ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന്റെ തുടക്കം പാളിയിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കിവികള്‍ക്ക് രണ്ടോവറിനിടെ തന്നെ ഓപ്പണമാരെ നഷ്ടമായി. ഹെന്‍ട്രി നിക്കോള്‍സ് (0), ഡെവന്‍ കോണ്‍വേ (5) എന്നിവരെയാണ് വന്നതു പോലെ തന്നെ മടക്കിയത്.
വെറും നാലു ബോളിന്റെ ഗ്യാപ്പിലാണ് ആഈ രണ്ടു വിക്കറ്റുകളും ഇന്ത്യ കൈക്കലാക്കിയതെന്നു കാണാം. ഇതിനു ടീമിനെ സഹായിച്ചതാവട്ടെ നായന്‍ ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയുമാണ്. അദ്ദേഹത്തിന്റെ ഒരു മാസ്റ്റര്‍ സ്‌ട്രോക്ക് ടീമിനു സ്വപ്തുല്യമായ തുടക്കവും സമ്മാനിക്കുകയായിരുന്നു. ഗില്ലിന്റെ ക്യാപ്റ്റന്‍സി കിവികളെ ബാക്ക്ഫൂട്ടിലാക്കിയത് എങ്ങനെയെന്നു നോക്കാം.

ഗില്ലിന്റെ ക്യാപ്റ്റന്‍സി
രാജ്‌കോട്ടിലെ രണ്ടാം ഏകദിനത്തില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങിയത്. മോശം ഫോമിലുള്ള വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി പകരം അര്‍ഷ്ദീപ് സിങിനെ കളിപ്പിക്കുകയായിരുന്നു. ന്യൂബോളിലെ മികവ് കാരണം ആദ്യ ഓവര്‍ തന്നെ അദ്ദേഹത്തിനു നായകന്‍ ശുഭ്മന്‍ ഗില്‍ നല്‍കുകയും ചെയ്തു.
ഡോട്ട് ബോളുമായി തുടങ്ങിയെങ്കിലും രണ്ടാമത്തെ ബോള്‍ ഡെവന്‍ കോണ്‍വേ ബാക്ക്‌വേര്‍ഡ് പോയിന്റിലൂടെ ബൗണ്ടറി കടത്തി. അടുത്ത ബോളില്‍ സിംഗിളെടുത്ത് അദ്ദേഹം സ്‌ട്രൈക്ക് ഹെന്‍ട്രി നിക്കോള്‍സിനു കൈമാറി. എന്നാല്‍ ആദ്യ ബോളില്‍ തന്നെം നിക്കോള്‍സിനെ മടക്കി അര്‍ഷ്ദീപ് ടീമിനു ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചു.
അര്‍ധമനസോടെ നിക്കോള്‍സ് ബാറ്റ് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇന്‍സൈഡ് എഡ്ജായ ബോള്‍ അകത്തേക്കു വന്ന് വിക്കറ്റുളകളില്‍ പതിക്കുകയായിരുന്നു. ഇതോടെ സ്തബ്ധനായ നിക്കോള്‍സിനു നിരാശനായി ക്രീസ് വിടേണ്ടിയും വന്നു. ഓവറിലെ തുടര്‍ന്നുള്ള രണ്ടു ബോളിലും റണ്ണൊന്നുമില്ല. പുതുതായി ക്രീസിലെത്തിയ വില്‍ യങാണ് സ്‌ട്രൈക്ക് നേരിട്ടത്.
രണ്ടാം ഓവറിലായിരുന്നു ഗില്ലിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക് കണ്ടത്. പരിചയ സമ്പന്നനായ മുഹമ്മദ് സിറാജ് ഈ ഓവര്‍ ബൗള്‍ ചെയ്യുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച ഗില്‍ പരീക്ഷിച്ചതാവട്ടെ ടീമിലെ മൂന്നാമത്തെ പേസറായ ഹര്‍ഷിത് റാണയെയാണ്. അതിനൊരു കാരണം കൂയുണ്ട്. കോണ്‍വേയ്‌ക്കെതിരേ ഹര്‍ഷിത്തിന്റെ ഗഭീര റെക്കോര്‍ഡാണ് ഗില്ലിനെ ഇതിനു പ്രേരിപ്പിച്ചത്.

ആദ്യ രണ്ട് ഏകദിനങ്ങളിലും കോണ്‍വേയെ മടക്കിയത് ഹര്‍ഷിത്താണ്. ഇതിന്റെ സമ്മര്‍ദ്ദം തീര്‍ച്ചയായും കിവി ഓപ്പണര്‍ക്കുണ്ടാവുമെന്നും ഗില്‍ കണക്കുകൂട്ടി. ഇന്ത്യന്‍ നായകന്റെ ഈ തീരുമാനം പാളിയതുമില്ല. ആദ്യ ബോളില്‍ തന്നെ കോണ്‍വേയെ ഹര്‍ഷിത് പുറത്താക്കി. ഓഫ്സ്റ്റംപ് ഏരിയയില്‍ ബാക്ക് ഓഫ് എ ലെങ്ത്ത് ബോളാണ് താരം പരീക്ഷിച്ചത്.
നിക്കോള്‍സിനെ പോലെ കളിക്കണോ, അതോ ഒഴിവാക്കണോയെന്ന രണ്ടു മനസ്സിലായിരുന്നു കോണ്‍വേ. ഇതോടെ എഡ്ജായ ബോള്‍ നേരെ ഫസ്റ്റ് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തുകയും ചെയ്തു. ഇതോടെ വെറും നാലു ബോളിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായ ന്യൂസിലാന്‍ഡ് രണ്ടു വിക്കറ്റിനു അഞ്ചു റണ്‍സിലേക്കും കൂപ്പുകുത്തുകയയായിരുന്നു.