ഇന്ത്യ ഇനി ടെസ്റ്റ് കിങ്‌സ്! ലോക റാങ്കിങിലെ പുതിയ നമ്പര്‍ വണ്‍ ടീം

മുംബൈ: ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ വീണ്ടും നമ്പര്‍ വണ്‍. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ 372 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ ടെസ്റ്റിലെ രാജാക്കന്‍മാരായി മാറിയത്. നേരത്തേ റാങ്കിങില്‍ ഒന്നാമതായിരുന്ന നിലവിലെ ടെസ്റ്റ് ലോക ചാംപ്യന്‍മാര്‍ കൂടിയായ ന്യൂസിലാന്‍ഡിനെ പിന്തള്ളിയാണ് ഇന്ത്യ തലപ്പത്തേക്കു കയറിയത്. 119 പോയിന്റുണ്ടായിരുന്ന ഇന്ത്യ അഞ്ചു പോയിന്റ് നേടിയാണ് 124 പോയിന്റോടെ ടെസ്റ്റിലെ ഒന്നാംസ്ഥാനക്കാരായത്. നേരത്തേ 121 പോയിന്റുണ്ടായിരുന്ന കിവികള്‍ അഞ്ചു പോയിന്റുകള്‍ നഷ്ടമായി രണ്ടാംസ്ഥാനത്തേക്കു വീഴുകയും ചെയ്തു. ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ബുധനാഴ്ചയായിരിക്കും പുതിയ റാങ്കിങ് ഐസിസി പുറത്തുവിടുന്നത്.
വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായി ന്യൂസിലാന്‍ഡിനെതിരായ പരമ്പര നേട്ടവും ടെസ്റ്റിലെ ഒന്നാം നമ്പര്‍ പദവിയും തീര്‍ച്ചയായും ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തും. സൗത്താഫ്രിക്കയില്‍ മൂന്നു വീതം ടെസ്റ്റുകളിലാണ് ഇന്ത്യ കളിക്കാനിരിക്കുന്നത്. നാലു ടി20കളുടെ പരമ്പരയും നേരത്തേ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും ഇതു മാറ്റി വച്ചിരിക്കുകയാണ്.

രണ്ടാമത്തെ പരമ്പര
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പര കൂടിയയിരുന്നു ന്യൂസിലാന്‍ഡിനെതിരേയുള്ളത്. നേരത്തേ ഇംഗ്ലണ്ടുമായി അവരുടെ നാട്ടില്‍ നടന്ന പരമ്പര കളിച്ചിരുന്നു. പക്ഷെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ അവസാനത്തെ മല്‍സരം കൊവിഡ് ആശങ്കയെത്തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ പരമ്പര ഇനിയും പൂര്‍ത്തിയായിട്ടില്ല. അടുത്ത വര്‍ഷമാണ് ഈ ടെസ്റ്റ് കളിക്കുന്നതിനായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തുക.

നാട്ടിലെ പ്രകടനം
നാട്ടില്‍ കളിച്ച ടെസ്റ്റ് മല്‍സരങ്ങളുടെ കണക്കെടുത്താല്‍ 2013നു ശേഷം വെറും രണ്ടെണ്ണത്തില്‍ മാത്രമേ ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളൂ. 35 മല്‍സരങ്ങളിലും വിജയം സ്വന്തമാക്കാന്‍ ഇന്ത്യക്കു സാധിച്ചു. മൂന്നു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. അതേസമയം, 1988നു ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് വിജയത്തിനു വേണ്ടിയുള്ള ന്യൂസിലാന്‍ഡിന്റെ കാത്തിരിപ്പ് നീളുകയാണ്. അന്നു മുംബൈയില്‍ വച്ച് ഇന്ത്യയെ പരാജയപ്പെടുത്തിയ ശേഷം ഒരു ടെസ്റ്റ് പോലും ജയിക്കാന്‍ കിവികള്‍ക്കായിട്ടില്ല.

ഇന്ത്യക്കു വമ്പന്‍ വിജയം
മുംബൈ ടെസ്റ്റില്‍ 372 റണ്‍സിനാണ് ന്യൂസിലാന്‍ഡിനെ ഇന്ത്യന്‍ ടീം വാരിക്കളഞ്ഞത്. ടെസ്റ്റില്‍ റണ്‍ മാര്‍ജിനില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്. 540 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമായിരുന്നു ന്യൂസിലാന്‍ഡിന് വിരാട് കോലിയും സംഘവും നല്‍കിയത്. കിവികളുടെ മറുപടി വെറും 167 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. ഡാരില്‍ മിച്ചെല്‍ (60), ഹെന്റി നിക്കോള്‍സ് (44) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി ആര്‍ അശ്വിനും ജയന്ത് യാദവും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തേ ആദ്യ ഇന്നിങ്‌സില്‍ നേടിയ 263 റണ്‍സിന്റെ വലിയ ലീഡാണ് ടെസ്റ്റില്‍ പിടിമുറുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഇന്ത്യ നേടിയ 325 റണ്‍സിനു മറുപടിയില്‍ കിവികള്‍ രണ്ടാം ദിനം വെറും 62 റണ്‍സിനു പുറത്തായപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പാക്കിയിരുന്നു. ന്യൂസിലാന്‍ഡിനെ ഫോളോഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റിനു 276 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.
ന്യൂസിലാന്‍ഡ്- ടോം ലാതം (ക്യാപ്റ്റന്‍), വില്‍ യങ്, ഡാരില്‍ മിച്ചെല്‍, റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലെന്‍ഡല്‍ (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, കൈല്‍ ജാമിസണ്‍, ടിം സൗത്തി, വില്ല്യം സോമര്‍വില്ലെ, അജാസ് പട്ടേല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications