IND vs NZ: ഇന്ത്യക്കു വന്‍ ഷോക്ക്, ടെസ്റ്റ് പരമ്പരയ്ക്കു രാഹുല്‍ ഇല്ല!- പുതിയ ഓപ്പണിങ് ജോടി

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിനെതിരേ വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റിനു മുമ്പ് ഇന്ത്യക്കു അപ്രതീക്ഷിത ഷോക്ക്. പരിക്കു കാരണം ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുല്‍ ടെസ്റ്റ് പരമ്പരയില്‍ നിന്നും പിന്‍മാറി. ഇടതു കാല്‍ത്തുടയിലെ പേശിക്കേറ്റ പരിക്കു കാരണമാണ് രാഹുല്‍ വിട്ടുനില്‍ക്കുന്നതെന്നും പകരക്കാരനായി സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയതായും ബിസിസിഐ അറിയിച്ചു.
ഇന്ത്യയെ സംബന്ധിച്ച് വലിയ ആഘാതം തന്നെയാണിത്. കാരണം രോഹിത് ശര്‍മ നേരത്തേ തന്നെ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നില്ല. ടി20 ടീമിന്റെ പുതിയ നായകന്‍ കൂടിയായ അദ്ദേഹത്തിനു പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. ക്യാപ്റ്റന്‍ വിരാട് കോലിക്കും ആദ്യ ടെസ്റ്റില്‍ വിശ്രമമമാണ്. ഇപ്പോള്‍ രാഹുലിനെക്കൂടി നഷ്ടമായതോടെ ഇന്ത്യന്‍ ബാറ്റിങിനെ ഇതു കൂടുതല്‍ ദുര്‍ബലമാക്കിയിരിക്കുകയാണ്. കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് മല്‍സരത്തില്‍ ഇന്ത്യയെ നയിക്കുന്നത്.

പുതിയ ഓപ്പണിങ് ജോടി
രോഹിത്തിനു പിന്നാലെ രാഹുലിനെക്കൂടി നഷ്ടമായതോടെ രണ്ടു ടെസ്റ്റുകളിലും ഇന്ത്യക്കു പുതിയ ഓപ്പണിങ് ജോടിയെ ഇറക്കേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. മായങ്ക് അഗര്‍വാളും ശുഭ്മാന്‍ ഗില്ലുമായിരിക്കും ഇന്ത്യക്കു വേണ്ടി ഈ ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ നാലു ടെസ്റ്റുകളിലും കളിച്ചിട്ടില്ലാത്ത താരങ്ങള്‍ കൂടിയാണ് രണ്ടു പേരും. രോഹിത് ശര്‍മയും രാഹുലുമായിരുന്നു പരമ്പരയിലെ നാലു ടെസ്റ്റുകളിലും ഓപ്പണര്‍മാരായി ഇറങ്ങിയത്. മികച്ച പ്രകടനം നടത്താനും ഈ ജോടിക്കായിരുന്നു. ജൂണില്‍ നടന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലാണ് ഗില്‍ അവസാനമായി കളിച്ചത്. അന്നു രോഹിത്തും ഗില്ലുമായിരുന്നു ഓപ്പണര്‍മാര്‍.

മായങ്കിന്‍റെ അവസാന മല്‍സരം
മായങ്കാവട്ടെ ഡിസംബര്‍- ജനുവരി മാസങ്ങളിലായി നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു അവസാനമായി ഓപ്പണറായി കളിച്ചത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിനു പരമ്പരയ്ക്കിടെ സ്ഥാനം നഷ്ടമാവുകയും പകരം ഗില്‍ ഓപ്പണിങിലേക്കു വരികയുമായിരുന്നു. രോഹിത്- ഗില്‍ സഖ്യ ഈ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയതോടെ ടെസ്റ്റിലെ സ്ഥിരം കോമ്പിനേഷനായി ഇവര്‍ മാറി.
എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനിടെയേറ്റ പരിക്ക് ഗില്ലിനു ടീമില്‍ സ്ഥാനം നഷ്ടപ്പെടുത്തി. ഇതോടെ രോഹിത്തും മായങ്കും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഓപ്പണ്‍ ചെയ്യാനിരിക്കെ ഒന്നാം ടെസ്റ്റിനു മുമ്പ് മായങ്കിനും പരിക്കേറ്റു. തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രാഹുലിന് ഓപ്പണറാവാന്‍ അവസരം ലഭിക്കുന്നത്. തനിക്കു ലഭിച്ച അവസരം നന്നായി മുതലെടുത്ത അദ്ദേഹം തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ ടീമില്‍ തുടരുകയുമായിരുന്നു.

ടി20 പരമ്പയില്‍ രാഹുല്‍ മിന്നി
നേരത്തേ ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പയില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ രാഹുലിനായിരുന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച് പരമ്പര പോക്കറ്റിലാക്കിയതിനാല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കുകയായിരുന്നു. ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ടായിരുന്നു ഇത്. പക്ഷെ പരിക്ക് വില്ലനായതോടെ ടെസ്റ്റ് പരമ്പര രാഹുലിന് നഷ്ടമായിരിക്കുകയാണ്.
ന്യൂസിലാന്‍ഡിനെതിരേ മായങ്കും ഗില്ലും ഓപ്പണര്‍മാരായി ഇറങ്ങുമെന്നുറപ്പായതോടെ മധ്യനിരയില്‍ കോലിയുടെ പൊസിഷനായ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. രണ്ടു പേരും ടെസ്റ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരങ്ങളാണ്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
വിരാട് കോലി (ആദ്യ ടെസ്റ്റിനില്ല, രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍), ചേതേശ്വര്‍ പുജാര, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, വൃധിമാന്‍ സാഹ, ശ്രീകര്‍ ഭരത്, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications