ബെംഗളൂരു: ചെറിയൊരു ബ്രേക്കിനു ശേഷം ടീം ഇന്ത്യ വീണ്ടും റെഡ് ബോള്‍ ക്രിക്കറ്റിന്റെ ചൂടിലേക്കു കടക്കുകയാണ്. ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കു ബുധനാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടക്കമാവും. രോഹിത് ശര്‍മയ്ക്കു കീഴില്‍ കിവികളുമായി മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലാണ് രോഹിത് ശര്‍മയും സംഘവും കൊമ്പുകോര്‍ക്കുക.
ബംഗ്ലാദേശുമായി സമാപിച്ച രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയെങ്കിലും ടോം ലാതം നയിക്കുന്ന ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു ജയം അത്ര എളുപ്പമായേക്കില്ല. അവസാനമായി ശ്രീലങ്കയ്‌ക്കെതിരേ കളിച്ച ടെസ്റ്റ് പരമ്പരയിലേറ്റ 0-2ന്റെ നാണക്കേട് ഇന്ത്യക്കെതിരേ മായ്ച്ചു കളയാനായിരിക്കും അവരുടെ ശ്രമം. ബെംഗളൂരു ടെസ്റ്റിലെ പിച്ചിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

പിച്ച് എങ്ങനെ?
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനായി തയ്യാറാക്കിയിരിക്കുന്ന പിച്ച് സാധാരണ ഇവിടെ കണ്ടുവരുന്ന പിച്ചുകളില്‍ നിന്നും അല്‍പ്പം വ്യത്യസ്തമാണെന്നാണ് വിവരം. ആദ്യദിനം മുതല്‍ തന്നെ സ്പിന്നര്‍മാരെ തുണയ്ക്കാറുള്ള പിച്ചുകളാണ് സാധാരണയായി ഇന്ത്യയില്‍ കളിക്കുന്ന ടെസ്റ്റുകള്‍ക്കായി ഉപയോഗിക്കാറുള്ളത്. പക്ഷെ നാളെയാരംഭിക്കുന്ന ആദ്യ ടെസ്റ്റിലെ പിച്ച് അല്‍പ്പം വ്യത്യസ്തമാണ്.
എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചില്‍ നല്ല രീതിയിലുള്ള പച്ചപ്പ് കാണാന്‍ സാധിക്കും. ഇതു ഫാസ്റ്റ് ബൗളര്‍മാര്‍ക്കു സന്തോഷിക്കാന്‍ വക നല്‍കുന്നതാണ്. പേസര്‍മാര്‍ക്കു ഈ പിച്ചില്‍ നിന്നും ന്യൂബോള്‍ കൊണ്ടു തുടക്കത്തില്‍ മികച്ച രീതിയിലുള്ള സഹായം ലഭിക്കും. ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ കിവി പേസര്‍മാര്‍ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ട്.
എന്നാല്‍ ഒന്നാംദിനത്തിലെ കുറച്ചു സെഷനുകളില്‍ മാത്രമേ പേസര്‍മാര്‍ക്കു ഈ തരത്തില്‍ പിച്ചിന്റെ ആനുകൂല്യം ലഭിക്കാനിടയുള്ളൂ. മല്‍സരം പുരോഗമിക്കവെ വിക്കറ്റിലെ ഈര്‍പ്പം നഷ്ടപ്പെടുകയും ഇതു ബാറ്റര്‍മാരെ സഹായിക്കുകയും ചെയ്യും. ട്രാക്ക് വരണ്ടതായി മാറവെ മൂന്നാം ദിനം മുതല്‍ സ്പിന്നര്‍മാര്‍ക്കു പിച്ചില്‍ നിന്നും മികച്ച രീതിയിലുള്ള ടേണ്‍ ലഭിക്കുകയും ചെയ്യും.
മൂന്നു പേസര്‍മാരെ കളിപ്പിക്കുമോ?
ബെംഗളൂരു പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് മൂന്നു ഫാസ്റ്റ് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷനാവും ഇന്ത്യ പരീക്ഷിച്ചേക്കുകയെന്നാണ് സൂചനകള്‍. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജും ആകാശ്ദീപും പേസ് നിരയിലുണ്ടാവും. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനമായിരിക്കും സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുക.

ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പരയിലും ഈ ജോടിയാണ് സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. ബൗളിങിനൊപ്പം ബാറ്റിങിലും ഇരുവരും ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു. ജഡ്ഡുവും അശ്വിനും പ്ലെയിങ് ഇലവനിലേക്കു വരുമ്പോള്‍ അക്ഷര്‍ പട്ടേലിനും കുല്‍ദീപ് യാദവിനും വീണ്ടും സൈഡ് ബെഞ്ചിലായിരിക്കും സ്ഥാനം.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോ്ലി, കെഎല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
ന്യൂസിലാന്‍ഡ്- ഡെവണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, മാര്‍ക്ക് ചാപ്മാന്‍, വില്‍ യങ്, ഡാരില്‍ മിച്ചെല്‍, ടോം ലാതം (ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചെല്‍ സാന്റ്നര്‍, രചിന്‍ രവീന്ദ്ര, ടോം ബ്ലെണ്ടല്‍, അജാസ് പട്ടേല്‍, ബെന്‍ സിയേഴ്സ്, മാറ്റ് ഹെന്‍ട്രി, ടിം സൗത്തി, വില്യം ഒറൂര്‍ക്കി.