പൂനെ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടിരിക്കുകയാണ്. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ 113 റണ്‍സിനാണ് പരാജയപ്പെട്ടത്. ഇതോടെ മൂന്ന് മത്സര പരമ്പര 2-0ന് ന്യൂസീലന്‍ഡ് ഉറപ്പിക്കുകയും ചെയ്തു. ന്യൂസീലന്‍ഡ് ആദ്യമായാണ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്നതെന്ന് പറയാം. ഗൗതം ഗംഭീറും രോഹിത് ശര്‍മയും മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ഇന്ത്യക്ക് പഴയ മികവിലേക്കുയരാനാവുന്നില്ല.
ന്യൂസീലന്‍ഡിനെതിരായ തോല്‍വിയും പരമ്പര കൈവിട്ടതും ഇന്ത്യക്ക് വലിയ നാണക്കേടായി മാറിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വരാനിരിക്കെ ഇന്ത്യയുടെ ഫൈനല്‍ സാധ്യത കുറക്കുന്നതാണ് നിലവിലെ തോല്‍വിയെന്ന് പറയാം. എന്നാല്‍ ഇന്ത്യയുടെ കണ്‍തുറപ്പിക്കുന്ന തോല്‍വിയാണിതെന്ന് തന്നെ വിലയിരുത്താം. ഇന്ത്യ ന്യൂസീലന്‍ഡിനോട് നാണംകെട്ടത് പല താരങ്ങള്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. അത് എന്തുകൊണ്ടാണെന്ന് അറിയാം.
സഞ്ജു സാംസണിന് അവസരം വൈകില്ല
ഇന്ത്യയുടെ നിലവിലെ ടെസ്റ്റ് ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതിനായതിനാല്‍ കൂടുതല്‍ അഴിച്ചുപണിയിലേക്ക് പരിശീലകന്‍ ഗൗതം ഗംഭീര്‍ കടന്നേക്കും. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ തുടങ്ങിയ ചില അപ്രതീക്ഷിത താരങ്ങളെ കാണാനാവും. കിവീസിനെതിരായ തോല്‍വിയോടെ വലിയ പൊളിച്ചെഴുത്തിന്റെ ആലോചനകള്‍ ഇന്ത്യ ആലോചിക്കുന്നുണ്ടാവും. ഓസീസ് പരമ്പരക്ക് ശേഷമാവും ഇത് നടപ്പിലാക്കുക.
സഞ്ജു സാംസണെ സംബന്ധിച്ച് ഇത് നല്ല വാര്‍ത്തയാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് സഞ്ജു വിളി കാത്തിരിക്കുകയാണ്. കിവീസ് പരമ്പരയിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ വലിയ പൊളിച്ചെഴുത്തിന് തയ്യാറായാല്‍ സഞ്ജുവിന് വിളി വൈകില്ല. കൂടുതല്‍ ആക്രമണോത്സകതയുള്ള താരങ്ങളെയാണ് ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നത്. യശ്വസി ജയ്‌സ്വാളും സര്‍ഫ്രാസ് ഖാനുമെല്ലാം മികവ് കാട്ടുന്നതുപോലെ സഞ്ജുവിനും ടെസ്റ്റില്‍ മികവ് കാട്ടാനുള്ള അവസരം വൈകാതെ ലഭിച്ചേക്കും.

ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് സഞ്ജു
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സര ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സഞ്ജു സാംസണെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി പരിഗണിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് പരമ്പരയിലേതുപോലെ ഓപ്പണര്‍ റോളിലാവും സഞ്ജു കളിക്കുക. ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടിയ സഞ്ജുവിന് ഇതേ മികവ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ആവര്‍ത്തിക്കാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ കളിച്ചപ്പോള്‍ ഏകദിന സെഞ്ച്വറി നേടാനും സഞ്ജുവിന് സാധിച്ചിരുന്നു. ഈ മികവ് ഇത്തവണ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജു സാംസണ്‍ കേരളത്തിനായി രഞ്ജി ട്രോഫി രണ്ടാം റൗണ്ട് കളിച്ചെങ്കിലും മഴയെത്തുടര്‍ന്ന് മത്സരം പൂര്‍ണ്ണമായി നടന്നില്ല. നിലവില്‍ ചെറിയ പരിക്കിന്റെ പേരില്‍ ഇടവേളയെടുത്തിരിക്കുകയാണ് സഞ്ജു സാംസണ്‍. പൂര്‍ണ്ണ ഫിറ്റ്‌നസോടെ മടങ്ങിയെത്തി ദക്ഷിണാഫ്രിക്കയോട് മിന്നിക്കാന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ കരുതാം.
പുജാരക്കും രഹാനെക്കും പ്രതീക്ഷ വേണോ?
ഇന്ത്യയുടെ കിവീസിനെതിരായ തോല്‍വിക്ക് പിന്നാലെ ഏറ്റവും ചര്‍ച്ചയായത് സ്പിന്നിനെതിരേ നന്നായി കളിക്കുന്ന താരങ്ങളുടെ അഭാവമാണ്. ക്ഷമയോടെ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന താരങ്ങള്‍ നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലില്ലെന്നതാണ് വസ്തുത. ചേതേശ്വര്‍ പുജാര രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടി മികച്ച ഫോമിലാണ്. എന്നാല്‍ ഇന്ത്യ പുജാരയെ തിരിച്ചുവിളിക്കാന്‍ ഇനി യാതൊരു സാധ്യതയുമില്ലെന്ന് പറയാം.
അജിന്‍ക്യ രഹാനെക്കും മടങ്ങിയെത്താന്‍ ആഗ്രഹമുണ്ടെങ്കിലും തിരിച്ചുവരവ് സാധ്യതയില്ലെന്ന് തന്നെ പറയാം. ഇന്ത്യയുടെ പുതിയ പദ്ധതികള്‍ പ്രകാരം കടന്നാക്രമിച്ച് കളിക്കുന്ന താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി മുന്നോട്ട് പോകാനാണ് സാധ്യത കൂടുതല്‍.