പൂനെ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ വിജയത്തിനായി ഇന്ത്യ പൊരുതുകയാണ്. സന്ദര്‍ശകരായ ന്യൂസീലന്‍ഡ് മുന്നോട്ടുവെച്ച 359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് 34 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ചു. രോഹിത് പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ ശുബ്മാന്‍ ഗില്ലും ജയ്‌സ്വാളും ചേര്‍ന്ന് ഇന്ത്യക്ക് അടിത്തറ പാകി. എന്നാല്‍ ഉച്ച ഭക്ഷണത്തിന് ശേഷം ചെറിയ ഇടവേളയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിരിക്കുകയാണ്.
ശുബ്മാന്‍ ഗില്‍ 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ യശ്വസി ജയ്‌സ്വാള്‍ നിര്‍ണ്ണായകമായ 77 റണ്‍സുകള്‍ നേടിയാണ് പുറത്തായത്. എന്നാല്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ച റിഷഭ് പന്ത് അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായത് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. റണ്ണൗട്ടായാണ് റിഷഭിന്റെ മടക്കം. ഇത്രയും നിര്‍ണ്ണായകമായ സാഹചര്യത്തില്‍ അനാവശ്യമായി റണ്‍സിന് ശ്രമിച്ചാണ് റിഷഭ് പന്ത് റണ്ണൗട്ടായത്. റിഷഭ് റണ്ണൗട്ടിലൂടെ പുറത്തായതില്‍ വിരാട് കോലിക്കെതിരേ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ കോലിയുടെ പിഴവാണിതെന്ന് പറയാനാവില്ല.
സാഹസം കാട്ടിയത് റിഷഭ്
വിരാട് കോലിയുടെ ബാറ്റിന്റെ എഡ്ജില്‍ തട്ടി തേര്‍ഡ് മാന്‍ പൊസിഷനിലേക്ക് പോയ പന്തില്‍ വിരാട് കോലി സിംഗിളിന് ശ്രമിക്കുകയായിരുന്നു. മിച്ചല്‍ സാന്റ്‌നര്‍ അവിടെ ഫീല്‍ഡ് ചെയ്യവെ കോലി അതിവേഗ സിംഗിളിന് ശ്രമിച്ചു. ആദ്യം റണ്‍സിനായി കോള്‍ ചെയ്തതും ക്രീസ് വിട്ടതും കോലിയാണ്. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ കോലിക്ക് പന്ത് നോക്കി ഓടുക പ്രയാസമാണ്. അതുകൊണ്ടുതന്നെ നോണ്‍സ്‌ട്രൈക്കറായ റിഷഭ് പന്തായിരുന്നു കോലിക്ക് കോള്‍ നല്‍കേണ്ടിയിരുന്നത്.
എന്നാല്‍ കോലിയോട് ഓടേണ്ട എന്ന കോള്‍ റിഷഭ് നല്‍കിയില്ല. അതുകൊണ്ടാണ് റിഷഭ് പന്ത് റണ്ണൗട്ടായത്. റിഷഭിന്റെ ശരിയായ കോള്‍ ഉണ്ടായിരുന്നെങ്കില്‍ കോലി ആ റണ്‍സിനായി ശ്രമിക്കില്ലായിരുന്നു. എന്നാല്‍ റിഷഭ് സാഹസിക സിംഗിളിന് പ്രേരിപ്പിച്ചതാണ് റണ്ണൗട്ടില്‍ കലാശിച്ചത്. റിഷഭ് ഡൈവ് ചെയ്ത് നോക്കിയെങ്കിലും ക്രീസിലേക്കെത്താനായില്ല. സാന്റ്‌നറുടെ ഗംഭീര ത്രോയും റിഷഭിന്റെ പുറത്താകലിന് നിര്‍ണ്ണായകമായി. എന്തായാലും കോലിയുടെ പിഴവാണിതെന്ന് പറയാനാവില്ല.

കളി മറന്ന് ഇന്ത്യ
ഉച്ച ഭക്ഷണത്തിന് പിരിയുന്നതുവരെ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം മത്സരത്തിലുണ്ടായിരുന്നു. എന്നാല്‍ ഇതിന് ശേഷമുള്ള സെക്ഷനില്‍ ചെറിയ ഇടവേളക്കുള്ളില്‍ നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും മടങ്ങിയതിന് പിന്നാലെയാണ് റിഷഭിന്റെ നിരാശപ്പെടുത്തുന്ന പുറത്താകല്‍. ഇന്ത്യ ഇത്രയും വലിയ സ്‌കോര്‍ പിന്തുടരുന്ന സാഹചര്യത്തില്‍ റിഷഭിന്റെ പ്രകടനം വളരെ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ നിരാശപ്പെടുത്തി അക്കൗണ്ട് തുറക്കാതെ മടങ്ങി.
റിഷഭ് പുറത്തായപ്പോള്‍ വിരാട് കോലിയില്‍ ഇന്ത്യ പ്രതീക്ഷവെച്ചു. റണ്‍സ് പിന്തുടരുന്ന സാഹചര്യത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെചക്കുന്ന താരമാണ് കോലി. എന്നാല്‍ മികവ് കാട്ടാന്‍ കോലിക്ക് സാധിക്കാതെ പോയി. രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 17 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഇന്ത്യയുടെ രക്ഷകനാവാന്‍ കോലിക്ക് സാധിക്കാതെ പോയി. ഇതോടെ 96ന് രണ്ട് എന്ന നിലയില്‍ നിന്ന് 147ന് 5 എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.
ഇന്ത്യ തട്ടകത്തില്‍ നാണംകെടുമോ?
2012ല്‍ ഇംഗ്ലണ്ട് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയ ശേഷം മറ്റൊരു ടീമിനും ഇന്ത്യയില്‍ നിന്ന് ടെസ്റ്റ് പരമ്പര നേട്ടവുമായി മടങ്ങാനായിട്ടില്ല. ഇൗ സാഹചര്യത്തില്‍ ഇന്ത്യയുടെ സര്‍വാധിപത്യം അവസാനിപ്പിക്കാന്‍ കിവീസിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കിവീസ് നിര അച്ചടക്കത്തോടെ കളിക്കുന്നുണ്ട്. ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സന്ദര്‍ശകര്‍ക്കായി. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ച കിവീസ് രണ്ടാം മത്സരവും ജയിച്ച് പരമ്പര നേടുമോയെന്നത് കണ്ടറിയാം.