പുത്തന്‍ പ്രതീക്ഷകളുമായി ടീം ഇന്ത്യ പുതുവര്‍ഷത്തിലേക്കു കടന്നിരിക്കുകയാണ്. ഈ വര്‍ഷം ടീമിന്റെ ആദ്യ ചാലഞ്ച് ന്യൂസിലാന്‍ഡുമായി അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ്. 11നാണ് പരമ്പര തുടങ്ങാനിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈയാഴ്ച ടീമിനെ പുറത്തുവിടുമെന്നാണ് വിവരം. ശുഭ്മന്‍ ഗില്ലിനു കീഴിലായിരിക്കും പരമ്പരയില്‍ ഇന്ത്യയിറങ്ങുക. ടി20 ലോകകപ്പിന്റെ ഭാഗമായിട്ടുള്ള ചില പ്രധാന താരങ്ങളെ ഇന്ത്യന്‍ ടീമില്‍ കണ്ടേക്കില്ല. ആരാധകരെല്ലാം മറന്നു തുടങ്ങിയ ചില സര്‍പ്രൈസ് താരങ്ങളെ ഇന്ത്യന്‍ ഏകദിന ടീമില്‍ കണ്ടേക്കാം. അവര്‍ ആരൊക്കെയാവുമെന്നു നോക്കാം.

സര്‍പ്രൈസ് താരങ്ങള്‍ ഇവര്‍
ഇന്ത്യയുടെ ഏകദിന ടീമിലേക്കു തിരിച്ചുവിളിക്കപ്പെടാന്‍ സാധ്യതയുള്ള ആദ്യ സര്‍പ്രൈസ് താരം പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ്. മാര്‍ച്ചില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ടീമിന്റെ പ്ലാനുകളുടെ ഭാഗമല്ല അദ്ദേഹം. ഒമ്പതു വിക്കറ്റുകളുമായി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ ബൗളര്‍മാരില്‍ ഒരാളുമായിരുന്നു ഷമി.
ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി വിവിധ ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഷമി തഴയപ്പെട്ടു കൊണ്ടിരുന്നു. ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലും അദ്ദേഹം മിന്നുന്ന ഫോമിലാണ്. നാലിന്നിങ്‌സുകളില്‍ നിന്നും എട്ടു വിക്കറ്റുകള്‍ പേസര്‍ കൈക്കലാക്കി കഴിഞ്ഞു.
അതിനു മുമ്പ് കളിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20യിലും ബംഗാളിനായി ഷമി വലിയ വിക്കറ്റ്‌വേട്ട നടത്തി. ഏഴു മല്‍സരങ്ങളില്‍ അദ്ദേഹം പിഴുതത് 16 വിക്കറ്റുകളാണ്. തൊട്ടുമുമ്പ് കളിച്ച രഞ്ജി ട്രോഫിയിലും ഷമി മോശമാക്കിയില്ല. ഏഴിന്നിങ്‌സുകളില്‍ 20 വിക്കറ്റുകള്‍ പേസര്‍ പോക്കറ്റിലാക്കിയിരുന്നു. അടുത്ത വര്‍ഷം ഐസിസി ഏകദിന ലോകകപ്പ് നടക്കാനിരിക്കവെ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഷമിയെപ്പോലെ പരിചയസമ്പന്നനായ ഒരു ഫാസ്റ്റ് ബൗളറെ ടീമിന് ആവശ്യമാണ്.
ഷമി കഴിഞ്ഞാല്‍ ഇന്ത്യന്‍ ഏകദിന ടീമിലേക്കു സര്‍പ്രൈസ് വിളിയെത്തിയേക്കാവുന്ന രണ്ടാമത്തെയാള്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ്. നിലവില്‍ ദേശീയ ടീമില്‍ നിന്നും അപ്രത്യക്ഷനായെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി മികച്ച പ്രകടനാണ് ശര്‍ദ്ദുല്‍ കാഴ്ചവയ്ക്കുന്നത്.
2023ലെ ഏകദിന ലോകകപ്പിലാണ് അദ്ദേഹം അവസാനമായി ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കായി കളിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ടീമിന്റെ ക്യാപ്റ്റനാണ് ശര്‍ദ്ദുല്‍. ബാറ്റിങിലും ബൗളിങിലും ഇംപാക്ടുണ്ടാക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. രണ്ടിന്നിങ്‌സുകളില്‍ 56 റണ്‍സെടുത്ത ശര്‍ദ്ദുല്‍ മൂന്നു കളിയില്‍ എട്ടു വിക്കറ്റും സ്വന്തമാക്കിയിരുന്നു.

ലിസ്റ്റ് എ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ റെക്കോഡും വളരെ മികച്ചതാണ്. 69 ഇന്നിങ്‌സുകളിലായി 1027 റണ്‍സ് സ്‌കോര്‍ ചെയ്ത ശര്‍ദ്ദുല്‍ 120 ഇന്നിങ്‌സില്‍ 188 വിക്കറ്റുകളും കടപുഴത്തി. ന്യൂസിലാന്‍ഡുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിശ്രമം നല്‍കാനിരിക്കെ പകരം ശര്‍ദ്ദുല്‍ മികച്ച ഓപ്ഷനാണ്.
ഇടംകൈയന്‍ വിക്കറ്റ്കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ ഏകദിന ടീമില്‍ അവസരം ലഭിച്ചേക്കാവുന്ന മൂന്നാമത്തെ സര്‍പ്രൈസ് താരം. ആഭ്യന്തര ക്രിക്കറ്റിലെ വമ്പന്‍ റണ്‍വേട്ടയെ തുടര്‍ന്ന് ടി20 ടീമിലേക്കു അദ്ദേഹം തിരിച്ചുവിളിക്കപ്പെട്ടു കഴിഞ്ഞു. ടി20 ലോകകപ്പിലെ ബാക്കപ്പ് കീപ്പറാണ് ഇഷാന്‍.
ജാര്‍ഖണ്ഡിനായി ഈ സീസണില്‍ റണ്‍സ് വാരിക്കൂട്ടുകയാണ് അദ്ദേഹം. സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ റണ്‍വേട്ടയില്‍ തലപ്പത്ത് ഇഷാനായിരുന്നു. രണ്ടു സെഞ്ച്വറികളടക്കം 500ന് മുകളില്‍ റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. അതിനു ശേഷം വിജയ് ഹസാരെയിലെ ആദ്യ കളിയില്‍ വെറും 33 ബോളില്‍ സെഞ്ച്വറി കുറിക്കാനും ഇഷാന് സാധിച്ചിരുന്നു.