പൂനെ: ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പര ആവേശരമായി മാറിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡ് ഇന്ത്യയെ അപ്രതീക്ഷിതമായി മുട്ടുകുത്തിച്ചിരിക്കുകയാണ്. എട്ട് വിക്കറ്റിനാണ് ഇന്ത്യയെ സന്ദര്‍ശകര്‍ തകര്‍ത്തത്. ഇതോടെ രണ്ടാം ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്.
പൂനെയിലാണ് രണ്ടാം മത്സരം നടക്കുന്നത്. എന്ത് വിലകൊടുത്തും ഇന്ത്യക്ക് മത്സരം ജയിക്കേണ്ടതായുണ്ട്. ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നെങ്കിലും ചില താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തി. അവസരം കാത്ത് പ്രതിഭകള്‍ ബെഞ്ചിലിരിക്കെ ഇന്ത്യ ചിലര്‍ക്ക് പുറത്തേക്ക് വഴിതുറക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.
ഇന്ത്യയെ സംബന്ധിച്ച് രണ്ടാം ടെസ്റ്റ് അഭിമാന പ്രശ്‌നമായതിനാല്‍ പ്ലേയിങ് 11ല്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്. പൂനെ പിച്ച് പേസിന് അനുകൂലമായിട്ടുള്ളതാണ്. ഇന്ത്യ സ്പിന്‍ പിച്ചൊരുക്കിയിറങ്ങാനാണ് സാധ്യതയെങ്കിലും പിച്ചില്‍ സ്വാഭാവികമായും പേസിനാണ് പിന്തുണ. ഇന്ത്യ രണ്ടാം ടെസ്റ്റില്‍ പരിഗണിക്കാന്‍ സാധ്യതയുള്ള 11 എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം.
കെ എല്‍ രാഹുലിന് പകരം ഗില്‍
ആദ്യ ടെസ്റ്റില്‍ പരിക്കിനെത്തുടര്‍ന്ന് ശുബ്മാന്‍ ഗില്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത താരം രണ്ടാം ടെസ്റ്റ് കളിക്കാന്‍ തയ്യാറാണ്. ഗില്‍ തിരിച്ചെത്തുമ്പോള്‍ ആര് വഴിമാറുമെന്നത് വലിയ ചോദ്യമായിരുന്നു. സര്‍ഫറാസ് ഖാന്‍ ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി കരുത്തുകാട്ടിയിരുന്നു. ഗില്ലിന് പകരക്കാരനായി പ്ലേയിങ് 11ലെത്തിയാണ് സര്‍ഫറാസ് മികവ് കാട്ടിയത്. ഈ സാഹചര്യത്തില്‍ സര്‍ഫറാസിനെ തഴയാനാവില്ല. ശുബ്മാന്‍ ഗില്‍ തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുലിനെ ഇന്ത്യ പുറത്താക്കണം.
ആദ്യ ഇന്നിങ്‌സില്‍ ഡെക്കായ രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സാണ് നേടിയത്. അതിവേഗം റണ്‍സുയര്‍ത്താന്‍ സമ്മര്‍ദ്ദത്തെ മറികടക്കാനോ രാഹുലിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ രാഹുലിനെ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്തിരുത്തുന്നതാണ് നല്ലത്.

ജഡേജക്ക് പകരം അക്ഷര്‍
രവീന്ദ്ര ജഡേജക്ക് വേണ്ടി പലവട്ടം ഒതുക്കപ്പെട്ട താരമാണ് അക്ഷര്‍ പട്ടേല്‍. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ ലഭിച്ച അവസരങ്ങളെയെല്ലാം നന്നായി മുതലാക്കിയവനാണ്. എന്നാല്‍ ജഡേജയുടെ അനുഭവസമ്പത്തിന് മുന്നില്‍ പലപ്പോഴും അക്ഷറിന് വഴിമാറേണ്ടി വന്നു. അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ അക്ഷര്‍ നടത്തിയ ബൗളിങ് പ്രകടനം എല്ലാവരേയും വിസ്മയിപ്പിക്കുന്നതായിരുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ ബാറ്റുകൊണ്ടും കരുത്തുകാട്ടാന്‍ അക്ഷറിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ ജഡേജക്ക് പകരം ഇന്ത്യ അക്ഷര്‍ പട്ടേലിന് അവസരം നല്‍കാന്‍ സാധ്യതയുണ്ട്.
കുല്‍ദീപിന് പകരം ആകാശ്ദീപ്
ഇന്ത്യ മൂന്ന് പേസര്‍മാരുമായി പൂനെയില്‍ ഇറങ്ങേണ്ടതായുണ്ട്. ഇന്ത്യന്‍ നിരയില്‍ പേസ് ഓള്‍റൗണ്ടറില്ലാത്തതിനാല്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ കളിപ്പിക്കണം. കുല്‍ദീപ് യാദവിന് പ്രതീക്ഷിച്ച ഫോം കാഴ്ചവെക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യ താരത്തിന് പകരം ആകാശ് ദീപിനെ കളിപ്പിക്കണം. സമീപകാലത്ത് മികച്ച പ്രകടനം നടത്താന്‍ ആകാശിന് സാധിച്ചിട്ടുണ്ട്. കൂട്ടുകെട്ട് പൊളിക്കാന്‍ കഴിവുള്ള പേസര്‍മാരിലൊരാളാണ് ആകാശ് ദീപ്.
ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും അദ്ദേഹത്തിന് കഴിവുണ്ട്. തുടര്‍ച്ചയായി 140നോടടുത്ത് വേഗം കണ്ടെത്താന്‍ ആകാശിന് കഴിവുണ്ട്. കൂടാതെ സ്വിങ് പേസറെന്ന നിലയിലും ടീമിന് ഉപകാരിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യ കുല്‍ദീപിന് പകരം ആകാശ്ദീപിനെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഇടവേളക്ക് ശേഷം നാട്ടില്‍ ടെസ്റ്റ് തോറ്റത് ഇന്ത്യക്ക് വലിയ നാണക്കേടായി മാറിയിട്ടുണ്ടെന്ന് പറയാം.
സാധ്യതാ 11
രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്