ബെംഗളൂരു: ന്യൂസിലാന്‍ഡുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ കൂട്ടത്തകര്‍ച്ച ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പ് ഇന്ത്യക്കു ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ചില ദൗര്‍ബല്യങ്ങള്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇപ്പോഴും ഇന്ത്യക്കുണ്ടെന്നും ഇതു പരിഹരിച്ചില്ലെങ്കില്‍ ഓസ്ട്രലിയന്‍ മണ്ണില്‍ ഇന്ത്യ തകര്‍ന്നടിയുമെന്നും കിവികള്‍ കാണിച്ചു തന്നിരിക്കുകയാണ്.
സ്വന്തം നാട്ടിലെ പരിചിതമായ പിച്ചായിരുന്നിട്ടു പോലും വെറും 46 റണ്‍സിനു ഓള്‍ഔട്ടാവുകയെന്നതു മാപ്പര്‍ഹിക്കാത്ത കാര്യം തന്നെയാണ്. വെല്ലുവിളിയുര്‍ത്തുന്ന ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ഇതു ഇന്ത്യയെ അപകടത്തിലാക്കുമെന്നുറപ്പാണ്. അടുത്ത മാസം അവസാനത്തോടെയാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്കു പറക്കുക. അഞ്ചു ടെസ്റ്റുകള്‍ ഇന്ത്യ അവിടെ കളിക്കുകയും ചെയ്യും.
ഓസ്‌ട്രേലിയയിലേക്കു വിമാനം കയറുന്നതിനു മുമ്പ് ചില വീക്ക്‌നെസുകള്‍ ഇന്ത്യന്‍ മാറ്റിയെടുക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ സമാനമായ ദുരന്തം തന്നെയായിരിക്കും അവിടെയും ടീമിനെ കാത്തിരിക്കുക. ന്യൂസിലാന്‍ഡ് ടീം തുറന്നു കാണിച്ചിട്ടുള്ള ഇന്ത്യയുടെ പ്രധാനപ്പെട്ട രണ്ടു ദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണന്നു നമുക്കു പരിശോധിക്കാം.

സ്വിങ്, സീം ദൗര്‍ബല്യം
ഒന്നാമിന്നിങ്‌സില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യയെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. ബോള്‍ നന്നായി സ്വിങ് ചെയ്യുന്ന സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ബാറ്റിങ് നിര എത്ര മാത്രം ദുര്‍ബലമാണെന്നു ന്യൂസിലാന്‍ഡ് കാണിച്ചുതന്നു. പിച്ചില്‍ ഈര്‍പ്പവും മൂടിക്കെട്ടിയ സാഹചര്യങ്ങളുമാണെങ്കില്‍ ഇന്ത്യക്കു അവിടെ മികച്ച പേസാക്രമണത്തെ നേരിടുകയെന്നതു അസാധ്യമാണെന്നാണ് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നത്. ഇതിനെ അതിജീവിക്കാനുള്ള മാര്‍ഗം ഇന്ത്യ കണ്ടെത്തിയേ തീരൂ.
2020-21ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഷോക്ക് ഇപ്പോഴും ഇന്ത്യ മറന്നിട്ടില്ല. അന്നു അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ വെറും 36 റണ്‍സിനു ടീം ഓള്‍ഔട്ടായിരുന്നു. പരമ്പരാഗതമായ റെഡ് ബോളിനേക്കാള്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ പിങ്ക് ബോളിനു കഴിയും. ഈ ബോളുകളുടെ എക്‌സ്ട്രാ മൂവ്‌മെന്റ് ഇന്ത്യന്‍ ബാറ്റര്‍മാരെ കുഴപ്പത്തിലാക്കുകയും ചെയ്യാറുണ്ട്. വരാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യ ഒരു പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാനിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പുകളുടെ ഫൈനലിലും ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യക്കു കിരീടം നഷ്ടപ്പെടുത്തിയത്. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ മികവുറ്റ സീം ബൗളിങ് നിരയ്‌ക്കെതിരേ ഇന്ത്യന്‍ ബാറ്റിങ് നിര പതറുകയായിരുന്നു. 2021ലെ ഡബ്ല്യുടിസി ഫൈനലില്‍ രണ്ടിന്നിങ്‌സുകളിലും ന്യൂസിലാന്‍ഡിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഇന്ത്യക്കു തിരിച്ചടി നേരിട്ടിരുന്നു.
