ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. എട്ട് വിക്കറ്റിനാണ് സന്ദര്‍ശകരായ ന്യൂസീലന്‍ഡിനോട് ഇന്ത്യ തോറ്റത്. ഇന്ത്യ മുന്നോട്ട് വെച്ച 107 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടക്കുകയായിരുന്നു. രചിന്‍ രവീന്ദ്രയുടേയും (39) വില്‍ യങ്ങിന്റേയും (48) പ്രകടനമാണ് കിവീസിന് ആവേശ ജയം നല്‍കിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ന്യൂസീലന്‍ഡിന് സാധിച്ചു.
ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായതാണ് തിരിച്ചടിയായത്. മറുപടിക്കിറങ്ങി 402 റണ്‍സ് നേടിയ കിവീസ് 356 റണ്‍സിന്റെ ലീഡും ആദ്യ ഇന്നിങ്‌സില്‍ നേടി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സടിച്ചെങ്കിലും പ്രതീക്ഷിച്ച വിജയലക്ഷ്യം ന്യൂസീലന്‍ഡിന് മുന്നില്‍ വെക്കാനായില്ല. ഇന്ത്യയുടെ മധ്യനിര നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്.
107 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് അക്കൗണ്ട് തുറക്കും മുമ്പ് നായകന്‍ ടോം ലാദത്തെ നഷ്ടമായി. ജസ്പ്രീത് ബുംറ ലാദത്തെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഡെവോണ്‍ കോണ്‍വേയേയും (17) പുറത്താക്കി ബുംറ പ്രതീക്ഷ നല്‍കിയെങ്കിലും മറ്റ് ബൗളര്‍മാര്‍ക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കാതെ പോയി.
ഇന്ത്യയുടെ ടോപ് ഓഡര്‍ തിളങ്ങി
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ മികച്ച പ്രകടനമാണ് നടത്തിയത്. നായകന്‍ രോഹിത് ശര്‍മ 52 റണ്‍സ് നേടിയപ്പോള്‍ യശ്വസി ജയ്‌സ്വാള്‍ 35 റണ്‍സോടെ മിന്നിച്ചു. വിരാട് കോലി 70 റണ്‍സുമായി ഇന്ത്യക്കായി അടിത്തറ പാകി. പിന്നീട് റിഷഭും സര്‍ഫറാസും ചേര്‍ന്ന് ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിക്കുകയായിരുന്നു.
സര്‍ഫറാസ് സെഞ്ച്വറിയും റിഷഭ് അര്‍ധ സെഞ്ച്വറിയും നേടിയതോടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. ഇരുവരും മികച്ച സ്ട്രൈക്ക് റേറ്റിലാണ് കളിച്ചത്. 177 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ട് എത്തിയപ്പോഴേക്കും സര്‍ഫറാസ് ഖാന്‍ പുറത്തായി. 195 പന്ത് നേരിട്ട് 18 ഫോറും 3 സിക്സും ഉള്‍പ്പെടെ 150 റണ്‍സെടുത്ത സര്‍ഫറാസിനെ പുറത്താക്കി സൗത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്.
റിഷഭിന് സെഞ്ച്വറി നഷ്ടം
ഇതിനിടെ ഇന്ത്യയുടെ നോവായി റിഷഭ് പന്ത് മാറി. 105 പന്ത് നേരിട്ട് 9 ഫോറും 5 സിക്സും ഉള്‍പ്പെടെ 99 റണ്‍സുമായി റിഷഭ് പന്ത് പുറത്തായി. സെഞ്ച്വറിക്ക് ഒരു റണ്‍സകലെ റിഷഭ് ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. കെ എല്‍ രാഹുലില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ 12 റണ്‍സ് മാത്രം നേടി താരം മടക്കി. രണ്ട് ബൗണ്ടറി നേടിയെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ രാഹുലിന് സാധിച്ചില്ല. ഇന്ത്യന്‍ ടീമിലെ രാഹുലിന്റെ സീറ്റ് തെറിക്കാന്‍ സാധ്യത കൂടുതലാണ്.

