ഇന്‍ഡോര്‍: ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ ജീവന്‍മരണ പോരാട്ടാത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് നിര്‍ദേശവുമായി മുന്‍ ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണ്‍. അടുത്ത മല്‍സരം ജയിച്ച് പരമ്പര കൈക്കലാക്കണമെങ്കില്‍ നിര്‍ബന്ധമായും ഒരാളെ കളിപ്പിച്ചേ തീരൂയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഞായറാഴ്ച പകലും രാത്രിയുമായി ഇന്‍ഡോറിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം നടക്കാനിരിക്കുന്നത്. ഇരുടീമുകളും ഓരോ ജയം വീതം നേടി 1-1ന് ഒപ്പമായതിനാല്‍ തീപാറുന്ന പോരാട്ടം തന്നെ അടുത്ത മല്‍സരത്തില്‍ ഉറപ്പിക്കാം.

ഇന്ത്യ വരുത്തേണ്ട മാറ്റമെന്ത്?
മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ബൗളിള് ലൈനപ്പിലാണ് വരുണ്‍ ആരോണ്‍ ഒരു മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ചും പേസ് നിരയില്‍ മാറ്റം വേണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
മൂന്നു പേസര്‍മാരുള്‍പ്പെടുന്ന ടീം കോമ്പിനേഷനാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങിലും ഇന്ത്യ പരീക്ഷിച്ചത്. മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസ് നിരയിലുള്ളത്.
ഭേദപ്പെട്ട പ്രകടനം ഇവര്‍ കാഴ്ചവച്ചെങ്കിലും പ്രതീക്ഷിച്ചതു പോല വിക്കറ്റുകള്‍ ലഭിച്ചില്ല. പ്രത്യേകിച്ചും പവര്‍പ്ലേകളില്‍ വിക്കറ്റ് നേടാന്‍ ഇന്ത്യ വിഷമിച്ചു. ഇതേ തുടര്‍ന്നാണ് ബൗളിങ് കോമ്പിനേഷനില്‍ ഉറപ്പായും ഒരു മാറ്റം അനിവാര്യമായി വന്നിരിക്കുകയാണെന്നു വരുണ്‍ പറയുന്നത്.
ന്യൂബോളില്‍ വിക്കറ്റുകളെടുക്കുകയെന്നത് പ്രധാനമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. അര്‍ഷ്ദീപ് സിങിനെ അടുത്ത മല്‍സരത്തില്‍ തിരികെ കൊണ്ടുവരൂ. ആ മല്‍സരം പരമ്പര വിജയികളെ നിര്‍ണയിക്കുന്നത് കൂടിയാണ്.
എവിടെ കളിച്ചാലും ന്യൂബോളില്‍ വിക്കറ്റെടുക്കുന്നയാളാണ് അര്‍ഷ്ദീപ്. എന്റെ അഭിപ്രായത്തില്‍ ഈ പ്രധാനപ്പെട്ട മല്‍സരത്തില്‍ അര്‍ഷ്ദീപ് ഉറപ്പായും കളിച്ചേ തീരൂവെന്നും വരുണ്‍ വ്യക്തമാക്കി.
പക്ഷെ ഇടംകൈയന്‍ പേസറും ടി20യില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരനുമായ അര്‍ഷ്ദീപ് ടീമിലേക്കു വരുമ്പോള്‍ പകരം ഒഴിവാക്കേണ്ടയാള്‍ ആരാണെന്നു മാത്രം അദ്ദേഹം പറഞ്ഞില്ല. അര്‍ഷ്ദീപ് വരികയാണെങ്കില്‍ സ്ഥാനം തെറിച്ചേക്കുക പ്രസിദ്ധിനായിരിക്കും. കാരണം ബൗളിങില്‍ അദ്ദേഹത്തിനു വലിയ ഇംപാക്ടുണ്ടാക്കാന്‍ അടുത്തിടെയായി സാധിക്കുന്നില്ല.

വേണ്ടത്ര വിക്കറ്റുകള്‍ നേടാന്‍ സാധിക്കുന്നില്ലെന്നു മാത്രമല്ല, ഒരുപാട് റണ്‍സും പ്രസിദ്ധ് വിട്ടുകൊടുക്കുന്നുണ്ട്. ഏകദിന ബൗളറെന്ന നിലയില്‍ അര്‍ഷ്ദീപിന്റെ മികച്ച നമ്പറുകള്‍ തന്നെയാണ് താരത്തെ കളിപ്പിക്കാന്‍ വരുണ്‍ നിര്‍ദേശിക്കാന്‍ കാരണമെന്നുറപ്പാണ്.
ഇതിനകം 14 ഏകദിനങ്ങളിലാണ് പേസര്‍ കളിച്ചിട്ടുള്ളത്. 24.90 ശരാശരിയില്‍ 22 വിക്കറ്റുകളും നേടി. 5.29 ഇക്കോണമി റേറ്റിലാണിത്. വരുണിന്റെ നിര്‍ദേശം പോലെ അടുത്ത മല്‍സരത്തിനുള്ള ഇന്ത്യന്‍ ഇലവനില്‍ മാറ്റങ്ങളുണ്ടാവുമോയെന്നാണ് ഇനി അറിയാനുള്ളത്.
അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങ് നിരയിലെ നിര്‍ണായക താരമാണ് അര്‍ഷ്ദീപ്. ഈ കാരണത്താല്‍ തന്നെയാണ് പരിക്കുകളേല്‍ക്കുന്നത് തടയുന്നതിനായി ഏകദിന പരമ്പരയുടെ ഭാഗമായിട്ടും കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും അദ്ദേഹത്തെ കളിപ്പിക്കാതിരുന്നത്.