ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ചുമതലയേറ്റ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡിന്റെ പരിശീലക സംഘത്തിലെ രണ്ടുപേരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ബൗളിങ്, ഫീല്‍ഡിങ് കോച്ചുമാരെയാണ് ബിസിസിഐ വൈകാതെ പ്രഖ്യാപിക്കുക. ബൗളിങ് പരിശീലകനായി പരസ് മാംബ്രെയും ഫീല്‍ഡിങ് കോച്ചായി ടി ദിലീപും എത്തുമെന്നാണ് വിവരം.
നേരത്തേ മുന്‍ കോച്ച് രവി ശാസ്ത്രിയുടെ സംഘത്തിലുണ്ടായിരുന്ന ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ വീണ്ടും ഈ സ്ഥാനത്തേക്കു അപേക്ഷ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ തന്നെ ഈ റോളില്‍ നിലനിര്‍ത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിവിധ കോച്ചിങ് പൊസിഷനുകളിലേക്കു അപേക്ഷ നല്കിയിട്ടുള്ളവരുമായി ആര്‍പി സിങ്, സുലക്ഷണ നായിക്ക് എന്നിവരുള്‍പ്പെട്ട ഉപദേശക സമിതി അഭിമുഖം നടത്തിക്കഴിഞ്ഞതായി ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബൗളിങ് കോച്ചായി മാംബ്രെ തന്നെ വരുമെന്ന് നേരത്തേ ഉറപ്പായിരുന്നു. കാരണം ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹം അവിടെയുണ്ടായിരുന്നു. പുതിയ കോച്ചായി ദ്രാവിഡ് ചുമതലയേറ്റത്തോടെ എന്‍സിഎയില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ചവരെ തന്നെ പരിശീലകസംഘത്തില്‍ ഉള്‍പ്പെടുത്താനായിരുന്നു അദ്ദേഹത്തിന്റെ താല്‍പ്പര്യം. ദ്രാവിഡിന്റെ കൂടി അഭിപ്രായം തേടിയ ശേഷമാണ് പുതിയ സ്റ്റാഫുമാരെ ബിസിസിഐ തിരഞ്ഞെടുക്കുന്നത്. കാലാവധി അവസാനിച്ചതോടെ സ്ഥാനമൊഴിഞ്ഞ ഭരത് അരുണിനു പകരമാണ് മാംബ്രെ പുതിയ ബൗളിങ് കോച്ചാവുക. അതേസമയം, ആര് ശ്രീധറിന്റെ പകരക്കാരനായാണ് ദിലീപ് പുതിയ ഫീല്‍ഡിങ് കോച്ചാവുന്നത്.
ഈ വര്‍ഷം ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ ടി20, ഏകദിന പരമ്പരകളില്‍ കളിച്ചപ്പോള്‍ ദ്രാവിഡ് താല്‍ക്കാലിക കോച്ചിന്റെ റോള്‍ വഹിച്ചിരുന്നു. ശാസ്ത്രിയും സംഘവും വിരാട് കോലിയുള്‍പ്പെട്ട ടെസ്റ്റ് ടീമിനോടൊപ്പം ഇംഗ്ലണ്ട് പര്യടനത്തില്‍ ആയിരുന്നതിനാലായിരുന്നു ലങ്കയില്‍ ദ്രാവിഡിനു താല്‍ക്കാലിക കോച്ചിന്റെ ചുമതല നല്‍കിയത്. അന്നു അദ്ദേഹത്തിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്നവരാണ് മാംബ്രെയും ദിലീപും. പുതിയ ഫീല്‍ഡിങ് കോച്ചായി ദിലീപ് വരുന്നത് വലിയ സര്‍പ്രൈസ് തന്നെയാണ്. കാരണം ഈ റോളില്‍ നേരത്തേ ആരും സാധ്യത കല്‍പ്പിക്കാതിരുന്ന വ്യക്തിയാണ് അദ്ദേഹം. ലെവല്‍ ത്രീ കോച്ചിങ് കോഴ്സ് പാസായിട്ടുള്ള ദിലീപ് നേരത്തേ ഹൈദരബാദ് ടീമിനൊപ്പവും ഇന്ത്യന്‍ എ ടീമിനോടൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ന്യൂസിലാന്‍ഡിനെതിരേ 17ന് ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കു മുന്നോടിയായി 13ന് ജയ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന കളിക്കാരോടും കോച്ചിങ് സംഘത്തോടും ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്. രോഹിത് ശര്‍മയാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. കെഎല്‍ രാഹുലിനെ പുതിയ വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്.