രാജ്‌കോട്ട്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ മികച്ച തുടക്കത്തിനു ശേഷം മധ്യ ഓവറുകളില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട് പതറുകയാണ് ഇന്ത്യ. 30 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ നാലു വിക്കറ്റിന് 138 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഒരു സമയത്തു ആറിനടുത്ത് റണ്‍റേറ്റില്‍ മുന്നേറിയ ടീമിന്റെ റണ്‍റേറ്റ് ഇപ്പോള്‍ അഞ്ചില്‍ താഴേക്കു വീണിരിക്കുകയാണ്.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (56), രോഹിത് ശര്‍മ (24), വിരാട് കോലി (23), ശ്രേയസ് അയ്യര്‍ (8) എന്നീ നാലു മുന്‍നിര ബാറ്റര്‍മാരെയും ഇന്ത്യക്കു നഷ്ടമായിക്കിഴഞ്ഞു. 12. ഓവറില്‍ വിക്കറ്റ് പോവാതെ 70 റണ്‍സെന്ന നിലയില്‍ മുന്നേറിയ ശേഷമണ് 24ാം ഓവറില്‍ 118 റണ്‍സായപ്പോഴേക്കും ഇന്ത്യ നാലു വിക്കറ്റുകളും കളഞ്ഞു കുളിച്ചത്. വെറും 48 റണ്‍സിനിടെയാണ് നാലു വിക്കറ്റുകള്‍ ഇന്ത്യ കൈവിട്ടത്.

ഇത്തരമൊരു അപ്രതീക്ഷിത കൂട്ടത്തകര്‍ച്ച ഇന്ത്യക്കു നേരിടാനുള്ള പ്രധാന കാരണക്കാരന്‍ രോഹിത്താണെന്നു പറയേണ്ടിവരും, അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ വലിയൊരു പിഴവ് കാരണമാണ് ടീമിനു പണി കിട്ടിയത്. ഇതു എങ്ങനെയാണെന്നു നമുക്കു പരിശോധിക്കാം.
കുതിച്ചു, പിന്നെ കിതച്ച് ഇന്ത്യ
രോഹിത് ശര്‍മ- ശുഭ്മന്‍ ഗില്‍ ഓപ്പണിങ് ജോടി വളരെ ശ്രദ്ധയോടെയാണ് ഇന്ത്യക്കു വേണ്ടി തുടങ്ങുയത്. ബോളിനു തുടക്കത്തില്‍ നല്ല മൂവ്‌മെന്റ് ലഭിച്ചതിനാല്‍ കൈല്‍ ജാമിസണ്‍, സക്കാരി ഫോക്‌സ് എന്നിവര്‍ക്കെതിരേ കാര്യമായ റിസ്‌കുകള്‍ക്കൊന്നും ഇരുവരും തുനിഞ്ഞില്ല. ആദ്യ അഞ്ചോവറില്‍ വെറും 10 റണ്‍സ് മാത്രമേ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുളളൂ.
എന്നാല്‍ അടുത്ത അഞ്ചോവറില്‍ ഇന്ത്യ ഗിയര്‍ മാറ്റി. ആറം ഓവറില്‍ ഫോക്‌സിനെതിരേ രണ്ടു ഫോറുകളടിച്ച് രോഹിത്താണ് ഇതിനു തുടക്കിട്ടത്. അടുത്ത അഞ്ചോവറില്‍ 47 റണ്‍സ് അടിച്ചെടുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. രോഹിത് ഇടയ്ക്കു അല്‍പ്പം പതറുന്നതായി കാണപ്പെട്ടപ്പോള്‍ ഗില്‍ ഗംഭീര ഫോമിലായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന പല ഷോട്ടുകളും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നു കണ്ടു.
കാര്യമായ റിസ്‌കുകളെടുക്കാതെ തന്നെ ആറിന് തൊട്ടടുത്ത് റണ്‍റേറ്റിലാണ് ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടു പോയത്. ഓരോ ഫോറെങ്കിലും എല്ലാ ഓവറിലും വരികയും ചെയ്തു. 12 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് പോവാതെ 70 റണ്‍സെലെത്തിയിരുന്നു. അടുത്ത ഓവറിലാണ് മല്‍സരഗതിക്ക് വിപരീതമായി രോഹിത് പുറത്തായത്.

130 കിമി വേഗതയുള്ള ഓവറിലെ ആദ്യ ബോള്‍ നേരിട്ടത് രോഹിത്തായിരുന്നു. അദ്ദേഹം അതു മിഡ് വിക്കറ്റിലേക്കു കളിച്ചെങ്കിലും റണ്ണൊന്നുമില്ല. തൊട്ടടുത്ത ബോളില്‍ ക്രീസിനു പുറത്തേക്കിറങ്ങി മിഡ് ഓഫിനു മുകളിലൂടെ ഷോട്ട് കളിക്കാനായിരുന്നു രോഹത്തിന്റെ ശ്രമം. പക്ഷെ ടൈമിങ് അമ്പെ പാളി. സ്വീപ്പര്‍ കവറില്‍ വില്‍ യങ് ഒരു അനായാസ ക്യാച്ചിലൂടെ അദ്ദേഹത്തെ മടക്കി.
യഥാര്‍ഥത്തില്‍ അത്തരമൊരു റിസ്‌കി ഷോട്ടിന്റെ ആവശ്യം അവിടെ ഇല്ലായിരുന്നു. ആറോ അതില്‍ കൂടുതലോ റണ്‍സ് എല്ലാ ഓവറിലും ലഭിക്കവെ രോഹിത് എന്തിന് അങ്ങനെയൊരു ഷോട്ടിനു തുനിഞ്ഞുവെന്നതാണ് ചോദ്യം. അദ്ദേഹത്തെപ്പോലെ അനുഭവ സമ്പത്തുള്ള താരത്തില്‍ നിന്നും ഇത്തരമൊരു അബദ്ധം അംഗീകരിക്കാവുന്നതല്ല. നല്ലൊരു തുടക്കം ടീമിനും തനിക്കും ലഭിച്ച സാഹചര്യത്തില്‍ അതൊരു വലിയ സ്കോറിലെത്തിക്കാനാണ് രോഹിത് ശ്രമിക്കേണ്ടിയിരുന്നത്.
കിവി ബൗളര്‍മാരുടെ ഭാഗത്തു നിന്നും രോഹിത്തിനും ഗില്ലിനും ആ സമയത്തു ഒരു തരത്തിലുള്ള വെല്ലുവിളിയുമുണ്ടയിരുന്നില്ല. എന്നിട്ടും തന്റെ വിലപ്പെട്ട വിക്കറ്റ് രോഹിത് ദാനം ചെയ്യുകയായിരുന്നു.
ടീമിന്റെ പതനം തുടങ്ങിയതും അവിടെ നിന്നാണ്. 38 ബോളില്‍ നാലു ഫോറുള്‍പ്പെട്ടതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. അദ്ദേഹത്തിനു പിന്നാലെ ഗില്ലും ശ്രേയസും കോലിയുമെല്ലാം മടങ്ങിയതോടെ ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലേക്കും വീണു.