Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഇന്ത്യയുടെ കിവീസ് പേടി മാറി!! ടെസ്റ്റില്‍ തൂത്തുവാരല്‍ പ്രതീക്ഷ, കാരണമറിയാം

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയു ക്രിക്കറ്റ് ടെസ്റ്റ് സമനിലയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആദ്യദിനം മഴ കാരണം നേരത്തേ കളി നിര്‍ത്തേണ്ടി വന്നപ്പോള്‍ രണ്ടാംദിനം ഒരോവര്‍ പോലും മല്‍സരം നടന്നതുമില്ല. മൂന്നാംദിനവും മഴ വില്ലനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പരമ്പരയ്ക്കു ശേഷം അടുത്ത മാസം കരുത്തരായ ന്യൂസിലാന്‍ഡുമായിട്ടാണ് ഇന്ത്യയുടെ അടുത്ത റെഡ് ബോള്‍ പരമ്പര.

മൂന്നു ടെസ്റ്റുകളിലാണ് ഇന്ത്യയും കിവീസും ഏറ്റുമുട്ടുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയ ടീമുകളിലൊന്നാണ് ന്യൂസിലാന്‍ഡ്. അതുകൊണ്ടുതന്നെ അവരുമായുള്ള ടെസ്റ്റ് പരമ്പരയെയും ഇന്ത്യ ആശങ്കയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം മാറിയിരിക്കുകയാണ്. കിവികളെ തൂത്തുവാരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും. ഇതിനു പിന്നിലെ കാരണമറിയാം.

NEWZEALAND TEST TEAM

ലങ്കയില്‍ വിറച്ച് കിവികള്‍

ന്യൂസിലാന്‍ഡ് ടീം നിലവില്‍ ശ്രീലങ്കന്‍ പര്യടനത്തിലാണ്. അവിടെ ടെസ്റ്റ് പരമ്പരയില്‍ പതറുകയാണ് ടിം സൗത്തി നയിക്കുന്ന ബ്ലാക്ക് ക്യാപ്‌സ്. ഇന്ത്യന്‍ ടീമിനു സന്തോഷിക്കാന്‍ വക നല്‍കുന്നതും ഇതു തന്നെയാണ്. ഇന്ത്യയുടേതിനു സമാനമായ ലങ്കന്‍ പിച്ചുകളില്‍ അവരുടെ സ്പിന്‍ ബൗളിങിനു മുന്നില്‍ കിവികള്‍ തകര്‍ന്നിരിക്കുകയാണ്.

ഗല്ലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന്റെ തോല്‍വി 63 റണ്‍സിനായിരുന്നു. ഇതേ വേദിയില്‍ നടക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്നിങ്‌സ് പരാജയത്തിലേക്കാണ് കിവികള്‍ നീങ്ങുന്നത്.

ലങ്കയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 602 റണ്‍സിനു മറുപടിയില്‍ കിവികള്‍ ആദ്യ ഇന്നിങ്‌സില്‍ വെറു 88ന് കൂടാരം കയറി. ഫോളോ ഓണ്‍ നേരിടുന്ന അവര്‍ രണ്ടാമിന്നിങ്‌സില്‍ അഞ്ചിനു 157 റണ്‍സെന്ന നിലയിലാണ്. ലങ്കയ്‌ക്കൊപ്പമെത്താന്‍ കിവികള്‍ക്കു ഇനിയും 355 റണ്‍സ് കൂടി വേണം.

മുതലെടുക്കാന്‍ ടീം ഇന്ത്യ

സ്പിന്‍ ബൗളിങിനെതിരേയുള്ള ന്യൂസിലാന്‍ഡിന്റെ ദൗര്‍ബല്യം വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മുതലെടുക്കാന്‍ തന്നെയായിരിക്കും ഇനി ഇന്ത്യയുടെ ശ്രമം. ഇതിനായി സ്പിന്നര്‍മാരെ അകമഴിഞ്ഞു തുണയ്ക്കുന്ന സ്ലോ പിച്ചുകളായിരിക്കും ഇന്ത്യ തയ്യാറാക്കുക.

ലങ്കന്‍ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ അവരേക്കാള്‍ മികച്ച സ്പിന്‍ ബൗളിങ് ലൈനപ്പാണ് ഇന്ത്യക്കുള്ളത്. സ്റ്റാര്‍ സ്പിന്‍ ജോടികളും ഓള്‍റൗണ്ടര്‍മാരുമായ ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ ജോടിയായിരിക്കും ടെസ്റ്റ് പരമ്പരയില്‍ കിവികളുടെ ചിറകരിയുക.

INDIAN TEST TEAM

കൂടാതെ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ്, മിന്നുന്ന ഫോമിലുള്ള സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ എന്നിവരും ഇന്ത്യന്‍ സംഘത്തിലുണ്ടാവും. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചൊരുക്കിയാല്‍ കിവികളെ വളരെ വേഗത്തില്‍ എറിഞ്ഞിട്ട് ടെസ്റ്റ് പരമ്പര അനായാസം തൂത്തുവാരാന്‍ ഇന്ത്യക്കു സാധിക്കും.

ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പര

അടുത്ത മാസം 16 മുതലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുക. അതിനു മുമ്പ് ഒക്ടോബര്‍ ആറു മുതല്‍ ബംഗ്ലാദേശുമായി മൂന്നു ടി20കളുടെ പരമ്പര ഇന്ത്യ കളിക്കും. തുടര്‍ന്നാണ് കിവികളെ നാട്ടിലേക്കു സ്വാഗതം ചെയ്യുക. ഒന്നാം ടെസ്റ്റ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്.

രണ്ടാംടെസ്റ്റ് 24 മുതല്‍ പൂനെയിലും അവസാന ടെസ്റ്റ് നവബര്‍ ഒന്നു മുതല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലും നടക്കും. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ടെസ്റ്റ് പരമ്പരയും കൂടിയാണിത്. കാരണം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ (WTC) ഫൈനലിലേക്കു തുടരെ മൂന്നാം തവണയും യോഗ്യത നേടണമെങ്കില്‍ ഇന്ത്യക്കു ഈ പരമ്പര ജയിക്കേണ്ടതുണ്ട്.

ന്യൂസിലാന്‍ഡുമായുളള പരമ്പരയ്ക്കു ശേഷം ഒരു പരമ്പര മാത്രമേ ഇന്ത്യക്കു ബാക്കിയുള്ളൂ. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഓസ്‌ട്രേലിയക്കെതിരേയാണിത്. നവംബറില്‍ തുടങ്ങുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്.

Story first published: Saturday, September 28, 2024, 15:44 [IST]
Other articles published on Sep 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+