വാലറ്റം തീര്‍ത്തും നിരാശപ്പെടുത്തി
രവീന്ദ്ര ജഡേജ അഞ്ച് റണ്‍സില്‍ മടങ്ങിയപ്പോള്‍ ആര്‍ അശ്വിന്‍ 15 റണ്‍സെടുത്തും പുറത്തായി. ജസ്പ്രീത് ബുംറ അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി.മുഹമ്മദ് സിറാജും ഡെക്കിന് മടങ്ങിയതോടെ ഇന്ത്യ 462 റണ്‍സില്‍ കൂടാരം കയറി. ന്യൂസീലന്‍ഡിനായി വില്യം ഒറൗര്‍ക്കിയും മാറ്റ് ഹെന്റിയും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ അജാസ് പട്ടേല്‍ രണ്ടും ഗ്ലെന്‍ ഫിലിപ്സും ടിം സൗത്തിയും ഓരോ വിക്കറ്റുകളും വീഴ്ത്തി. 107 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ന്യൂസീലന്‍ഡിന് മുന്നില്‍ വെച്ചത്. മറുപടിക്ക് ന്യൂസീലന്‍ഡ് ഇറങ്ങിയെങ്കിലും 4 പന്ത് എറിഞ്ഞപ്പോഴേക്കും മഴയെത്തുകയായിരുന്നു.
46 റണ്‍സിന് ഓള്‍ഔട്ടായി ഇന്ത്യ
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ഔട്ടായതാണ് എല്ലാ കണക്കുകൂട്ടലും തെറ്റിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനമാണ് പിഴച്ചത്. തനിക്ക് പറ്റിയ പിഴവ് രോഹിത് തന്നെ തുറന്ന് പറയുകയും ചെയ്തിരുന്നു. നാട്ടിലെ ഇന്ത്യയുടെ ഏറ്റവും മോശം സ്‌കോറാണിത്. ഇന്ത്യയുടെ അഞ്ച് താരങ്ങളാണ് ഡെക്കിന് പുറത്തായത്. 20 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യശ്വസി ജയ്സ്വാള്‍ 13 റണ്‍സുമെടുത്തു. പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കാതെ പോയി.
രോഹിത് ശര്‍മക്ക് 2 റണ്‍സാണ് നേടാനായത്. വിരാട് കോലി, സര്‍ഫറാസ് ഖാന്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരാണ് ഡെക്കിന് പുറത്തായത്. ന്യൂസീലന്‍ഡിനായി മാറ്റ് ഹെന്‍ റി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ വില്യം ഒറൗര്‍ക്കി നാലും ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.
ന്യൂസീലന്‍ഡിന് കൂറ്റന്‍ ലീഡ്
ഇന്ത്യയെ 46 റണ്‍സിന് ഓള്‍ഔട്ടാക്കി കിവീസ് ബാറ്റിങ്ങിലും മികച്ച പ്രകടനം നടത്തി കസറി. രചിന്‍ രവീന്ദ്ര 134 റണ്‍സോടെ ന്യൂസീലന്‍ഡിനെ മുന്നില്‍ നിന്ന് നയിച്ചു. ഓപ്പണര്‍ ഡെവോന്‍ കോണ്‍വേ 91 റണ്‍സ് നേടി തുടക്കത്തിലേ അടിത്തറ പാകി. ടോം ലാദം 15 റണ്‍സാണ് നേടിയത്. ഡാരില്‍ മിച്ചല്‍ 18 റണ്‍സാണ് അടിച്ചെടുത്തത്.
കിവീവ് നിരയെ ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 233 എന്ന നിലയിലേക്കെത്തിക്കാന്‍ ഇന്ത്യക്കായെങ്കിലും ടിം സൗത്തി 65 റണ്‍സോടെ കസറിയത് കിവീസിനെ വമ്പന്‍ ലീഡിലേക്കെത്തിക്കുകയായിരുന്നു. 356 റണ്‍സ് എന്ന കൂറ്റന്‍ ലീഡാണ് ന്യൂസീലന്‍ഡിന് സ്വന്തമാക്കാനായത്. 11 വര്‍ഷത്തിന് ശേഷം തട്ടകത്തില്‍ ഇന്ത്യ വഴങ്ങുന്ന വലിയ ലീഡാണിത്. ഇന്ത്യക്കായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ജസ്പ്രീത് ബുംറയും ആര്‍ അശ്വിനും ഓരോ വിക്കറ്റുകളും വീഴ്ത്തി.