ഇന്ത്യന്‍ ടി 20 ക്രിക്കറ്റ് ടീം നായകന്‍ സൂര്യകുമാര്‍ യാദവിനെ വാനോളം പുകഴ്ത്തി 2011 ലെ ഏകദിന ലോകകപ്പ് ജേതാവായ മുനാഫ് പട്ടേല്‍. സൂര്യകുമാര്‍ യാദവ് ടി20യിലെ രോഹിത് ശര്‍മ്മയും വിരാട് കോലിയും ആണെന്നാണ് മുനാഫിന്റെ അഭിപ്രായം. നിലവില്‍ ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി201 പരമ്പരയില്‍ സൂര്യകുമാര്‍ ഇന്ത്യയെ നയിക്കുകയാണ്. ഇതിനോടകം ഇന്ത്യ പരമ്പരയില്‍ 3-1 ലീഡ് നേടിയിട്ടുണ്ട്.
ശേഷിക്കുന്ന ഒരു മത്സരം നാളെ തിരുവനന്തപുരത്ത് നടക്കും. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് മുമ്പ്, മോശം ഫോം കാരണം സൂര്യകുമാര്‍ വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. എന്നിരുന്നാലും, കിവീസിനെതിരായ ഇതുവരെയുള്ള നാല് മത്സരങ്ങളില്‍ നിന്ന് 89.50 ശരാശരിയിലും 192.47 സ്‌ട്രൈക്ക് റേറ്റിലും 179 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് തിരികെ എത്തുന്നതിന്റെ പോസിറ്റീവ് സൂചനകള്‍ നല്‍കിയിട്ടുണ്ട്.

പരമ്പരയില്‍ ഇതിനോടകം രണ്ട് അര്‍ദ്ധസെഞ്ച്വറികള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ടി 20 ഫോര്‍മാറ്റിലെ ഇതിഹാസമാണ് സൂര്യകുമാര്‍ യാദവ് എന്ന് 'ബ്രേക്കിംഗ് സ്‌പോര്‍ട്‌സ് വിത്ത് വിവേക് സേതിയ' എന്ന യൂട്യൂബ് പോഡ്കാസ്റ്റില്‍ പങ്കെടുത്ത് കൊണ്ട് മുനാഫ് പറഞ്ഞു. സൂര്യകുമാര്‍ ക്യാപ്റ്റനായിരുന്നില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കുമായിരുന്നോ എന്ന ചോദ്യത്തിന് ടീം ജയിക്കുന്നതിനാല്‍ ഒരു പ്രശ്നവുമില്ലെന്നായിരുന്നു മുനാഫിന്റെ മറുപടി.
'നോക്കൂ, സൂര്യകുമാര്‍ സൂര്യകുമാറാണ്. ഏകദിനത്തിലും ടെസ്റ്റിലും രോഹിതിനെയും വിരാടിനെയും കണക്കാക്കുന്നതുപോലെ, സൂര്യകുമാര്‍ ടി20യിലെ രോഹിത്തും വിരാടും ആണ്. ഇതുപോലുള്ള വലിയ കളിക്കാരെ നമ്മുടെ ടീം എപ്പോഴും കൈകാര്യം ചെയ്യുന്നു. എല്ലാം നഷ്ടപ്പെടുമ്പോള്‍ മാത്രമേ ഒരു കളിക്കാരനെ ഒഴിവാക്കൂ. എന്നാല്‍ നിങ്ങള്‍ വിജയിച്ചുകൊണ്ടേയിരിക്കുമ്പോള്‍, ചില കാര്യങ്ങള്‍ മറഞ്ഞിരിക്കും. സൂര്യകുമാറിന് ഒരു അവസരം നല്‍കാനുള്ള നിങ്ങളുടെ അവസരമാണിത്,' അദ്ദേഹം പറഞ്ഞു.
'നിങ്ങള്‍ വിജയിക്കുകയാണ്, അതിനാല്‍ ഒരു പ്രശ്‌നവുമില്ല. നിങ്ങള്‍ തോറ്റാല്‍ അത് ഒരു പ്രശ്‌നമായിരിക്കും. നിങ്ങള്‍ വിജയിക്കുമ്പോള്‍, നിങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കണം. അദ്ദേഹം ഫോര്‍മാറ്റിലെ ഒരു ഇതിഹാസം കൂടിയാണ്, അതിനാല്‍ നിങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കണം. മറ്റ് ഓപ്ഷനില്ല. അദ്ദേഹം 100% തന്റെ സ്ഥാനത്തിന് അര്‍ഹനാണ്. വിരാടിനെയും രോഹിത്തിനെയും പോലെ സൂര്യകുമാറിനും മറ്റെല്ലാം മറക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഒരു ഇന്നിംഗ്‌സ് കളിക്കാന്‍ കഴിയും, അദ്ദേഹത്തിന് ആ കഴിവുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്കായി 103 ടി20 മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ യാദവ്, 36.62 ശരാശരിയില്‍ 2,967 റണ്‍സ് നേടിയിട്ടുണ്ട്, അതില്‍ 23 അര്‍ധസെഞ്ച്വറികളും നാല് സെഞ്ച്വറികളും ഉള്‍പ്പെടുന്നു. അതേസമയം ശുഭ്മാന്‍ ഗില്ലിനെ ടി20 മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയതിനെതിരേയും മുനാഫ് പട്ടേല്‍ രംഗത്തെത്തി. ഒരു ടെസ്റ്റ്, ഏകദിന ക്യാപ്റ്റനെ ലോകോത്തര ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയത് വളരെ മോശമാണ്.