് ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങിയത്.
അതേസമയം, വെള്ളിയാഴ്ച മുംബൈയില്‍ ആരംഭിക്കാനിരിക്കുന്ന ന്യൂസിലാന്‍ഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിലും ശ്രേയസിനു ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമോയെന്ന കാര്യം ഇനിയും ഉറപ്പില്ല. കാരണം അടുത്ത ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലി ടീമില്‍ തിരിച്ചെത്തും. അപ്പോള്‍ മധ്യനിരയില്‍ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരിലൊരാളെ പുറത്തിരുത്തിയാല്‍ മാത്രമേ ഇന്ത്യക്കു ശ്രേയസിനെയും ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുയുള്ളൂ.


Click it and Unblock the Notifications











