രാജ്‌കോട്ട്: രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനോടേറ്റ ഞെട്ടിക്കുന്ന തോല്‍വി ശരിക്കും ഇന്ത്യയുടെ കണ്ണു തുറപ്പിക്കുന്നതാണ്. മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാനായില്ലെന്നു മാത്രമല്ല വളരെ എളുപ്പം അതു ചേസ് ചെയ്യാന്‍ കിവികളെ ഇന്ത്യ അനുവദിക്കുക കൂടി ചെയ്തു. 284 റണ്‍സെന്നത് ഏതു പിച്ചിലും തീര്‍ച്ചയായുമൊരു വിന്നിങ് ടോട്ടലാണ്.
പക്ഷെ രണ്ടിലേറെ ഓവര്‍ ബാക്കിനില്‍ക്കെ വെറും മൂന്നു വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് ഇതു പിന്തുടര്‍ന്ന് ജയിച്ചത്. ഇതിനു പഴി കേള്‍ക്കേട്ട പ്രധാനപ്പെട്ടയാള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. നായകനെന്ന നിലയില്‍ അദ്ദേഹം തികഞ്ഞ പരാജമായിരുന്നു. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ടീമിനു വലിയ പ്രതീക്ഷയും വേണ്ടെന്നു തന്നെ പറയേണ്ടി വരും.

ഗില്ലിന്റെ ക്യാപ്റ്റന്‍സി
ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ഏകദിനത്തില്‍ ഒട്ടും അഗ്രസീവായ ക്യാപ്റ്റന്‍സിയായിരുന്നില്ല ശുഭ്മന്‍ ഗില്ലിന്റേതെന്നു കാണാം. മികച്ച ബൗള്‍മാരുണ്ടായിട്ടും അവരെ വേണ്ട രീതിയില്‍ ഉപയോഗിക്കാനോ, അഗ്രസീവായ ഫീല്‍ഡ് സെറ്റ് ചെയ്ത് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനോ അദ്ദേഹത്തിനായില്ല.
നിലവിലെ ഇന്ത്യന്‍ ടീമിലെ പ്രീമിയം ഫാസ്റ്റ് ബൗളറാണ് മുഹമ്മദ് സിറാജ്. ഇപ്പോഴത്തെ പേസ് നിരയില്‍ ഏറ്റവും അനുഭവസമ്പത്തുള്ളതും അദ്ദേഹത്തിനാണ്. അതുകൊണ്ടു തന്നെ മധ്യ ഓവറുകളില്‍ മറ്റു ബൗളര്‍മാര്‍ക്കു ഡാരില്‍ മിച്ചെല്‍-വില്‍ യങ് സഖ്യത്തെ വേപിരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സിറാജിനെ ഗില്‍ തിരിച്ചുവിളിക്കേണ്ടതായിരുന്നു. പക്ഷെ അദ്ദേഹത്തിന് ഈ ബുദ്ധി തോന്നിയില്ല.
സ്പിന്നര്‍മാരെ നേരിടാന്‍ മിടുക്കരായ മിച്ചെലിനും യങിനുമെതിരേ രവീന്ദ്ര ജഡേജയെയും കുല്‍ദീപ് യാദവിനെയും ഗില്‍ മാറി മാറി പരീക്ഷിക്കുകയായിരുന്നു. യാതൊരു കൂസലുമില്ലാതെ ഇരുവരും ഇവരെ കൈകാര്യവും ചെയ്തു.
37ാം ഓവറിലാണ് രണ്ടാമത്തെ സ്‌പെല്ലെറിയാന്‍ സിറാജിനെ ക്യാപ്റ്റന്‍ തിരികെ കൊണ്ടുന്നത്. അപ്പോഴേക്കും മല്‍സരം ഏറെക്കുറെ കൈവിട്ടു പോയിരുന്നു. രണ്ടു വിക്കറ്റിന് 200 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു അപ്പോള്‍ കിവീസ്.
ആദ്യ അഞ്ചോവറില്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും വെറും 15 റണ്‍സ് മാത്രമേ സിറാജ് വഴങ്ങിയുള്ളൂ. കളിയുടെ മധ്യ ഓവറുകളില്‍ ഒന്നോ, രണ്ടോ ടൈറ്റ് ഓവറുകള്‍ അദ്ദേഹം എറിഞ്ഞിരുന്നെങ്കില്‍ അതു ടീമിനു വിക്കറ്റും അതു വഴി ബ്രേക്ക്ത്രൂയും നല്‍കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. പക്ഷെ സിറാജിനെ അവസാനത്തേക്കു മാറ്റി വയ്ക്കാനുള്ള ഗില്ലിന്റെ നീക്കം വലിയ മണ്ടത്തരമായി മാറി.

ഈ മല്‍സരത്തില്‍ അദ്ദേഹം കാണിച്ച മറ്റൊരു അബദ്ധം സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ കാര്യമായി ഉപയോഗിച്ചില്ലെന്നതാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി ടീമിലെടുത്ത നിതീഷ് വെറും രണ്ടോവറാണ് ബൗള്‍ ചെയ്തത്. 6.5 ഇക്കോണമി റേറ്റില്‍ വിട്ടുകൊടുത്തതാവട്ടെ 13 റണ്‍സുമാണ്.
12ാം ഓവറിലാണ് നിതീഷ് ആദ്യമായി പന്തെറിയാനെത്തിയത്. മൂന്നു സിംഗിളുകള്‍ മാത്രമേ വഴങ്ങിയുള്ളൂ. അടുത്ത ഓവറിലെ ആദ്യ അഞ്ചു ബോളില്‍ നാലു റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിന്റെ അവസാന ബോള്‍ സിക്‌സിലും കലാശിച്ചു. ഇതോടെ ബൗളിങില്‍ നിന്നും നിതീഷിനെ പിന്‍വലിച്ച ഗില്‍ പിന്നീടൊരിക്കലും ബോള്‍ നല്‍കിയതുമില്ല.
കുല്‍ദീപ് ഒമ്പതിനടുത്ത് ഇക്കോണമി റേറ്റില്‍ റണ്‍സ് വാരിക്കോരി നല്‍കിയിട്ടും അദ്ദേഹത്തിന്റെ 10 ഓവര്‍ ക്വാട്ട ഗില്‍ പൂര്‍ത്തിയാക്കി. പക്ഷെ അതിനേക്കാള്‍ ഭേദപ്പെട്ട ബൗളിങ് കാഴ്ചവച്ച നിതീഷിനു വെറും രണ്ടോവറുകള്‍ മാത്രം. ബൗളിങില്‍ അദ്ദേഹത്തെ ഇത്രയും വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിന് ടീമിലെടുക്കുന്നുവെന്നതാണ് ചോദ്യം.