ബംഗളൂരു: ബംഗ്ലാദേശ് പരമ്പരക്ക് ശേഷം ഇന്ത്യയുടെ ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഈ പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയാണ്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഈ പരമ്പരയും ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. ഇന്ത്യക്ക് ഈ രണ്ട് മത്സരങ്ങള്‍ ശേഷിക്കവെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വലിയ ചോദ്യമാവുകയാണ്.
എട്ട് മത്സരങ്ങളാണ് ഇന്ത്യക്ക് ഇനി ശേഷിക്കുന്നത്. ഇതില്‍ മൂന്ന് മത്സരങ്ങള്‍ ജയിക്കാനായാല്‍ ഇന്ത്യക്ക് ആരുടേയും മത്സരഫലങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഫൈനലിലേക്കെത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ന്യൂസീലന്‍ഡിനെതിരായ ഹോം ടെസ്റ്റ് മുതലാക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. എന്നാല്‍ ബംഗളൂരുവില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിന് ശക്തമായ മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ആദ്യത്തെ രണ്ട് ദിവസം മഴ വില്ലനായി മാറാന്‍ സാധ്യതകളേറെയാണ്.
അങ്ങനെ വന്നാല്‍ മത്സരം സമനിലയില്‍ കലാശിക്കാനുള്ള സാധ്യതയും ഉയരും. ഇന്ത്യ-ന്യൂസീലന്‍ഡ് ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മോഹത്തിനത് വലിയ തിരിച്ചടിയായി മാറും. എങ്ങനെയാണെന്ന് പരിശോധിക്കാം.
ഇന്ത്യക്ക് മൂന്ന് ജയം അത്യാവശ്യം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് മൂന്ന് ജയം നേടേണ്ടത് അത്യാവശ്യമാണ്. ഇന്ത്യക്ക് ശേഷിക്കുന്ന ഏക ഹോം സീരിസ് ന്യൂസീലന്‍ഡിനെതിരേയാണ്. മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരുന്നതോടൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റുറപ്പിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ ആദ്യ മത്സരം മഴമൂലം സമനിലയില്‍ അവസാനിക്കേണ്ടി വന്നാല്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റിനെയത് ബാധിക്കും.
ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ജയം നേടേണ്ടത് അത്യാവശ്യമായി മാറും. ഓസ്‌ട്രേലിയയെ അവരുടെ സാഹചര്യത്തില്‍ തോല്‍പ്പിക്കുകയെന്നത് ഇന്ത്യക്ക് ഇതിന് മുമ്പ് സാധിച്ചിട്ടുണ്ടെങ്കിലും ഇത്തവണ വലിയ മുന്നൊരുക്കത്തോടെ എത്തുന്ന ഓസീസിനെ വീഴ്ത്തുക എളുപ്പമല്ല. അതുകൊണ്ടുതന്നെ വലിയ സാഹസത്തിന് നില്‍ക്കാതെ കിവീസ് പരമ്പരയിലൂടെത്തന്നെ ഫൈനല്‍ സീറ്റ് ഉറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

മഴക്ക് ഉയര്‍ന്ന സാധ്യത
ആദ്യ രണ്ട് ദിവസവും മഴമൂലം മത്സരം പൂര്‍ണ്ണമായും ഉപേക്ഷിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ശക്തമായ മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. നിലവില്‍ ബംഗളൂരുവില്‍ നല്ല മഴയുണ്ട്. ബംഗ്ലാദേശിനെതിരേ മഴ വില്ലനായിട്ടും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ ജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രകടനം ന്യൂസീലന്‍ഡിനെതിരേ കാഴ്ചവെക്കാന്‍ ഇന്ത്യക്ക് എളുപ്പമാവില്ല. അതുകൊണ്ടുതന്നെ മഴ വില്ലനായാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവുമെന്ന് നിസംശംയ പറയാം.
പിച്ച് സ്പിന്നിന് അനുകൂലമായിത്തന്നെയാവും ഇന്ത്യ തയ്യാറാക്കുക. ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. അതേ സമയം ശ്രീലങ്കയോട് വിറച്ചാണ് ന്യൂസീലന്‍ഡ് ഇന്ത്യയിലേക്കെത്തുന്നത്. നായകസ്ഥാനത്ത് നിന്ന് ടിം സൗത്തിയെ മാറ്റി പകരം ടോം ലാദത്തിന് കീഴിലാണ് കിവീസ് ഇന്ത്യക്കെതിരേ ഇറങ്ങുന്നത്. ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരനിര ന്യൂസീലന്‍ഡിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ മികച്ച പോരാട്ടം ഇത്തവണ പ്രതീക്ഷിക്കാം.
ഇന്ത്യക്ക് മികച്ച താരനിര
ശക്തമായ താരനിരയോടെയാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടാന്‍ പോകുന്നത്. രോഹിത് ശര്‍മ, വിരാട് കോലി എന്നീ സീനിയര്‍ താരങ്ങള്‍ ബംഗ്ലാദേശിനെതിരേ നിരാശപ്പെടുത്തിയിരുന്നു. കെ എല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍, റിഷഭ് പന്ത് എന്നിവരെല്ലാം മികച്ച ഫോമിലാണ് കളിക്കുന്നത്. ഓസീസ് പരമ്പരക്ക് മുമ്പ് ഇന്ത്യയുടെ യുവതാരനിരയുടെ കരുത്ത് പരിശോധിക്കപ്പെടുന്ന പരമ്പര കൂടിയാണിത്. ഇന്ത്യ എന്ത് വിലകൊടുത്തു പരമ്പര അലമാരയിലെത്തിക്കാന്‍ ശ്രമം നടത്തുമെന്ന് നിസംശയം പറയാം. എന്നാല്‍ അതൊട്ടും എളുപ്പമായേക്കില്ല.