ബെംഗളൂരു: ന്യൂസിലാന്‍ഡുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിന്റെ തുടക്കം പാളിയിരിക്കുകയാണ്. എട്ടോവര്‍ ആവുമ്പേഴേക്കും നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്കു നഷ്ടമായി. 16 ബോളില്‍ വെറും രണ്ടു റണ്‍സ് മാത്രമേ ഹിറ്റ്മാന് കുറിക്കാനായുള്ളൂ. ടിം സൗത്തിയുടെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായാണ് അദ്ദേഹം ക്രീസ് വിട്ടത്.
നാലാം ഓവറില്‍ ഒരു റണ്‍സില്‍ തന്നെ രോഹിത് പുറത്താവേണ്ടതായിരുന്നു. എന്നാല്‍ അംപയര്‍ അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. അംപയറുടെ തീരുമാനത്തോടു അവിശ്വസനീയതോടെയാണ് ന്യൂസിലാന്‍ഡ് പ്രതികരിച്ചത്. ഇത്രയും ഭാഗ്യശാലിയായ മറ്റൊരു താരം വേറെയുണ്ടാവില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

രോഹിത്തിന്റെ രക്ഷപ്പെടല്‍
ഫാസ്റ്റ് ബൗളര്‍ മാറ്റ് ഹെന്‍ട്രിയെറിഞ്ഞ നാലാം ഓവറിലെ ആദ്യത്തെ ബോളിലായിരുന്നു രോഹിത് ശര്‍മയുടെ അവിശ്വസനീയ രക്ഷപ്പെടല്‍. മിഡില്‍ സ്റ്റംപ് ഏരിയയില്‍ പിച്ച് ചെയ്ത ലെങ്ത്ത് ബോളായിരുന്നു ഹെന്‍ട്രി പരീക്ഷിച്ചത്. ലെഗ് സൈഡിലേക്കു കളിക്കാന്‍ രോഹിത് ശ്രമിച്ചെങ്കിലും കണക്ടായില്ല. ബോള്‍ നേരെ അദ്ദേഹത്തിന്റെ പിന്‍കാലിലാണ് പതിച്ചത്.
അതു വിക്കറ്റ് തന്നെയാണെന്ന ഉറപ്പില്‍ ഹെന്‍ട്രിയും കിവി താരങ്ങളും ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നോട്ടൗട്ട് വിധിക്കുകയായിരുന്നു. ഇതോടെ കിവി നായകന്‍ ടോം ലാതം റിവ്യു എടുക്കുക്കുകയും ചെയ്തു. തേര്‍ഡ് അംപയര്‍ റീപ്ലേ പരിശോധിച്ചപ്പോള്‍ അള്‍ട്രാ എഡ്ജില്‍ ഒന്നും തന്നെ കണ്ടില്ല. തുടര്‍ന്നു ബോള്‍ ട്രാക്കിങ് പരിശോധിച്ചു.
പിച്ച് ചെയ്ത ശേഷം ബോള്‍ മിഡില്‍ സ്റ്റംപിലെ ബേല്‍സിലാണ് പതിക്കുകയെന്നും തെളിഞ്ഞു. പക്ഷെ അംപയേഴ്‌സ് കോള്‍ രോഹിത്തിന്റെ രക്ഷയ്‌ക്കെത്തി. ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനം തന്നെ തേര്‍ഡ് അംപയറും ശരി വയ്ക്കുകയായിരുന്നു. ഇതു കണ്ട് രോഹിത് ആശ്വാസത്തോടെ നിന്നപ്പോള്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ വലിയ ഞെട്ടലിലായിരുന്നു.
ഈ തരത്തില്‍ ആയുസ് നീട്ടിക്കിട്ടിയിട്ടും രോഹിത്തിന് മികച്ചൊരു ഇന്നിങ്‌സാക്കി ഇതു മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ല. ഏഴാം ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെ അദ്ദേഹം പുറത്താവുകയും ചെയ്തു. ഇതിനിടെ അക്കൗണ്ടിലേക്കു ചേര്‍ക്കാനായത് ഒരേയൊരു റണ്‍സ് മാത്രം. ഏഴാം ഓവറിലെ മൂന്നാമത്തെ ബോളില്‍ രോഹിത് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
രോഹിത്തിന് പരിഹാസം
അംപയേഴ്‌സ് കോള്‍ (Umpires Call) എന്ന നിയമത്തിന്റെ ആനുകൂല്യം കൊണ്ടു മാത്രം പുറത്താവലില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട രോഹിത് ശര്‍മയെ സോഷ്യ മീഡിയയില്‍ ആരാധകര്‍ രൂക്ഷമായി പരിഹസിക്കുകയുംചെയ്തു.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേക്കാള്‍ ഭാഗ്യശാലിയായ മറ്റൊരു ക്രിക്കറ്റര്‍ ലോകത്തുണ്ടാവില്ല. എങ്ങനെയാണ് അദ്ദേഹം എല്‍ബിഡബ്ല്യുവില്‍ നിന്നും രക്ഷപ്പെട്ടതെന്നു മനസ്സിലാവുന്നില്ല. ഈ തരത്തിലുള്ള ഭാഗ്യം ഇല്ലായിരുന്നെങ്കില്‍ മറ്റൊരു ആകാശ് ചോപ്രയായി രോഹിത് മാറുമായിരുന്നുവെന്നും ആരാധകര്‍ പരിഹസിക്കുന്നു.
രോഹിത് ശര്‍മയുടെ ഭാഗ്യം അവിശ്വസനീയം തന്നെയാണ്. അതു ഔട്ടാണെന്നു കണ്ടവര്‍ക്കെല്ലാം അറിയാം. ഓണ്‍ഫീല്‍ഡ് അംപയര്‍ ഇന്ത്യന്‍ ടീമിന്റെ ഫാനാണോ? എന്തുകൊണ്ടാണ് അദ്ദേഹം രോഹിത്തിനും ഇന്ത്യന്‍ ടീമിനും അനുകൂലമായി തീരുമാനമെടുത്തതെന്നും ആരാധകര്‍ ചോദിക്കുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
ന്യൂസിലാന്‍ഡ്- ടോം ലാതം (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ബ്ലെണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്‍ട്രി, വില്‍ ഒറൂര്‍ക്കി, അജാസ് പട്ടേല്‍.