കോലിക്ക് 10ല്‍ 9, ഏഴ് പേര്‍ക്ക് 5ല്‍ താഴെ!! ഏറ്റവും മോശം 2 പേര്‍; ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയൊരു ഞെട്ടലോടെയാണ് ഈ വര്‍ഷം തുടങ്ങിയിട്ടുള്ളതെന്നു പറയാം. ന്യൂസിലാന്‍ഡിന്റെ രണ്ടാംനിര ടീമുമായുള്ള ഏകദിന പരമ്പര ശുഭ്മന്‍ ഗില്ലും സംഘവും ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ആദ്യ മല്‍സരത്തില്‍ ജയത്തോടെ തുടങ്ങിയ ശേഷമാണ് അടുത്ത രണ്ടു കളിയിലും തോല്‍വിയിലേക്ക് വീണ് പരമ്പരയും ഇന്ത്യ അടിയറവച്ചത്. ചെറുതായൊന്നു പാളിയിരുന്നെങ്കില്‍ ആദ്യ കളിയിലും ഇന്ത്യ തോല്‍ക്കേണ്ടതായിരുന്നു.
കെഎല്‍ രാഹുലിന്റെ മനസാന്നിധ്യമാണ് റണ്‍ചേസില്‍ ടീമിനെ ഒരുവിധം ജയിപ്പിച്ചത്. രണ്ടും മൂന്നും ഏകദിനങ്ങളില്‍ വളരെ അനായാസമാണ് കിവികള്‍ ജയിച്ചുകയറിയത്. ടീമിലെ ഭൂരിഭാഗം താരങ്ങളും ഫ്‌ളോപ്പായി മാറിയതാണ് ടീമിനെ ഇത്തരമൊരു തോല്‍വിയിലേക്കു തള്ളിയിട്ടത്. ഈ പരമ്പരയില്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള താരങ്ങളുട റേറ്റിങ് എങ്ങനെയാണെന്നു പരിശോധിക്കാം.

താരങ്ങളുടെ റേറ്റിങറിയാം
ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളില്‍ പലരുടെയും റേറ്റിങ് വളരെ പരിതാപകരമാണെന്നു കാണാം. പ്രകടനം മാനദണ്ഡമാക്കി താരങ്ങള്‍ക്കു 10ല്‍ റേറ്റിങ് നല്‍കിയാല്‍ തലപ്പത്തുണ്ടാവുക റണ്‍മെഷീന്‍ വിരാട് കോലിയാണ്. 10ല്‍ ഒമ്പതാണ് അദ്ദേഹത്തിനുള്ളത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ടീമിന്റെ ബാറ്റിങ് നട്ടെല്ല് എന്നു തന്നെ കോലിയെ വിളിക്കാം.
ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 80 ശരാശരിയില്‍ അദ്ദേഹം അടിച്ചെടുത്തത് 240 റണ്‍സാണ്. ഉയര്‍ന്ന സ്‌കോറാവാട്ടെ അവസാന കളിയില്‍ റണ്‍ചേസിലെടുത്ത 124 റണ്‍സുമാണ്. ഈ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരവും കോലി തന്നെ.
കോലി മാത്രമല്ല, റേറ്റിങില്‍ 10ല്‍ ഒമ്പത് ലഭിച്ച മറ്റൊരാള്‍ കൂടിയുണ്ട്. അതു പേസര്‍ ഹര്‍ഷിത് റാണയാണ്. ഈ പരമ്പരയിലെ വലിയ പോസിറ്റീവെന്നു പറയാവുന്നത് അദ്ദേഹത്തിന്റെ പ്രകടനമാണ്. ബൗളിങിനൊപ്പം ബാറ്റിങിലും ഹര്‍ഷിത്തിനു ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചതായി കാണാം. പരമ്പരയില്‍ ടീമിന്റെ വിക്കറ്റ് വേട്ടക്കാരനായി മാറിയത് ഹര്‍ഷിത്താണ്.
മൂന്നു കളിയില്‍ 6.81 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. പവര്‍പ്ലേയിലായിരുന്നു ഹര്‍ഷിത്തിന്റെ ഏറ്റവും ഗംഭീര പ്രകടനം. ഡെത്ത് ഓവറുകളില്‍ താരത്തിനു കൂടുതല്‍ റണ്‍സും വിട്ടുകൊടുക്കേണ്ടതായി വന്നു.
ബാറ്റിങെടുത്താല്‍ ഹര്‍ഷിത്തിന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റിക്കും ഈ പരമ്പര സാക്ഷിയായി. അവസാന മല്‍സരത്തിലാണ് 52 റണ്‍സുമായി താരം ഞെട്ടിച്ചത്. പരമ്പരയില്‍ 118 സ്‌ട്രൈക്ക്‌റേറ്റോടെ 80 റണ്‍സും ഹര്‍ഷിത് സ്‌കോര്‍ ചെയ്തു.
കോലി, ഹര്‍ഷിത് എന്നിവര്‍ കഴിഞ്ഞാല്‍ റേറ്റിങിലെ മൂന്നാമന്‍ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങാണ്. 10ല്‍ എട്ടാണ് റേറ്റിങ്. പരമ്പരയില്‍ അവസാന മല്‍സരം മാത്രമേ കളിച്ചുള്ളൂവെങ്കിലും തന്റെ റോള്‍ അദ്ദേഹം മോശമാക്കിയില്ല.
63 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് പേസര്‍ പോക്കറ്റിലാക്കിയത്. അര്‍ഷ്ദീപ് കഴിഞ്ഞാല്‍ റേറ്റിങിലെ നാലാമന്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ്. 10ല്‍ ആറാണ് അദ്ദേഹത്തിന്റെ റേറ്റിങ്.

അവസാന കളിയില്‍ ഫ്‌ളോപ്പായെങ്കിലും 142 ശരാശരിയില്‍ 142 റണ്‍സ് പരമ്പരയില്‍ നേടാന്‍ രാഹുലിനു സാധിച്ചു. ഒരു സെഞ്ച്വറിയടക്കമാണിത്. കോലി കഴിഞ്ഞാല്‍ ടീമിനായി ഏറ്റവുമധികം റണ്ണെടുത്തതും രാഹുലാണ്. ഈ നാലു പേരെ മാറ്റി നിര്‍ത്തിയാല്‍ ടീമിലെ മറ്റുള്ളവരുടെയെല്ലാം റേറ്റിങ് അഞ്ചോ, അതില്‍ താഴെയുമാണ്.
നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ റേറ്റിങ് അഞ്ചാണ്. രണ്ടു ഫിഫ്റ്റിയടക്കം 135 റണ്‍സാണ് പരമ്പരയില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. ഗില്ലിനു ശേഷം രോഹിത് ശര്‍മ (61 റണ്‍സ്), ശ്രേയസ് അയ്യര്‍ (60), കുല്‍ദീപ് യാദവ് (3 വിക്കറ്റ്), മുഹമ്മദ് സിറാജ് (3) എന്നിവരുടെയെല്ലാം റേറ്റിങ് നാലാണ്.
നിതീഷ് റെഡ്ഡിയുടെ (73) റേറ്റിങ് മൂന്നുമാണ്. അവസാന സ്ഥാനം പങ്കിടുന്നത് രവീന്ദ്ര ജഡേജയും (43 റണ്‍സ്, വിക്കറ്റില്ല) പ്രസിദ്ധ് കൃഷ്ണുമാണ് (3 വിക്കറ്റ്). രണ്ടു പേരുടെയും റേറ്റിങ് വെറും രണ്ടു മാത്രം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications