
ടി20 ലോകകപ്പിനു ശേഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലാന്‍ഡിന്റെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. രണ്ടു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. അതിനു മുമ്പ് മുന്നു ടി20കളിലും ഇരുടീമുകളും ഏറ്റുമുട്ടും. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്ല്യംസണിനു കീഴില്‍ ശക്തമായ ടീമിനെയാണ് കിവീസ് ഇന്ത്യയിലേക്കു അയക്കുന്നത്. ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ എട്ടു വിക്കറ്റിനു തകര്‍ത്ത് ന്യൂസിലാന്‍ഡ് കിരീടം ചൂടിയിരുന്നു. ഇതിനു സ്വന്തം നാട്ടില്‍ വച്ച് കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയാണ് അടുത്ത പരമ്പരയില്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ പരമ്പര കൂടിയാണ് കിവീസിനെതിരേയുള്ളത്. ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ പുതിയ സീസണില്‍ ആദ്യം മാറ്റുരച്ചത്.
ഇന്ത്യന്‍ പിച്ചുകളുടെ സ്വഭാവം കൂടി പരിഗണിച്ച് സ്പിന്നര്‍മാര്‍ക്കു പ്രാധാന്യം നല്‍കിയുള്ള 15 അംഗ ടെസ്റ്റ് ടീമിനെയാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ചു സ്പിന്നര്‍മാര്‍ ബൗളിങ് സംഘത്തിലുണ്ട്. ഇതില്‍ രണ്ടു പേര്‍ ഇന്ത്യന്‍ വംശജരുമാണ്. അജാസ് പട്ടേല്‍, രചിന്‍ രവീന്ദ്ര എന്നിവരാണിത്. വില്‍ സോമര്‍വില്ലെ, മിച്ചെല്‍ സാന്റ്‌റര്‍, ഗ്ലെന്‍ ഫിലിസ് എന്നിവരാണ് മറ്റു സ്പിന്നര്‍മാര്‍. ടെസ്റ്റില്‍ നിലവിലെ ലോക ചാംപ്യന്‍മാരായ ന്യൂസിലാന്‍ഡിന്റെ പുതിയ സീസണിലെ ആദ്യ പരമ്പര കൂടിയാണിത്.

നവംബര്‍ 25 മുതല്‍ 29 വരെ കാണ്‍പൂരിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ടെസ്റ്റ് നടക്കുക. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഡിസംബര്‍ മൂന്ന് മുതല്‍ ഏഴു വരെ മുംബൈയിലായിരിക്കും. അഞ്ചു സ്പിന്നര്‍ സംഘത്തിലുണ്ടെന്നത് മാറ്റിനിര്‍ത്തിയാല്‍ ന്യൂസിലാന്‍ഡ് ടീമിലെ മറ്റുള്ളവരെല്ലാം പരിചിത മുഖങ്ങളാണ്. ടി സൗത്തി, കൈല്‍ ജാമിസണ്‍, നീല്‍ വാഗ്നര്‍ എന്നിവരായിരിക്കും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത്. ബയോ ബബ്ള്‍ ബുദ്ധിമുട്ടുകള്‍ കാരണം സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്, ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവര്‍ പരമ്പരയില്‍ നിന്നും സ്വയം പിന്മാറിയതിനാല്‍ ടെസ്റ്റ് സംഘത്തിലുള്‍പ്പെട്ടിട്ടില്ല.
കളിക്കാരുടെ മാനസികാരോഗ്യമാണ് പരമപ്രധാനമെന്നു ന്യൂസിലാന്‍ഡ് കോച്ച് ഗാരി സ്‌റ്റെഡ് വ്യക്തമാക്കി. ഈ വര്‍ഷം ഇതിനകം 60 ദിവസം ട്രെന്റ് ബയോ ബബ്‌ളില്‍ ചെലവിട്ടു കഴിഞ്ഞു. കോളിനും മേയ് മുതല്‍ ബയോ ബബ്‌ളിലായിരുന്നു. രണ്ടു പേരോടും സംസാരിച്ച ശേഷം ഏറ്റവും നല്ല ഓപ്ഷന്‍ ടെസ്റ്റ് ടീമില്‍ നിന്നും വിശ്രമം നല്‍കുകയാണെന്നു വ്യക്തമായി. ഇതു കാരണമാണ് ഇരുവരെയും മാറ്റിനിര്‍ത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതാദ്യമായിട്ടാണ് ഗ്ലെന്‍ ഫിലിപ്‌സ് ടെസ്റ്റ് ടീമിന്റെ ഭാഗമായത്. 2020ന്റെ അവസാനത്തോടെ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു താരത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. 21 കാരനായ രചിന്റെ കാര്യമെടുത്താല്‍ സപ്തംബറില്‍ ബംഗ്ലാദേശിനെതിരായ ടി20യിലൂടെയാണ് അരങ്ങേറിയത്. ഈ വര്‍ഷം ന്യൂസിലാന്‍ഡ് ടീം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പര്യടനം നടത്തിയപ്പോള്‍ താരം സംഘത്തിലുണ്ടായിരുന്നെങ്കിലും ടെസ്റ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ല. പട്ടേലും സോമര്‍വില്ലെയും ചേര്‍ന്നായിരിക്കും കിവീസ് സ്പിന്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയേക്കുക. മൂന്നു ടെസ്റ്റുകളില്‍ ഒരുമിച്ച് കളിച്ചപ്പോള്‍ 28 വിക്കറ്റുകള്‍ ഈ ജോടി വീഴ്ത്തിയിരുന്നു.
ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലു ശേഷം ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ബിജെ വാട്‌ലിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹമില്ലാതെ കിവീസിന്റെ ആദ്യത്തെ പരമ്പര കൂടിയായിരിക്കും ഇന്ത്യക്കെതിരേയുള്ളത്. വാട്‌ലിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പിങിന്റെ ചുമതല ടോം ബ്ലെണ്ടലിനായിരിക്കും. ടെസ്റ്റ് ടീമിലുള്ള താരങ്ങള്‍ ഈ മാസം എട്ടിന് നാട്ടില്‍ നിന്നും ഇന്ത്യയിലേക്കു യാത്ര തിരിക്കും. വില്ല്യംസണുള്‍പ്പെടെയുള്ള ചിലര്‍ ഇപ്പോള്‍ യുഎഇയില്‍ ടി20 ലോകകപ്പ് കളിച്ചുകൊണ്ടിരിക്കുകയാണ്. അതിനു ശേഷമായിരിക്കും ഇവര്‍ ഇന്ത്യയിലേക്കു വരുന്നത്. ഈ മാസം 17ന് മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. 17, 19, 21 തിയ്യതികളിലാണ് മല്‍സരങ്ങള്‍.
ന്യൂസിലാന്‍ഡ് ടെസ്റ്റ് ടീം
കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ലെണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഡെവന്‍ കോണ്‍വേ, കൈല്‍ ജാമിസണ്‍, ടോം ലാതം, ഹെന്റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചെല്‍ സാന്റ്‌നര്‍, വില്‍ സോമര്‍വില്ലെ, ടിം സൗത്തി, റോസ് ടെയ്‌ലര്‍, വില്‍ യങ്, നീല്‍ വാഗ്നര്‍.