രണ്ടാമിന്നിങ്‌സില്‍ നാലിനു 109 റണ്‍സെന്ന നിലയില്‍ നിന്നും ഇന്ത്യ 170 റണ്‍സിനു ഓള്‍ഔട്ടായിരുന്നു. ആദ്യ ഇന്നിങ്‌സിലാവട്ടെ മൂന്നിന് 149 റണ്‍സെന്ന ഭേദപ്പെട്ട നിലയില്‍ നില്‍ക്കെ 217നും ഇന്ത്യ പുറത്തായി. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ ഡബ്ല്യുടിസി ഫൈനലിലും ഇന്ത്യയെ ചതിച്ചത് ബാറ്റിങ് ലൈനപ്പാണ്.
2022ല്‍ ഇംഗ്ലണ്ടുമായി ബെര്‍മിങ്ഹാമില്‍ നടന്ന ടെസ്റ്റില്‍ 98 റണ്‍സിനിടെ ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് ഇന്ത്യ പരാജയത്തിലേക്കു വീണത്. ഇതേ രീതിയിലുള്ള കൂട്ടത്തകര്‍ച്ചകള്‍ സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നീവിടങ്ങളിലും ഇന്ത്യക്കു നേരിട്ടിട്ടുണ്ട്.
പുജാരയുടെ പകരക്കാരന്‍ വേണം
മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനു ശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ അടുത്ത വന്‍മതിലായി ഉയര്‍ന്നു വന്ന ബാറ്ററാണ് ചേതേശ്വര്‍ പുജാര. വിദേശത്തെ കടുപ്പമേറിയ സാഹചര്യങ്ങളില്‍ ഇന്ത്യയെ പല തവണ രക്ഷിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ പോരാട്ടവീര്യമാണ്. പക്ഷെ നിലവില്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ടീമിന്റെ ഭാഗമല്ല അദ്ദേഹം.
പുജാരുയുടെ പകരക്കാരനെ ഇന്ത്യക്കു ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. യുവതാരം ശുഭ്മന്‍ ഗില്ലിനാണ് നിലവില്‍ പുജാരയുടെ മൂന്നാം നമ്പര്‍ ഇന്ത്യ നല്‍കിയിരിക്കുന്നത്. പക്ഷെ ഗില്ലിനെ പുജാരയോളം വിശ്വസിക്കാന്‍ കഴിയില്ല. ടെസ്റ്റില്‍ അദ്ദേഹം ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന താരമാണ്.

ബെംഗളൂരു ടെസ്റ്റിലേതു പോലെയൊരു കൂട്ടത്തകര്‍ച്ച നേരിട്ടുമ്പോഴാണ് പുജാരയുടെ സാന്നിധ്യം ഇന്ത്യന്‍ ടീം മിസ് ചെയ്യുക. ഏതു പോസാക്രമണത്തിനും തടയിടാനുള്ള അസാധാരണ പ്രതിരോധമികവും ചങ്കൂറ്റവും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ നിലവിലെ ടെസ്റ്റ് ടീമില്‍ പുജാരയപ്പോലെയൊരു താരമില്ലെന്നത് വലിയ തിരിച്ചടി തന്നെയാണ്.
നിലവിലെ ടീമിലുള്ള യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍ എന്നിവരെല്ലാം അഗ്രസീവ് ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. പുജാരയെപ്പോലെ മികവുള്ള ഒരു ഡിഫന്‍സീവ് ബാറ്റര്‍ ഇപ്പോഴത്തെ ടീമിലില്ല. ഇന്ത്യയുടെ മുന്‍ ഓസീസ് പര്യടനങ്ങളെടുത്താല്‍ അവയിലെല്ലാം പുജാരയുടെ നിര്‍ണായക സംഭാവനകളുണ്ടായിരുന്നതായി കാണാന്‍ സാധിക്കും.
അദ്ദേഹത്തിന്റെ പകരക്കാരനെ ഇനി പെട്ടെന്നു കണ്ടെത്തുക എളുപ്പമല്ല. അതുകൊണ്ടു തന്നെ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവര്‍ ബാറ്റിങില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്.